ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ജനുവരി 30ന് പുറത്തുവിട്ട പുതിയ രേഖകളിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ലൈംഗികാരോപണ പരാമർശങ്ങളും മുൻ വൈറ്റ് ഹൗസ് കൗൺസൽ കാത്തി റൂംലറുമായുള്ള ഇമെയിൽ സംഭാഷണങ്ങളും ഉൾപ്പെട്ടു.
1993ൽ ട്രംപ് പ്രായപൂർത്തിയാകാത്ത യുവതിയുമായി ബന്ധം പുലർത്തിയിരുന്നുവെന്നും പിന്നീട് യുവതി ബലാത്സംഗ പരാതി ഉന്നയിച്ചുവെന്നും എപ്സ്റ്റീൻ ഇമെയിലിൽ അവകാശപ്പെടുന്നു. ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നറിയാൻ എപ്സ്റ്റീൻ കാത്തി റൂംലറുടെ ഉപദേശം തേടിയതായും രേഖകളിലുണ്ട്. എന്നാൽ ആരോപണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ട്രംപിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചാൽ എന്തുപറയണമെന്ന എപ്സ്റ്റീന്റെ ചോദ്യത്തിന്, 'എപ്സ്റ്റീനുമായി പ്രൊഫഷണൽ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ വ്യക്തിപരമായ നിയമപ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് അറിവില്ല,' എന്നായിരുന്നു റൂംലറുടെ മറുപടി.
ആരാണ് കാത്തി റൂംലർ?
2014-15 കാലത്ത് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ വൈറ്റ് ഹൗസ് കൗൺസലായിരുന്ന കാത്തി റൂംലർ, യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. പിന്നീട് ഗോൾഡ്മാൻ സാക്‌സിന്റെ ജനറൽ കൗൺസലായും പ്രവർത്തിച്ചു.
നീതി-ന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകൾ പ്രകാരം 2014 മുതൽ 2019 ഏപ്രിൽ വരെ കാത്തിയും എപ്സ്റ്റീനും വ്യക്തിപരമായ ബന്ധത്തിലായിരുന്നു. രേഖകളിൽ കാത്തിയുടെ പേര് കുറഞ്ഞത് 19 ഇടങ്ങളിൽ കാണപ്പെടുന്നു. ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതായും, യാത്രാ ടിക്കറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ എപ്സ്റ്റീൻ നൽകിയതായും ചില ഇമെയിലുകളിൽ സൂചനയുണ്ട്.
എപ്സ്റ്റീൻ അറസ്റ്റിലാകുന്നതിന് രണ്ടു മാസം മുൻപുവരെ ഈ ബന്ധം തുടരുകയായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ട്രംപിനെതിരായ ആരോപണം: എപ്സ്റ്റീൻ ഫയലുകളിൽ മുൻ വൈറ്റ് ഹൗസ് കൗൺസൽ കാത്തി റൂംലറിനെക്കുറിച്ചും പരാമർശം
