വാഷിംഗ്ടണ്‍: അമേരിക്കയിലെ ഓരോ കുട്ടിക്കും താന്‍ നേതൃത്വം നല്‍കുന്ന ബഹിരാകാശ- നിര്‍മിതബുദ്ധി (എഐ) കമ്പനിയായ സ്‌പേസ് എക്‌സിന്റെ രണ്ട് ഓഹരികള്‍ വീതം നല്‍കുമെന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. ഏകദേശം 18 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സമ്മാനമാണ് ഇതിലൂടെ മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് മസ്‌ക് പ്രഖ്യാപനം നടത്തിയത്. ഓരോ കുട്ടിക്കും ഒരു ഓഹരി കമ്പനി നേരിട്ടും മറ്റൊരു ഓഹരി താന്‍ വ്യക്തിപരമായും നല്‍കുമെന്നാണ് മസ്‌കിന്റെ അറിയിപ്പ്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
കമ്പനി നല്‍കുന്ന ഓഹരികള്‍ അടുത്ത മാസം കൈമാറുമെന്നും മസ്‌ക് മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. വ്യക്തിപരമായി നല്‍കുന്ന ഓഹരികള്‍ അടുത്ത വര്‍ഷം ജൂണില്‍ തന്റെ ഓഹരി വില്‍പ്പനയ്ക്കുള്ള നിയന്ത്രണ കാലാവധി അവസാനിച്ചശേഷം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സജീവമായ എല്ലാ 'ട്രംപ് അക്കൗണ്ടുകള്‍ക്കും' സ്‌പേസ് എക്‌സിന്റെ ക്ലാസ് എ കോമണ്‍ സ്റ്റോക്കിന്റെ പുതുതായി പുറത്തിറക്കുന്ന ഓരോ ഓഹരി വീതം നല്‍കുമെന്ന് കമ്പനി അറിയിച്ചിരുന്നു. കമ്പനി നല്‍കുന്ന അത്രയും ഓഹരികള്‍ താനും വ്യക്തിപരമായി നല്‍കുമെന്ന് മസ്‌കും വ്യക്തമാക്കി.
18 വയസ്സില്‍ താഴെയുള്ള അമേരിക്കന്‍ കുട്ടികള്‍ക്ക് ഓഹരി വിപണിയില്‍ പങ്കാളിത്തം ഉറപ്പാക്കുകയും ചെറുപ്രായത്തില്‍ത്തന്നെ സമ്പാദിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നതാണ് ട്രംപ് അക്കൗണ്ട് പദ്ധതി. ഒക്ടോബറില്‍ ഏകദേശം ഏഴ് കോടി അക്കൗണ്ടുകള്‍ തുറന്നതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ സ്‌പേസ് എക്‌സിന്റെ ഒരു ഓഹരിയുടെ വില 127.44 ഡോളറായിരുന്നു. ഈ വില അടിസ്ഥാനമാക്കിയാണ് മസ്‌കിന്റെ പ്രഖ്യാപനത്തിന്റെ ആകെ മൂല്യം ഏകദേശം 18 ബില്യണ്‍ ഡോളറായി കണക്കാക്കുന്നത്. ഓഹരി കൈമാറ്റം ട്രംപ് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുമോയെന്ന ചോദ്യത്തിന് സ്‌പേസ് എക്‌സ് ഉടന്‍ പ്രതികരിച്ചിട്ടില്ല.
