'ട്രംപിന്റെ പേരുള്ള ഇമെയിൽ; എപ്സ്റ്റീൻ ഫയലുകളിൽ മായ്ച്ചുകളഞ്ഞ ഭാഗം ചോദ്യങ്ങൾ ഉയർത്തുന്നു

'ട്രംപിന്റെ പേരുള്ള ഇമെയിൽ; എപ്സ്റ്റീൻ ഫയലുകളിൽ മായ്ച്ചുകളഞ്ഞ ഭാഗം ചോദ്യങ്ങൾ ഉയർത്തുന്നു


വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിവകുപ്പ് പുറത്തുവിട്ട രേഖകളിൽ 'ട്രംപ്' എന്ന സബ്ജക്ട് ലൈനിലുള്ള 2009ലെ ഒരു ഇമെയിലിലെ മായ്ച്ചുകളഞ്ഞ ഉള്ളടക്കം പുതിയ സംശയങ്ങൾക്ക് ഇടയാക്കുന്നു. ഈ രേഖ എന്തുകൊണ്ടാണ് മറച്ചുവെച്ചതെന്ന് കോൺഗ്രസ് അംഗങ്ങൾക്കിടയിലും സംശയമുയരുകയാണ്.

2009 ഒക്‌ടോബർ 14ന് എപ്സ്റ്റീന്റെ അഭിഭാഷകനായ ജാക്ക് ഗോൾഡ്ബർഗർ അയച്ച ഈ ഇമെയിൽ പിന്നീട് എപ്സ്റ്റീൻ തന്റെ സഹായി ഗിസ്ലെയ്ൻ മാക്‌സ് വെല്ലിന്  ഫോർവേഡ് ചെയ്തതാണെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 'ട്രംപിന്റെ അഭിഭാഷകനുമായി സംസാരിച്ചു, ട്രംപുമായും ബ്രാഡ് എഡ്വേഡ്‌സുമായും 20 മിനിറ്റ് ഫോൺ സംഭാഷണം ക്രമീകരിച്ചു' എന്നാണ് ഇമെയിലിലെ ദൃശ്യമാകുന്ന ഭാഗം. എന്നാൽ തുടർന്നുള്ള വിശദാംശങ്ങൾ പൂർണമായി മായ്ച്ചിരിക്കുകയാണ്.

ഈ രേഖ പൂർണരൂപത്തിൽ പരിശോധിച്ച കോൺഗ്രസ് അംഗങ്ങളിൽ ഒരാളായ ഡെമോക്രാറ്റിക് പ്രതിനിധി ജെയ്മി റാസ്‌കിൻ, ഇമെയിൽ മറച്ചുവെച്ചത് 'അർഥമില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്' എന്ന് പറഞ്ഞു. ട്രംപ് എപ്സ്റ്റീനുമായി ബന്ധം അവസാനിപ്പിച്ചുവെന്ന അദ്ദേഹത്തിന്റെ മുൻ പ്രസ്താവനകളോട് ഇമെയിലിലെ വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നും റാസ്‌കിൻ പറഞ്ഞു.

റാസ്‌കിന്റെ വിശദീകരണം അനുസരിച്ച്, ആ ഫോൺ സംഭാഷണത്തിൽ ട്രംപ്, എപ്സ്റ്റീൻ തന്റെ മാർഎലാഗോ ക്ലബ്ബിലെ അംഗമല്ലായിരുന്നുവെങ്കിലും അതിഥിയായി എത്തിയിരുന്നുവെന്നും, പുറത്താക്കിയിട്ടില്ലെന്നും പറഞ്ഞതായി അഭിഭാഷകർ രേഖപ്പെടുത്തിയിരുന്നു. ഇതാണ് മറച്ചുവെച്ച ഭാഗങ്ങളിലൊന്നെന്നും റാസ്‌കിൻ വ്യക്തമാക്കി.

ഇമെയിലിലെ മായ്ച്ച ഭാഗം എപ്സ്റ്റീനും അദ്ദേഹത്തിന്റെ അഭിഭാഷകനും തമ്മിലുള്ള നിയമപരമായ രഹസ്യസംഭാഷണമാണെന്ന് നീതിവകുപ്പ് വ്യക്തമാക്കി. അതേസമയം വിഷയത്തിൽ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

2009ൽ ഈ ഇമെയിൽ കൈമാറുമ്പോൾ എപ്സ്റ്റീൻ ജയിൽ ശിക്ഷ പൂർത്തിയാക്കി പ്രൊബേഷൻ കാലയളവിലായിരുന്നു. നിരവധി ഇരകൾ എപ്സ്റ്റീനെതിരെ കേസ് നൽകിയിരുന്ന സമയത്താണ് ഈ ഫോൺ സംഭാഷണം നടന്നത്.