വാഷിംഗ്ടൺ: സാൽമൊണല്ല ബാക്ടീരിയ മലിനീകരണ സാധ്യതയെ തുടർന്ന് അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന നിരവധി സ്‌നാക്‌സ് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചു. ചിപ്‌സ്, പോപ്‌കോൺ, നട്ട്‌സ്, ട്രെയിൽ മിക്‌സ്, ഫ്രോസൺ പിസ എന്നിവ ഉൾപ്പെടെ ഡസൻകണക്കിന് ഉൽപ്പന്നങ്ങളെയാണ് വിപണിയിൽ നിന്ന് പിൻവലിച്ചത്. കാലിഫോർണിയ ഡയറിസ് വിതരണം ചെയ്ത പാൽപ്പൊടിയിലും ബട്ടർമിൽക്ക് പൗഡറിലുമുള്ള മലിനീകരണ സാധ്യതയാണ് പ്രശ്‌നത്തിന് കാരണം എന്നാണ് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) വ്യക്തമാക്കിയത്.
ഏപ്രിൽ 20ന് സംശയാസ്പദമായ പാൽപ്പൊടി സ്വമേധയാ തിരിച്ചുവിളിച്ചിരുന്നുവെങ്കിലും പിന്നീട് വിവിധ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളിലും അതേ ഘടകം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. വെള്ളിയാഴ്ച വരെ കുറഞ്ഞത് 12 വിഭാഗങ്ങളിലെ നിരവധി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ടെന്നും കൂടുതൽ ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലും ഗ്രോസറി സ്റ്റോറുകളിലുമാണ് ഇവ വിതരണം ചെയ്തിരുന്നത്.
ഗിറാർഡെല്ലി ബ്രാൻഡിന്റെ ചോക്ലേറ്റ് ഫ്രാപ്പെ മിക്‌സുകൾ, ഹോട്ട് കോക്കോ പൗഡറുകൾ, വൈറ്റ് ചോക്ലേറ്റ് മിക്‌സുകൾ തുടങ്ങിയവയും തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഉട്‌സ് കമ്പനിയുടെ സാപ്‌സ്, ഡർട്ടി ബ്രാൻഡ് ചിപ്‌സുകളുടെ ചില രുചിവൈവിധ്യങ്ങളും പിൻവലിച്ചു. ഫിഷർ, സൗതേൺ െ്രസ്രെൽ നട്ട്‌സ്, സ്‌ക്വിറൽ ബ്രാൻഡ് തുടങ്ങിയവയുടെ ട്രെയിൽ മിക്‌സുകളും തിരിച്ചുവിളിച്ചു.
ഇതുകൂടാതെ പോർക്ക് കിംഗ് ഗുഡ് സവർ ക്രീം ആൻഡ് ഓണിയൻ സീസണിങ്, പോർക്ക് റിൻഡ്‌സ്, ജെയിന്റ് ഈഗിൾ പിറ്റ ചിപ്‌സ്, പോപ്‌കോൺ ടോപ്പിങ്ങുകൾ, വില്യംസ് സോണോമ ഗിഫ്റ്റ് ബോക്‌സുകൾ, ചില ഫ്രോസൺ പിസകൾ എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇതിനിടെ പ്രശസ്ത ചോക്ലേറ്റ് ബ്രാൻഡായ സ്പ്രിങ് ആൻഡ് മൾബെറിയുടെ 12 രുചികളിലുള്ള ചോക്ലേറ്റുകളും സാൽമൊണല്ല ഭീഷണിയെ തുടർന്ന് അടുത്തിടെ തിരിച്ചുവിളിച്ചിരുന്നു. എന്നാൽ അതിന് പിന്നിലെ വിതരണക്കാരൻ വ്യത്യസ്തരാണെന്നും കാലിഫോർണിയ ഡയറിസ് സംഭവവുമായി നേരിട്ട് ബന്ധമുണ്ടോ എന്നത് വ്യക്തമല്ലെന്നും എഫ്ഡിഎ അറിയിച്ചു.
ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഉപഭോക്താക്കൾ വാങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ കളയുകയോ സ്റ്റോറിൽ തിരിച്ചുനൽകി പണം തിരികെ വാങ്ങുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
സാൽമൊണല്ല ബാധയുടെ ലക്ഷണങ്ങൾ പ്രകടമാകാൻ ആറു ദിവസം വരെ എടുക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. വയറിളക്കം, വയറുവേദന, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി നാല് മുതൽ ഏഴ് ദിവസംവരെ രോഗലക്ഷണങ്ങൾ തുടരാം. പ്രായമായവർ, ശിശുക്കൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കു രോഗം ഗുരുതരമാകാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സാൽമൊണല്ല ഭീഷണി; യുഎസിൽ ചിപ്‌സ് മുതൽ പോപ്‌കോൺ വരെ നിരവധി സ്‌നാക്‌സ് ഉൽപ്പന്നങ്ങൾ പിൻവലിച്ചു