ഈ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയൊരു ചെറുകിട ഓഹരി നിക്ഷേപക അടിത്തറ സൃഷ്ടിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ മിട്രേഡ് ഗ്രൂപ്പിന്റെ ആഗോള വിപണി ഉപദേഷ്ടാവ് ക്രിസ്റ്റഫര്‍ ബ്രാങ്കിന്‍ അഭിപ്രായപ്പെട്ടു. ഓഹരി വിപണിയിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാനും അവര്‍ പ്രായപൂര്‍ത്തിയാകുന്നതോടെ വ്യാപാര പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയൊരു ഉപഭോക്തൃവിഭാഗം സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 824 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. കഴിഞ്ഞ മാസവും അമേരിക്കയിലെ ഓരോ കുട്ടിക്കും തന്റെ സ്‌പേസ് എക്‌സ് ഓഹരികളില്‍ ഒന്ന് വീതം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ മാസത്തെ കണക്കനുസരിച്ച് കമ്പനിയില്‍ ഏകദേശം 642 കോടി ഓഹരികളാണ് മസ്‌കിന്റെ കൈവശമുണ്ടായിരുന്നത്.
'അടുത്ത വര്‍ഷം അമേരിക്കയിലെ ഓരോ കുട്ടിക്കും എന്റെ സ്‌പേസ് എക്‌സ് ഓഹരികളില്‍ ഒന്ന് വീതം നല്‍കും. നിരവധി പദ്ധതികളില്‍ ആദ്യത്തേതായിരിക്കും ഇത്' എന്നായിരുന്നു അന്ന് എക്‌സിലെ അദ്ദേഹത്തിന്റെ കുറിപ്പ്. ഭാവിയിലെ സമ്പദ്വ്യവസ്ഥയില്‍ പങ്കാളിത്തം ഉറപ്പാക്കുന്ന ഓഹരികള്‍ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കുന്നതാണ് ശരിയായ മാര്‍ഗമെന്നും മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു.
മസ്‌കിന്റെ ഭൂരിഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മസ്‌ക് ഫൗണ്ടേഷന്‍ വഴിയാണ് നടക്കുന്നത്. 14 ബില്യണ്‍ ഡോളറിലധികം ആസ്തി ഈ ഫൗണ്ടേഷനുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒക്ടോബറില്‍ സ്‌പേസ് എക്‌സ് പ്രസിഡന്റ് ഗ്വിന്‍ ഷോട്ട്വെല്ലും ഭര്‍ത്താവും ട്രംപ് പദ്ധതിയുടെ ഭാഗമായി രണ്ട് ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് തങ്ങളുടെ സ്‌പേസ് എക്‌സ് ഓഹരികളില്‍ ഓരോന്നുവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, അടുത്തിടെ ഓഹരി വിപണിയില്‍ പ്രവേശിച്ച എഐ കമ്പനിയായ ആന്ത്രോപിക് കഴിഞ്ഞ മാസം തങ്ങളുടെ അഞ്ച് ശതമാനം ഓഹരികള്‍ പൊതുനന്മയ്ക്കായി രൂപീകരിക്കുന്ന പുതിയ ഫണ്ടിലേക്ക് മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ ഓഹരി മൂല്യപ്രകാരം ഏകദേശം 54 ബില്യണ്‍ ഡോളറാണ് ഈ പദ്ധതിയുടെ മൂല്യം. മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള സംഭാവനകള്‍ കൂടുതല്‍ വിപുലമായും സ്വതന്ത്രമായും നടത്താന്‍ ഈ സംരംഭം സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
മറ്റ് പ്രമുഖ വ്യവസായികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വലിയ ജീവകാരുണ്യ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ബെര്‍ക്ഷയര്‍ ഹാത്ത്വേയുടെ ചെയര്‍മാന്‍ എമിരിറ്റസും പ്രമുഖ മനുഷ്യസ്നേഹിയുമായ വാറന്‍ ബഫറ്റ് ഇതുവരെ ഏകദേശം 60 ബില്യണ്‍ ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ശേഷിക്കുന്ന ഏകദേശം 150 ബില്യണ്‍ ഡോളര്‍ ആസ്തിയുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുമെന്നാണ് കരുതുന്നത്.
2000-ല്‍ സ്ഥാപിതമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇതുവരെ 100 ബില്യണ്‍ ഡോളറിലധികം വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം വാറന്‍ ബഫറ്റിന്റെ സംഭാവനകളിലൂടെയാണ് ലഭിച്ചത്.
