രണ്ട് തവണ വിഷമരുന്ന് കുത്തിവച്ചിട്ടും വധശിക്ഷ നടപ്പായില്ല; അമേരിക്കന്‍ വനിതാ തടവുകാരിയുടെ വധശിക്ഷ സസ്‌പെന്റ് ചെയ്തു

രണ്ട് തവണ വിഷമരുന്ന് കുത്തിവച്ചിട്ടും വധശിക്ഷ നടപ്പായില്ല; അമേരിക്കന്‍ വനിതാ തടവുകാരിയുടെ വധശിക്ഷ സസ്‌പെന്റ് ചെയ്തു


നാഷ്വില്‍: ടെന്നസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ട് തവണ പെന്റോബാര്‍ബിറ്റല്‍ എന്ന മാരക മരുന്ന് കുത്തിവച്ചിട്ടും മരണം സംഭവിക്കാത്തതിനെ തുടര്‍ന്ന് 50കാരിയായ പൈക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഭിഭാഷകര്‍ അറിയിച്ചു. പിന്നാലെ വധശിക്ഷ സസ്‌പെന്റ് ചെയ്തു.

വധശിക്ഷ നടപ്പാക്കുന്നതിനിടെ തന്നെ പൈക്കിന്റെ അഭിഭാഷകര്‍ അടിയന്തരമായി കോടതിയെ സമീപിച്ച് നടപടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. പൈക്കിന് ബോധം നഷ്ടപ്പെട്ടെങ്കിലും ഹൃദയമിടിപ്പ് തുടരുകയാണ്. അവര്‍ ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്നുമുണ്ട് എന്നായിരുന്നു അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചത്.

രണ്ട് സിറിഞ്ചുകളിലായി പെന്റോബാര്‍ബിറ്റല്‍ നല്‍കിയതിന് പിന്നാലെ പൈക്കിന് ആശുപത്രിയില്‍ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സ നല്‍കിവരികയാണെന്ന് അഭിഭാഷകരിലൊരാള്‍ ബി ബി സിയോട് പറഞ്ഞു.

19കാരിയായ കോളിന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് 1996ല്‍ പൈക്കിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പും കേസില്‍ നിയമപോരാട്ടം തുടരുകയായിരുന്നു. ഒടുവില്‍ അമേരിക്കന്‍ സുപ്രിം കോടതി മാരക മരുന്ന് കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കി.

1995ല്‍ നടന്ന കൊലപാതക സമയത്ത് പൈക്കിന് 18 വയസ്സായിരുന്നു. പ്രശ്‌നബാധിതരായ കൗമാരക്കാര്‍ക്കായുള്ള തൊഴില്‍ പരിശീലന ക്യാമ്പില്‍ പരിചയപ്പെട്ട സ്ലെമ്മറെ പൈക്കും അന്നത്തെ കാമുകനായ ടഡറല്‍ ഷിപ്പും ചേര്‍ന്ന് മര്‍ദിക്കുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. ഷിപ്പിന് അന്ന് 17 വയസ്സായിരുന്നതിനാല്‍ സംസ്ഥാന നിയമപ്രകാരം വധശിക്ഷ ഒഴിവായി. ഇയാള്‍ ഇപ്പോഴും ജയിലിലാണ്.

നാഷ്വില്ലിലെ റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റിയൂഷനില്‍ ബുധനാഴ്ച രാത്രി ഏകദേശം എട്ടുമണിയോടെയായിരുന്നു വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം. 

വധശിക്ഷാ മുറിയിലെ സാക്ഷികള്‍ക്കായുള്ള തിരശ്ശീല രണ്ടുതവണ അടച്ചതായും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് അവിടെനിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ടെന്നസിയിലെ വധശിക്ഷാ നടപടിക്രമപ്രകാരം ആദ്യ മരുന്ന് നല്‍കിയിട്ടും പ്രതി മരിച്ചില്ലെങ്കില്‍ ഉപയോഗിക്കാനായി അധിക മരുന്ന് സിറിഞ്ചുകള്‍ സജ്ജമായി സൂക്ഷിക്കാറുണ്ട്. എന്നാല്‍ രണ്ടാമത്തെ ഡോസിന് ശേഷവും വ്യക്തി ജീവനോടെ തുടരുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് നിലവിലെ പ്രോട്ടോക്കോളില്‍ വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സമഗ്രമായ പരിശോധനയ്ക്ക് ഉത്തരവിട്ടതായി ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ അറിയിച്ചു. ഈ വര്‍ഷം ഇനി നിശ്ചയിച്ചിരുന്ന മറ്റൊരു വധശിക്ഷ പദ്ധതി പ്രകാരം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2026ല്‍ ടെന്നസിയില്‍ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെടുന്നത് ഇതാദ്യമല്ല. 1994ല്‍ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ടോണി കാരദേഴ്‌സിന്റെ വധശിക്ഷ മേയില്‍ മാറ്റിവെച്ചിരുന്നു. മാരക മരുന്ന് നല്‍കുന്നതിനായി ആവശ്യമായ സിര കണ്ടെത്താന്‍ ജീവനക്കാര്‍ക്ക് കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി.

