ആരോഗ്യ പരിശോധന പൂർത്തിയായി; 'എല്ലാം കൃത്യം' എന്ന് ട്രംപ്

ആരോഗ്യ പരിശോധന പൂർത്തിയായി; 'എല്ലാം കൃത്യം' എന്ന് ട്രംപ്


വാഷിംഗ്ടൺ: വാർഷിക ആരോഗ്യ പരിശോധന പൂർത്തിയായപ്പോൾ എല്ലാം  പെർഫെക്ട് ആയതിന്റെ ഉന്മേഷത്തിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 
 അടുത്ത മാസം 80 വയസ്സ് തികയാനിരിക്കുന്ന ട്രംപ്, പരിശോധനാഫലങ്ങൾ 'എല്ലാം മികച്ചതാണ്' എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

വാൾട്ടർ റീഡ് നാഷനൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ  നടത്തിയ പതിവ് മെഡിക്കൽ പരിശോധന പൂർത്തിയായതായി ട്രംപ് അറിയിച്ചു. 'ആറുമാസത്തെ ആരോഗ്യ പരിശോധന പൂർത്തിയായി. എല്ലാം കൃത്യമാണ്. മികച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും നന്ദി. ഇനി വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നു' എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.

ജൂൺ 14നാണ് ട്രംപിന്റെ 80ാം പിറന്നാൾ. 2025 ജനുവരിയിൽ രണ്ടാം തവണ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് പദത്തിലിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോർഡും ട്രംപിനായിരുന്നു.

കഴിഞ്ഞ 13 മാസത്തിനിടെ മൂന്നാം തവണയാണ് ട്രംപ് വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ പരിശോധനയ്ക്ക് എത്തുന്നത്. സ്ഥിരമായി ഗോൾഫ് കളിക്കുന്ന ട്രംപ്, അടുത്തിടെ മതിയായ വ്യായാമം ചെയ്യാറില്ലെന്ന് തമാശയായി പറഞ്ഞിരുന്നു. എന്നാൽ ആരോഗ്യമന്ത്രി റോബർട്ട് എഫ് കെന്നഡി ജൂനിയർ ഗോൾഫ് കളിക്കുമ്പോൾ ട്രംപ് കളിക്കളത്തിൽ ഏകദേശം ഒമ്പത് മൈൽ വരെ നടക്കാറുണ്ടെന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ എംആർഐ പരിശോധന നടത്തിയതായും ട്രംപ് വെളിപ്പെടുത്തിയിരുന്നു. പരിശോധനയുടെ കാരണം സംബന്ധിച്ച് വൈറ്റ് ഹൗസ് ആദ്യം വിശദീകരണം നൽകിയിരുന്നില്ല. പിന്നീട് അത് പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമായിരുന്നുവെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

'എംആർഐ ചെയ്യുന്നത് വളരെ സാധാരണ കാര്യമാണ്. ഡോക്ടർ പറഞ്ഞത് അദ്ദേഹം കണ്ട ഏറ്റവും മികച്ച ഫലമാണിതെന്നാണ്' എന്നും ട്രംപ് പറഞ്ഞു.

പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ മെഡിക്കൽ കുറിപ്പിൽ ട്രംപിന്റെ ഹൃദയാരോഗ്യ നില യഥാർത്ഥ പ്രായത്തേക്കാൾ ഏകദേശം 14 വർഷം കുറവാണെന്ന് ഡോക്ടർമാർ വിലയിരുത്തിയതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ ചില ഔദ്യോഗിക യോഗങ്ങൾക്കിടെ ട്രംപ് ഉറങ്ങുന്നതപോലെ തോന്നിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു.