വാഷിംഗ്ടണ്‍: മെറ്റയുടെ ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും യു എസില്‍ വ്യാപക തടസ്സം നേരിട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ച ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇരു പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതായി ഡൗണ്‍ഡിറ്റക്ടര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
യു എസ് സമയം ഞായറാഴ്ച രാത്രി 9.11ഓടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട 17,000ത്തിലധികം പ്രശ്‌ന റിപ്പോര്‍ട്ടുകളാണ് ഡൗണ്‍ഡിറ്റക്ടറില്‍ ലഭിച്ചത്. ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെട്ട് 5,000ത്തിലധികം റിപ്പോര്‍ട്ടുകളും രേഖപ്പെടുത്തി.
അതേസമയം, സംഭവത്തില്‍ മെറ്റ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്താക്കള്‍ നേരിട്ട് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഡൗണ്‍ഡിറ്റക്ടറിലെ കണക്കുകള്‍ തയ്യാറാക്കുന്നത്. അതിനാല്‍ യഥാര്‍ഥത്തില്‍ തടസ്സം നേരിട്ട ഉപയോക്താക്കളുടെ എണ്ണം ഇതിലും വ്യത്യസ്തമായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ നിലവില്‍ പ്രശ്‌നമില്ല
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഫേസ്ബുക്കിനോ ഇന്‍സ്റ്റഗ്രാമിനോ കാര്യമായ തടസ്സങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്‍സ്റ്റഗ്രാമിന്റെ ഇന്ത്യ സ്റ്റാറ്റസ് പേജില്‍ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്ത തടസ്സങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഫേസ്ബുക്കിന്റെ ഇന്ത്യ സ്റ്റാറ്റസ് പേജിലും സജീവമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.
അതേസമയം, തിങ്കളാഴ്ച മറ്റു ചില രാജ്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സമാനമായ തടസ്സങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സിംഗപ്പൂരില്‍ ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പ്രശ്‌നം നേരിട്ടതായി ചാനല്‍ ന്യൂസ് ഏഷ്യ (സി എന്‍ എ) റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 9.20ഓടെയാണ് ഇവിടെ പ്രശ്‌ന റിപ്പോര്‍ട്ടുകള്‍ ഏറ്റവും ഉയര്‍ന്നത്.
ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ, യു എസ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളും ഇരു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും തടസ്സം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
