വാഷിംഗ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനിനെതിരെ ആദ്യ ഔദ്യോഗിക അന്വേഷണം ആരംഭിക്കുന്നതിന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എഫ്ബിഐയ്ക്ക് പരാതി ലഭിച്ചിരുന്നുവെന്ന് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ രേഖകളില്‍, 1996 സെപ്റ്റംബറില്‍ മയാമി എഫ്ബിഐ ഓഫീസില്‍ നല്‍കിയ പരാതി ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ഫെഡറല്‍ നിയമപ്രവര്‍ത്തന ഏജന്‍സിക്ക് ലഭിച്ച ആദ്യ പരാതിയാണിതെന്നാണ് വിലയിരുത്തല്‍.
പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണെന്ന് രേഖകളില്‍ പറയുന്ന പരാതിക്കാരി, തന്റെ 12, 16 വയസ്സുള്ള സഹോദരിമാരുടെ സ്വകാര്യ ചിത്രങ്ങള്‍ എപ്സ്റ്റീന്‍ മോഷ്ടിച്ച് വില്‍പ്പനയ്ക്ക് ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചു. നീന്തല്‍ക്കുളങ്ങളില്‍ ചെറുപ്പക്കാരായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ടതായും, വിവരം പുറത്തുപറഞ്ഞാല്‍ വീട് കത്തിക്കുമെന്ന് എപ്സ്റ്റീന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. രേഖകളില്‍ പേര് മറച്ചുവെച്ചിരുന്ന പരാതിക്കാരി മരിയ ഫാര്‍മറാണെന്ന് എ ബി സി ന്യൂസിനോട് സ്ഥിരീകരിച്ചു. 'ഇത് എനിക്കുള്ള നീതീയാണെന്ന് തോന്നുന്നു. സത്യം പുറത്തുവന്നതില്‍ നന്ദിയുണ്ട്,' ഫാര്‍മര്‍ പറഞ്ഞു.
വെള്ളിയാഴ്ച പുറത്തിറക്കിയ ഫയലുകളില്‍ ആയിരക്കണക്കിന് ചിത്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടതിനാല്‍ സ്‌കാന്‍ ചെയ്യാത്ത ചില ചിത്രങ്ങളുണ്ടെന്നും രേഖകളില്‍ സൂചനയുണ്ട്. 2003ലെ എപ്സ്റ്റീന്റെ 50ാം ജന്മദിനാഘോഷ ചിത്രങ്ങളും, 2019ല്‍ ന്യൂയോര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ റെയ്ഡിന് പിന്നാലെയുള്ള ദൃശ്യങ്ങളും ഫയലുകളിലുണ്ട്. ഇതിനുപുറമെ, എപ്സ്റ്റീനും ഘിസ്ലെയ്ന്‍ മാക്‌സ്വെല്ലും ബന്ധപ്പെട്ട 50ലധികം സിവില്‍-ക്രിമിനല്‍ കേസുകളുടെ രേഖകളും, 'മസാജ് ഫോര്‍ ഡമ്മീസ്' എന്ന പുസ്തകത്തിന്റെ പൂര്‍ണ പാഠവും ഉള്‍പ്പെടുത്തി.
എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പാരന്‍സി ആക്ട് പ്രകാരമുള്ള സമയപരിധിയെ തുടര്‍ന്ന് രേഖകള്‍ ഘട്ടംഘട്ടമായി പുറത്തുവിടുമെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി. ഇരകളുടെ തിരിച്ചറിയല്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്നും, സജീവ അന്വേഷണങ്ങളെ ബാധിക്കാത്ത രീതിയിലാണ് വിവരാവിഷ്‌കരണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കേസുകള്‍ ഉടന്‍ പ്രതീക്ഷിക്കാനാകില്ലെങ്കിലും അന്വേഷണം തുടരുന്നുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.
പോളിറ്റിക്കല്‍ തലത്തിലും ഫയല്‍സ് റിലീസ് വിവാദമായിട്ടുണ്ട്. എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുമ്പോള്‍, ഡെമോക്രാറ്റുകളെ ലക്ഷ്യമാക്കി അന്വേഷണം വേണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ ജയിലില്‍ മരിച്ച എപ്സ്റ്റീന്‍, ന്യൂയോര്‍ക്ക്, ഫ്‌ലോറിഡ, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസുകളിലായിരുന്നു വിചാരണ നേരിടേണ്ടിയിരുന്നത്. ഇപ്പോള്‍ പുറത്തുവന്ന ഫയലുകള്‍, വര്‍ഷങ്ങളായി മറഞ്ഞുകിടന്ന സത്യങ്ങളിലേക്ക് പുതിയ വെളിച്ചം വീശുകയാണ്.
എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്: ആദ്യ അന്വേഷണത്തിന് വര്‍ഷങ്ങള്‍ മുമ്പ് എഫ്ബിഐക്ക് പരാതി; പുതിയ വെളിപ്പെടുത്തലുകള്‍
