ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡി: റിപ്പബ്ലിക്കന്‍ കലാപത്തില്‍ കുടുങ്ങി ട്രംപ്

ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡി: റിപ്പബ്ലിക്കന്‍ കലാപത്തില്‍ കുടുങ്ങി ട്രംപ്


വാഷിംഗ്ടണ്‍:  വര്‍ഷാവസാനത്തോടെ 'ഒബാമകെയര്‍' ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡി അവസാനിക്കാനിരിക്കെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടിവരുന്നു. സബ്‌സിഡി നിലച്ചാല്‍ കോടിക്കണക്കിന് അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവ് കുത്തനെ ഉയരും എന്ന ആശങ്ക 2026 മിഡ്‌ടേം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന റിപ്പബ്ലിക്കന്‍ നേതാക്കളെ വലയ്ക്കുകയാണ്.

വികസിത രാജ്യങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ചികിത്സാ ചെലവാണ് അമേരിക്കക്കാര്‍ വഹിക്കുന്നതെന്ന് ഒഇസിഡി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, കുറഞ്ഞ വരുമാനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാന്‍ സഹായിക്കുന്ന ACA (അഫോര്‍ഡബിള്‍ കെയര്‍ ആക്ട്) സബ്‌സിഡി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കുന്നത്. 'ഒബാമകെയര്‍' എന്ന പേരില്‍ അറിയപ്പെടുന്ന നിയമത്തോടുള്ള കടുത്ത വിരോധം ചൂണ്ടിക്കാട്ടി, റിപ്പബ്ലിക്കന്‍ നേതൃത്വത്തിന്റെ നിലപാട് സബ്‌സിഡി നീട്ടില്ല എന്നതിലാണ്.

എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തന്നെ അഭിപ്രായഭിന്നത തുറന്ന കലാപമായി മാറുകയാണ്. നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഡെമോക്രാറ്റുകളോടൊപ്പം ചേര്‍ന്ന് സബ്‌സിഡി മൂന്നു വര്‍ഷം കൂടി നീട്ടാനുള്ള ബില്ലിന് പിന്തുണ നല്‍കിയെങ്കിലും, അത് സെനറ്റില്‍ പരാജയപ്പെട്ടു. 'ഇവിടെ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്, എല്ലാവരും സമ്മര്‍ദ്ദത്തിലാണ്,' എന്ന് സെനറ്റര്‍ ജോഷ് ഹോലി തുറന്നു പറഞ്ഞു.

കോണ്‍ഗ്രസ് ഇടപെടാതെ പോയാല്‍ ഏകദേശം 2.2 കോടി ആളുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഇരട്ടിയിലധികമാകുമെന്നും, മൊത്തത്തിലുള്ള വിപണി പ്രീമിയം ശരാശരി 26 ശതമാനം ഉയരുമെന്നുമാണ് ആരോഗ്യനയ ഗവേഷണസ്ഥാപനമായ KFF ന്റെ മുന്നറിയിപ്പ്. ഈ ആശങ്ക ഹൗസിലേക്കും പടരുകയാണ്. സ്വിങ് മണ്ഡലങ്ങളിലെ ഇരുപതോളം റിപ്പബ്ലിക്കന്‍ എംപിമാര്‍, സ്പീക്കര്‍ മൈക്ക് ജോണ്‍സന്റെ എതിര്‍പ്പിനെ അവഗണിച്ച്, സബ്‌സിഡി പുന:സ്ഥാപിക്കാന്‍ വോട്ട് നിര്‍ബന്ധമാക്കുന്ന നടപടികളില്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം നില്‍ക്കുകയാണ്.

ആരോഗ്യനയത്തില്‍ ട്രംപിന്റെ ജനപ്രീതി നേരത്തെ തന്നെ ദുര്‍ബലമാണെന്നും, പ്രീമിയം വര്‍ധനവ് ഡെമോക്രാറ്റുകള്‍ക്ക് ശക്തമായ തിരഞ്ഞെടുപ്പ് ആയുധമാകുമെന്നുമാണ് മുന്നണിയിലെ റിപ്പബ്ലിക്കന്‍ എംപിമാരുടെ ഭയം. ഇതേസമയം, റിപ്പബ്ലിക്കന്‍ നേതൃത്വം അവതരിപ്പിച്ച പുതിയ ആരോഗ്യ ധനസഹായ നിര്‍ദ്ദേശങ്ങളില്‍ സബ്‌സിഡി നീട്ടാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, ഭേദഗതിയായി അവതരിപ്പിക്കാമെങ്കിലും അത് പരാജയപ്പെടുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.

ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ദീര്‍ഘകാല പരിഹാരം കണ്ടെത്താമെന്ന് ട്രംപ് സൂചന നല്‍കിയിട്ടുണ്ടെങ്കിലും, ഒരുകാലത്ത് റദ്ദാക്കുമെന്ന് വാഗ്ദാനം ചെയ്ത നിയമത്തെ പിന്തുണയ്ക്കണമോ, അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് ചെലവ് കുതിച്ചുയരാന്‍ അനുവദിക്കണമോ എന്ന ദുഷ്‌കരമായ വഴിത്തിരിവിലാണ് അദ്ദേഹം. 'ആരോഗ്യസംരക്ഷണം കൂടുതല്‍ ചെലവുകുറവുള്ളതാക്കാന്‍ ഞങ്ങള്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണ്,' എന്ന് ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹകീം ജെഫ്രീസ് വ്യക്തമാക്കി. എന്നാല്‍ പ്രസിഡന്റിന്റെ നിലപാടിലെ കാര്‍ക്കശ്യം മാറുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്.