അതേസമയം, പൈക്കിന്റെ വധശിക്ഷ നടപ്പാക്കുന്നതിനിടെ സ്വീകരിച്ച എല്ലാ നടപടികളെയും ടെന്നസി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍ ന്യായീകരിച്ചു. സംസ്ഥാന അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അംഗീകരിച്ച നിയമാനുസൃതവും നിലവിലുള്ളതുമായ വധശിക്ഷാ നടപടിക്രമത്തിലെ എല്ലാ ഘട്ടങ്ങളും പാലിച്ചെന്നാണ് വകുപ്പിന്റെ വക്താവ് ഡൊറിന്‍ഡ കാര്‍ട്ടര്‍ പറഞ്ഞത്.

വധശിക്ഷയ്ക്കായി ഉപയോഗിച്ച രാസവസ്തു ഇതുവരെ സ്ഥിരമായി ഫലപ്രദമായിരുന്നുവെന്നും നിലവിലെ നടപടിക്രമത്തില്‍ ഇതിനപ്പുറം അധിക നടപടികള്‍ക്ക് വ്യവസ്ഥയില്ലെന്നും കാര്‍ട്ടര്‍ വ്യക്തമാക്കി. പൈക്കിനെ സംസ്ഥാനത്തിന് പുറത്തുള്ള ഒരു മെഡിക്കല്‍ സ്ഥാപനത്തിലേക്ക് മാറ്റിയതായും അവര്‍ അറിയിച്ചു.

എന്നാല്‍ വധശിക്ഷ നിയമാനുസൃതമായി നടപ്പാക്കുന്നതില്‍ ടെന്നസി വീണ്ടും പരാജയപ്പെട്ടെന്ന് പൈക്കിന്റെ അഭിഭാഷകര്‍ ആരോപിച്ചു. സിര കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട്, സിരകള്‍ക്ക് സംഭവിച്ച കേടുപാട്, പെന്റോബാര്‍ബിറ്റലിന്റെ ഗുണനിലവാരം സംബന്ധിച്ച ആശങ്കകള്‍, അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം ലഭ്യമല്ലാത്തത് എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തങ്ങളുടെ ഭാഗം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അഭിഭാഷകര്‍ പറഞ്ഞു.

പൈക്കിന്റെ വധശിക്ഷയ്ക്കിടെ മെഡിക്കല്‍ വിദഗ്ധനായി നിയമസംഘത്തോടൊപ്പം പ്രവര്‍ത്തിച്ച എമറി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസര്‍ ഡോ. ജോയല്‍ സിവോട്ട് പറയുന്നതനുസരിച്ച്, ശ്വാസതടസ്സവും ഹൃദയ- രക്തചംക്രമണ തകരാറും ഉണ്ടാകാന്‍ ആവശ്യമായ അളവില്‍ പെന്റോബാര്‍ബിറ്റല്‍ പൈക്കിന്റെ രക്തത്തില്‍ എത്തിയിരിക്കാനിടയില്ല. പുനരുജ്ജീവന ചികിത്സ ആരംഭിക്കാന്‍ വൈകിയതിന്റെ ഫലമായി മസ്തിഷ്‌കത്തിന് പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷ തടയുന്നതിനായി പൈക്കിന്റെ അഭിഭാഷകര്‍ അവസാന നിമിഷം നിരവധി നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ട് വ്യത്യസ്ത ശ്രമങ്ങള്‍ അമേരിക്കന്‍ സുപ്രിം കോടതി തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷാ നടപടി മുന്നോട്ടുപോയത്.

ബുധനാഴ്ച വൈകുന്നേരം കീഴ്‌ക്കോടതി അനുവദിച്ചിരുന്ന താത്ക്കാലിക സ്റ്റേയും സുപ്രിം കോടതി പിന്നീട് റദ്ദാക്കി. കേസിലെ വാദങ്ങള്‍ കൂടുതല്‍ പരിശോധിക്കാന്‍ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കീഴ്‌ക്കോടതി നേരത്തെ വധശിക്ഷയ്ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

