വാഷിംഗ്ടണിലെ വ്യവസായ ശാലയിൽ കെമിക്കൽ ടാങ്ക് പൊട്ടിത്തെറിച്ച് ദുരന്തം; നിരവധി പേർക്ക് പരിക്ക്, ഒരുമരണം സ്ഥിരീകരിച്ചു

വാഷിംഗ്ടണിലെ വ്യവസായ ശാലയിൽ കെമിക്കൽ ടാങ്ക് പൊട്ടിത്തെറിച്ച് ദുരന്തം; നിരവധി പേർക്ക് പരിക്ക്, ഒരുമരണം സ്ഥിരീകരിച്ചു


വാഷിംഗ്ടൺ: വാഷിംഗ്ടൺ സംസ്ഥാനത്തെ ഒരു വ്യാവസായിക സ്ഥാപനത്തിൽ രാസവസ്തുക്കൾ നിറച്ച ടാങ്ക് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് ഗുരുതര പരിക്ക്. 
ഒരു മരണവും സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.

നിപ്പോൺ ഡൈന വേവ് പാക്കേജിംഗ് എന്ന വ്യവസായ സ്ഥാപനത്തിലെ പ്ലാന്റിലാണ് ചൊവ്വാഴ്ച രാവിലെ അപകടമുണ്ടായത്. ലോങ്‌വ്യൂ നഗരത്തിലുള്ള സ്ഥാപനത്തിൽ രാവിലെ ഏകദേശം 7.15ഓടെയാണ് 'വൈറ്റ് ലിക്കർ' എന്ന രാസവസ്തു അടങ്ങിയ ടാങ്ക് പൊട്ടിയത്.

ആദ്യഘട്ടത്തിൽ സംഭവം രാസവസ്തു സഫോടനമെന്നായിരുന്നു അധികൃതർ അറിയിച്ചത്. പിന്നീട് ടാങ്ക് അകത്തേക്ക് തകർന്നതാണെന്ന സൂചനയും നൽകിയെങ്കിലും ഒടുവിൽ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്ന് സ്ഥിരീകരിച്ചു.

അപകടത്തിൽ നിരവധി പേർക്ക് പൊള്ളലും മറ്റ് ഗുരുതര പരിക്കുകളും സംഭവിച്ചു. പരിക്കേറ്റവരെ ആംബുലൻസുകളിൽ സമീപ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ എണ്ണം രണ്ടക്ക സംഖ്യയിലാണെന്ന് പോർട്ട്‌ലാന്റ് ഫയർ ആന്റ് റെസ്‌ക്യു വക്താവ് അറിയിച്ചു.

ഗുരുതര പരിക്കേറ്റവരെ സമീപ മെഡിക്കൽ കേന്ദ്രങ്ങളിലേക്കും പൊള്ളലേറ്റവരെ പ്രത്യേക ബേൺ സെന്ററുകളിലേക്കുമാണ് മാറ്റിയത്.  പീസ് ഹെൽത്ത് സെന്റ് ജോൺ മെഡിക്കൽ സെന്ററിൽ ഒമ്പത് പേരെ പ്രവേശിപ്പിച്ചതായി അറിയിച്ചു. ഇതിൽ ഒരാൾ മരിച്ചതായും ആറുപേരുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ആശുപത്രി വ്യക്തമാക്കി. രണ്ടുപേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചശേഷം മാത്രമേ പുറത്തുവിടൂവെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്. പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനവും അന്വേഷണവും പുരോഗമിക്കുന്നതിനാൽ ആളുകൾ പ്രദേശത്തേക്ക് എത്തരുതെന്നും മുന്നറിയിപ്പുണ്ട്.

വാഷിംഗ്ടൺ-ഒറിഗൺ അതിർത്തിക്ക് സമീപം കൊളംബിയ നദീതീരത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പൾപ്പ്, പേപ്പർ, ലിക്വിഡ് പാക്കേജിങ് ഉൽപാദന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.