വാഷിംഗ്ടൺ: യു.എസിൽ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ. കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, കത്തുകൾ, രേഖകൾ എന്നിവ ഉൾക്കൊള്ളുന്ന വൻശേഖരമാണ് യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 35 ലക്ഷം പേജുകളും 2,000 വീഡിയോകളും ഏകദേശം 1,80,000 ചിത്രങ്ങളും ഉൾപ്പെടുന്ന രേഖകളാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
യു.എസ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുതൽ ശതകോടീശ്വരൻ ഇലോൺ മസ്‌ക് വരെയുള്ള നിരവധി പ്രമുഖരുടെ പേരുകൾ രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെതിരായ ഗുരുതര ആരോപണങ്ങളാണ്.
രേഖകളിൽ പറയുന്നതനുസരിച്ച്, ഗേറ്റ്‌സ് റഷ്യൻ യുവതികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതായും, അതിന്റെ ഭാഗമായി ലൈംഗികരോഗം ബാധിച്ചിട്ടുണ്ടായെന്നും, ഇക്കാര്യം മുൻ ഭാര്യ മെലിന്ഡ ഗേറ്റ്‌സിൽ നിന്ന് മറച്ചുവച്ചുവെന്നുമാണ് ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും അസംബന്ധവും വാസ്തവവിരുദ്ധവുമാണെന്ന് ഗേറ്റ്‌സിന്റെ വക്താക്കൾ വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം, 2013 ജൂലൈയിൽ എപ്സ്റ്റീൻ തന്നെ തനിക്ക് അയച്ചതായി രേഖപ്പെടുത്തിയ ഇമെയിൽ ഡ്രാ്ര്രഫുകളിലാണ് ഇത്തരം പരാമർശങ്ങൾ ഉള്ളത്. രോഗവിവരങ്ങളും ആന്റിബയോട്ടിക്കുകൾക്കായുള്ള അഭ്യർത്ഥനയും അടങ്ങിയ ഇമെയിലുകൾ ഇല്ലാതാക്കാൻ ഗേറ്റ്‌സ് ആവശ്യപ്പെട്ടുവെന്ന ആരോപണവും ഇതിലുണ്ട്. എന്നാൽ, ഇവയിൽ പലതും എപ്സ്റ്റീൻ അയക്കാതെ സൂക്ഷിച്ച ഡ്രാഫ്റ്റുകളാണെന്നതും ശ്രദ്ധേയമാണ്.
ഗേറ്റ്‌സിന്റെ മുൻ ഉപദേഷ്ടാവായ ബോറിസ് നിക്കോളിച്ചിനെക്കുറിച്ചും രേഖകളിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നു. ഗേറ്റ്‌സും മെലിൻഡയും തമ്മിലുള്ള ദാമ്പത്യ തർക്കങ്ങളിൽ നിക്കോളിച്ചിനെ വലിച്ചിഴച്ചതായും, ഗേറ്റ്‌സിന് വേണ്ടി മരുന്നുകൾ എത്തിക്കാനും മറ്റ് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കാനും അദ്ദേഹത്തെ നിർബന്ധിതനാക്കിയതായും എപ്സ്റ്റീൻ അവകാശപ്പെടുന്നു.
അതേസമയം, ഗേറ്റ്‌സുമായി തുടർബന്ധം നിലനിർത്താൻ കഴിയാത്തതിലുള്ള എപ്സ്റ്റീന്റെ നിരാശയും, ഗേറ്റ്‌സിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഈ രേഖകളിൽ പ്രതിഫലിക്കുന്നതെന്ന് ഗേറ്റ്‌സിന്റെ വക്താവ് പ്രതികരിച്ചു. സ്ഥിരീകരിക്കപ്പെടാത്ത ആരോപണങ്ങളും ശക്തമായ നിഷേധങ്ങളും തമ്മിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ, എപ്സ്റ്റീൻ ഫയലുകൾ അമേരിക്കൻ പൊതുചർച്ചയിൽ വീണ്ടും ശക്തമായി ഇടംപിടിക്കുകയാണ്.
എപ്സ്റ്റീൻ ഫയലുകൾ: റഷ്യൻ പെണ്‍കുട്ടികളിൽനിന്ന് ബിൽ ഗേറ്റ്‌സിന് ലൈംഗികരോഗം പകർന്നുവെന്ന് ആരോപണം
