ലോസ് ആഞ്ചല്‍സ്: ന്യൂ ഇയര്‍ ഈവ് ദിനത്തില്‍ ലോസ് ആഞ്ചലസില്‍ ബോംബ് ആക്രമണം നടത്താനുള്ള 'വിശ്വസനീയമായ ഭീഷണി' എഫ് ബി ഐ വാരാന്ത്യത്തില്‍ പരാജയപ്പെടുത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ അറിയിച്ചു. ന്യൂ ഓര്‍ലന്‍സില്‍ ആക്രമണം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് മറ്റൊരു വ്യക്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ ഇയര്‍ ഈവ് ദിനത്തില്‍ ലോസ് ആഞ്ചലസിലെ അഞ്ച് വ്യത്യസ്ത ഇടങ്ങളെ ലക്ഷ്യമിട്ട് ഏകോപിതമായ ഐ ഇ ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ബോംബ് ആക്രമണങ്ങള്‍ നടത്താനായിരുന്നു പദ്ധതയെന്ന് പട്ടേല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
അറസ്റ്റിലായവര്‍ 'ടര്‍ട്ടില്‍ ഐലന്‍ഡ് ലിബറേഷന്‍ ഫ്രണ്ട്' (ടി ഐ എല്‍ എഫ്) എന്ന സംഘടനയുടെ റാഡിക്കല്‍ ഉപവിഭാഗത്തില്‍പ്പെട്ടവരാണെന്നും ഈ സംഘടന പ്രോ-പാലസ്തീന്‍, നിയമ വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ ആശയങ്ങളുള്ളവരാണെന്നും പട്ടേല്‍ പറഞ്ഞു.
അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി തിങ്കളാഴ്ച ടി ഐ എല്‍ എഫിനെ അതി ഇടതുപക്ഷ, പ്രോ-പാലസ്തീന്‍, സര്‍ക്കാര്‍ വിരുദ്ധ, ആന്റി-ക്യാപിറ്റലിസ്റ്റ് സംഘടനയായി വിശേഷിപ്പിച്ചു.
ന്യൂ ഇയര്‍ ഈവ് ദിനത്തില്‍ കാലിഫോര്‍ണിയയിലെ നിരവധി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഏകോപിത ബോംബ് ആക്രമണങ്ങള്‍ നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റുകളെയും അവരുടെ വാഹനങ്ങളെയും ലക്ഷ്യമിടാനും അവര്‍ പദ്ധതിയിട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.
