വാഷിങ്ടൺ: ഖത്തർ സമ്മാനിച്ച ആഡംബര ബോയിങ് 7478 വിമാനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ആദ്യമായി യാത്ര നടത്തി. പുതിയ വിമാനത്തിലെ ആദ്യയാത്ര അതിയായ ആവേശം നൽകുന്നതാണെന്നും ഈ സമ്മാനത്തിന് ഖത്തറിനോട് നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു.
നോർത്ത് ഡക്കോട്ടയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിയഡോർ റൂസ്‌വെൽറ്റ് പ്രസിഡൻഷ്യൽ ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര.
അമേരിക്കയിൽ നിർമിച്ച ബോയിങ് 7478 വിമാനമാണെങ്കിലും, പ്രസിഡന്റ് ഉപയോഗിക്കുന്നതിന് ആവശ്യമായ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും പ്രത്യേക സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തി പൂർണമായും നവീകരിച്ച ശേഷമാണ് ഇത് സർവീസിനൊരുക്കിയതെന്ന് ട്രംപ് വ്യക്തമാക്കി.
'ആദ്യമായി ഈ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ വലിയ ആവേശമുണ്ട്. ഇതപോലൊരു വിമാനം ലോകത്ത് മറ്റൊന്നില്ല. അതീവ സങ്കീർണമായ സുരക്ഷാ സംവിധാനങ്ങളുള്ള അസാധാരണ വിമാനമാണിത്,' ട്രംപ് പറഞ്ഞു.
നൂറുകണക്കിന് മില്യൺ ഡോളർ വിലമതിക്കുന്ന വിമാനം ഖത്തർ അമേരിക്കൻ പ്രസിഡന്റിന് സമ്മാനിച്ചതിനെതിരെ ധാർമികത, ഭരണഘടനാ വ്യവസ്ഥകൾ, ദേശീയ സുരക്ഷ എന്നിവ സംബന്ധിച്ച് നേരത്തേ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. അമേരിക്ക-ഇറാൻ ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഖത്തറാണ് കഴിഞ്ഞ വർഷം വിമാനം സമ്മാനിച്ചത്. തുടർന്ന് സുരക്ഷാ പരിശോധനകളും സാങ്കേതിക നവീകരണങ്ങളും പൂർത്തിയാക്കിയ ശേഷമാണ് അത് ഉപയോഗത്തിന് സജ്ജമായത്.
ഖത്തർ നൽകിയ വിമാനം പ്രസിഡന്റിന്റെ ഉപയോഗത്തിനായി ഒരുക്കാൻ അമേരിക്കൻ നികുതിദായകർക്ക് വളരെ ചെറിയ ചെലവ് മാത്രമാണ് വന്നതെന്ന് ട്രംപ് പറഞ്ഞു. സമാന നിലവാരത്തിലുള്ള വിമാനം പുതുതായി നിർമിക്കണമെങ്കിൽ അതിനേക്കാൾ വലിയ തുക ചെലവാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്തിന് പണം നൽകാമെന്ന് ഖത്തർ അമീറിനോട് പറഞ്ഞപ്പോൾ, 'ഇത് അമേരിക്കൻ ജനതയ്ക്കുള്ള എന്റെ സംഭാവനയായിരിക്കട്ടെ' എന്നാണ് അദ്ദേഹം മറുപടി നൽകിയതെന്നും ട്രംപ് അവകാശപ്പെട്ടു.
ബോയിങ് കമ്പനി നിർമിച്ചുകൊണ്ടിരിക്കുന്ന രണ്ട് പുതിയ എയർഫോഴ്‌സ് വൺ വിമാനങ്ങൾ കൈമാറുന്നതുവരെ ഈ വിമാനം താൽക്കാലികമായി ഉപയോഗിക്കും. നിർമാണത്തിലെ കാലതാമസവും ചെലവ് വർധനവും കാരണം പുതിയ വിമാനങ്ങൾ എത്താൻ ഇനിയും ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ചത്തെ യാത്രയ്ക്കിടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിലവിലെ എയർഫോഴ്‌സ് വൺ വിമാനങ്ങളിലൊന്നും പുതിയ വിമാനത്തെ അനുഗമിച്ചു.
ഖത്തർ സമ്മാനിച്ച പുതിയ എയർഫോഴ്‌സ് വണ്ണിൽ ട്രംപിന്റെ ആദ്യയാത്ര; 'ഇതുപോലൊരു വിമാനം ലോകത്ത് വേറെയില്ലെന്ന് പ്രതികരണം
