ഇല്‍ഹാന്‍ ഒമറിന്റെ ഭര്‍ത്താവ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് എലോണ്‍ മസ്‌ക്; മാധ്യമങ്ങളില്‍ വിവാദം

ഇല്‍ഹാന്‍ ഒമറിന്റെ ഭര്‍ത്താവ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് എലോണ്‍ മസ്‌ക്; മാധ്യമങ്ങളില്‍ വിവാദം


വാഷിങ്ടണ്‍: അമേരിക്കന്‍ ടെക് വ്യവസായി എലോണ്‍ മസ്‌ക്, മിന്നസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെ ഉന്നയിച്ച തട്ടിപ്പ് ആരോപണം രാഷ്ട്രീയ രംഗത്ത് വലിയ വിവാദമായി. ഒമറിന്റെ ഭര്‍ത്താവ് ടിം മൈനെറ്റിന്റെ സമ്പത്ത് 2023ല്‍ 51,000 ഡോളറില്‍ നിന്ന് ഇന്ന് 3 കോടി ഡോളറിലധികമായി ഉയര്‍ന്നുവെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്റെ പരാമര്‍ശം.

ഫോക്‌സ് ന്യൂസ് പരിപാടിയെ കുറിച്ച് കോമഡിയന്‍ ടിം യങ് പങ്കുവച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്ത മസ്‌ക്, 'ഇല്‍ഹാന്‍ ഒമര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട് ' എന്നാണ് പ്രതികരിച്ചത്. ഈ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും അനുകൂല-വിരുദ്ധ പ്രതികരണങ്ങള്‍ ഉയരുകയും ചെയ്തു. ചിലര്‍ ആരോപണം ഉത്തരവാദിത്തമില്ലാത്തതാണെന്ന് വിമര്‍ശിച്ചപ്പോള്‍, മറ്റുചിലര്‍ അന്വേഷണം ആവശ്യപ്പെട്ടു.

രാഷ്ട്രീയ ഉപദേഷ്ടാവായ ടിം മൈനെറ്റും ഇല്‍ഹാന്‍ ഒമറും 2020ലാണ് വിവാഹിതരായത്. മൈനെറ്റിന്റെ റോസ് ലേക്ക് ക്യാപിറ്റല്‍ എന്ന സ്ഥാപനമാണ് സമ്പത്ത് വര്‍ധനവിന് പിന്നിലെന്നാണ് ദമ്പതികളുടെ 2025 സാമ്പത്തിക വെളിപ്പെടുത്തലില്‍ പറയുന്നത്. ഒമറിന്റെ വാര്‍ഷിക കോണ്‍ഗ്രസ് ശമ്പളം ഏകദേശം 1.74 ലക്ഷം ഡോളറാണ്.

അതേസമയം, 2018 മുതല്‍ ഒമറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മൈനെറ്റ് മുമ്പ് ജോലി ചെയ്തിരുന്ന ഇ-സ്ട്രീറ്റ് ഗ്രൂപ്പിന് 28 ലക്ഷം ഡോളറിലധികം നല്‍കിയതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഈ ഇടപാടുകള്‍ നിയമപരമാണെന്ന് ഒമര്‍ വിശദീകരിച്ചെങ്കിലും, സമ്പത്ത് പെട്ടെന്ന് ഉയര്‍ന്നതിന്റെ വ്യക്തമായ വിശദീകരണമില്ലെന്ന ആരോപണം തുടരുകയാണ്.

മസ്‌കിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയമായി പ്രേരിതമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുമ്പോള്‍, അനുയായികള്‍ ഔദ്യോഗിക അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ്.