1996ല്‍ വധശിക്ഷ വിധിക്കുന്നതിന് മുമ്പ് പൈക്കിന്റെ ബാല്യകാല ലൈംഗിക പീഡനത്തിന്റെ രേഖപ്പെടുത്തിയ ചരിത്രം പരിഗണിക്കാന്‍ ജൂറിക്ക് അവസരം ലഭിച്ചില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ബാല്യത്തില്‍ ലൈംഗിക പീഡനത്തിനിരയായെന്ന പൈക്കിന്റെ വാദം വര്‍ഷങ്ങളോളം ടെന്നസി സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നുവെന്നും അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ വധശിക്ഷാ രീതിയെക്കുറിച്ചുള്ള അടുത്തിടെയുള്ള വാദത്തിനിടെ, പൈക്ക് ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയായെന്ന വസ്തുത സര്‍ക്കാര്‍ നിഷേധിച്ചില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

ടെന്നസി ഗവര്‍ണര്‍ ഈ ആഴ്ച പൈക്കിന്റെ ദയാഹര്‍ജി നിരസിച്ചിരുന്നു. സംസ്ഥാനത്തെ മരണശിക്ഷാ പട്ടികയിലുള്ള ഏക വനിതയായിരുന്നു പൈക്ക്.

ദയാഹര്‍ജിയില്‍, സ്ലെമ്മറെ മര്‍ദിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പൈക്ക് പറഞ്ഞു. എന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല എന്നും അവര്‍ വ്യക്തമാക്കി.


താന്‍ മാനസികമായി തകര്‍ന്നിരുന്ന 18 വയസ്സുകാരിയായിരുന്നുവെന്നും ചെയ്തതിന്റെ ഗൗരവം മനസ്സിലാക്കാന്‍ തന്നെ വര്‍ഷങ്ങള്‍ വേണ്ടിവന്നതായും തന്റെ പ്രവൃത്തി എത്ര പേരുടെ ജീവിതത്തെ ബാധിച്ചുവെന്ന് അംഗീകരിക്കാന്‍ അതിലും കൂടുതല്‍ സമയം എടുത്തുവെന്നും ഒരാളുടെ മകളുടെയും സഹോദരിയുടെയും സുഹൃത്തിന്റെയും ജീവനാണ് താന്‍ എടുത്തതെന്നും ഇത്രയും ഗുരുതരമായ കുറ്റം ചെയ്യാന്‍ കഴിഞ്ഞുവെന്ന ചിന്ത ഇപ്പോള്‍ വേദനിപ്പിക്കുന്നതായും പൈക്ക് ദയാഹര്‍ജിയില്‍ പറഞ്ഞു.

1995ലെ കൊലപാതകം ടെന്നസിയിലെ നോക്‌സ്വില്ലില്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സ്ലെമ്മറുടെ നെഞ്ചില്‍ സാത്താനിക സംഘങ്ങളുമായി ബന്ധപ്പെടുത്തി കാണുന്ന ചിഹ്നമായ തലകീഴായ പെന്റഗ്രാം കൊത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. ആ ചിഹ്നം താനാണ് കൊത്തിയതെന്ന ആരോപണം പൈക്ക് നിഷേധിച്ചിട്ടുണ്ട്.

കൊലപാതകത്തിന് മുമ്പ് സ്ലെമ്മര്‍ തന്നെ അപമാനിക്കുകയും തന്റെ അന്നത്തെ കാമുകനെ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പൈക്ക് ആരോപിച്ചിരുന്നു. ക്യാമ്പിലെ മറ്റ് രണ്ട് താമസക്കാര്‍ പിന്നീട് നല്‍കിയ മൊഴിയില്‍, പൈക്ക് കൊലപാതകത്തെക്കുറിച്ച് മുമ്പും ശേഷവും വീമ്പിളക്കിയിരുന്നുവെന്നും സ്ലെമ്മറുടെ തലയോട്ടിയുടെ ഒരു ഭാഗം അവരെ കാണിച്ചിരുന്നുവെന്നും പറഞ്ഞു.

സ്ലെമ്മറുടെ അമ്മ മേ മാര്‍ട്ടിനസ് പതിറ്റാണ്ടുകളായി മകളുടെ കൊലപാതകത്തിന് ഉത്തരവാദിയായ പൈക്കിന്റെ ശിക്ഷ നടപ്പാക്കുന്നത് കാത്തിരിക്കുകയായിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരിക്കലും വിട്ടുമാറുന്നില്ലെന്നും അവധി ദിവസങ്ങളാണ് ഏറ്റവും ബുദ്ധിമുട്ടേറിയതെന്നും മാര്‍ട്ടിനസ് പറഞ്ഞു.

1976ല്‍ അമേരിക്കന്‍ സുപ്രിം കോടതി വധശിക്ഷ പുനഃസ്ഥാപിച്ചതിന് ശേഷം രാജ്യത്ത് ഇതുവരെ 18 സ്ത്രീകളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്. ഇതേ കാലയളവില്‍ 1,663 പുരുഷന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആകെ വധശിക്ഷകളില്‍ സ്ത്രീകളുടേത് ഏകദേശം ഒരു ശതമാനം മാത്രമാണ്.