പാകിസ്ഥാന്റെ ക്രിപ്‌റ്റോ നയതന്ത്രം ട്രംപ് സ്വകാര്യ ബിസിനസ് നേട്ടങ്ങള്‍ക്കു വേണ്ടി ഇന്ത്യാ വിരുദ്ധമാക്കിയോ?

പാകിസ്ഥാന്റെ ക്രിപ്‌റ്റോ നയതന്ത്രം ട്രംപ് സ്വകാര്യ ബിസിനസ് നേട്ടങ്ങള്‍ക്കു വേണ്ടി ഇന്ത്യാ വിരുദ്ധമാക്കിയോ?


ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം അധിക തീരുവകള്‍ പ്രഖ്യാപിക്കുന്നതു വരെ ഇന്ത്യയും യു എസും തന്ത്രപരമായ പങ്കാളികളായിരുന്നു. ഇരുരാജ്യങ്ങളും വ്യാപാര, പ്രതിരോധ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു. 

എന്നാല്‍ ഇന്ത്യക്കു മേല്‍ അധിക താരിഫ് പ്രഖ്യാപിച്ചതിന് ശേഷം യു എസ് പാകിസ്ഥാനുമായി കൂടുതല്‍ അടുപ്പത്തിലായതിന് പിന്നില്‍ ജിയോപൊളിറ്റിക്‌സ് എന്നതിനേക്കാള്‍ ബിസിനസായിരിക്കാം കാരണമെന്നതാണ്. 

യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും മക്കള്‍ക്കും വലിയ ഓഹരികള്‍ സ്വന്തമായുള്ള ക്രിപ്‌റ്റോ പ്രൊജക്ടായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ (ഡബ്ല്യു എല്‍ എഫ് ഐ) ആണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നിലുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപ് കുടുംബമാണ് ഈ സംരംഭത്തിന്റെ 60 ശതമാനത്തോളം നിയന്ത്രിക്കുകയും അതിന്റെ ടോക്കണ്‍ വരുമാനത്തിന്റെ ഭൂരിഭാഗവും സ്വീകരിക്കുകയും ചെയ്യുന്നത്. ഈ വരുമാനം കോടിക്കണക്കിന് ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. 

ബ്ലോക്ക്‌ചെയിന്‍, ക്രിപ്‌റ്റോകറന്‍സി എന്നിവയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക സഹായിയായ ബിലാല്‍ ബിന്‍ സാഖിബ് പാകിസ്ഥാന്റെ ക്രിപ്‌റ്റോ, എഐ നയങ്ങള്‍ രൂപപ്പെടുത്തുന്നതിലെ പ്രധാന വ്യക്തിയാണ്. പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറുമൊത്തുള്ള അദ്ദേഹത്തിന്റെ ഫോട്ടോകള്‍ രാജ്യത്ത് ഇദ്ദേഹത്തിന്റെ സ്ഥാനം എടുത്തുകാട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ നിയമനത്തെ ഡബ്ല്യു എല്‍ എഫ് ഐ നേതാക്കള്‍ പരസ്യമായി പ്രശംസിക്കുകയും ചെയത്ു. അവര്‍ അദ്ദേഹത്തെ 'എപ്ലസ് മാന്യന്‍' എന്നാണ് പ്രശംസിക്കുന്നത്. 

പാകിസ്ഥാന്റെ ക്രിപ്റ്റോ അഭിലാഷങ്ങളും ട്രംപുമായി ബന്ധപ്പെട്ട സാമ്പത്തിക താത്പര്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ കൂടിച്ചേരലുകളാമ് പുതിയ നീക്കങ്ങള്‍ നല്‍കുന്ന സന്ദേശം. 

ലാസ് വെഗാസില്‍ നടന്ന ബിറ്റ്കോയിന്‍ 2025 സമ്മേളനത്തില്‍ ട്രംപുമായി ചേര്‍ന്ന ക്രിപ്റ്റോ ഉപദേഷ്ടാവായ റോബര്‍ട്ട് ബോ ഹൈന്‍സിനെ സാഖിബ് കണ്ടുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്. ബിറ്റ്കോയിന്‍ മൈനിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, എഐ ഇന്നൊവേഷന്‍ സോണുകള്‍, സര്‍ക്കാര്‍ പിന്തുണയുള്ള ബിറ്റ്കോയിന്‍ റിസര്‍വ് എന്നിവ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇസ്ലാമാബാദിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ സാമ്പത്തിക ക്രമത്തിലേക്കുള്ള കുതിപ്പായാണ് കണക്കാക്കുന്നത്. 

ട്രംപിന്റെ വൃത്തത്തെ സംബന്ധിച്ചിടത്തോളം വിമര്‍ശകരുടെ ആരോപണം പാകിസ്ഥാനിലെ സ്വകാര്യ ബിസിനസ്സ് നേട്ടങ്ങള്‍ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ്. 

ട്രംപ് കുടുംബവും പാകിസ്ഥാനും തമ്മിലുള്ള ക്രിപ്റ്റോ ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് മുന്‍ യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജെയ്ക്ക് സള്ളിവന്റെ പരാമര്‍ശങ്ങള്‍ക്കിടയിലാണ്. മെയ്ഡാസ് ടച്ചിന് നല്‍കിയ അഭിമുഖത്തില്‍ സള്ളിവന്‍ പറഞ്ഞത് 'ട്രംപ് കുടുംബവുമായി ബിസിനസ്സ് ഇടപാടുകള്‍ നടത്താനുള്ള പാകിസ്ഥാന്‍ സന്നദ്ധതയാണ് അദ്ദേഹം ഇന്ത്യാ ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ കാരണമെന്നാണ് താന്‍ കരുതുന്നതെന്നാണ്. എന്നാലത് വലിയ തന്ത്രപരമായ ദോഷമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ട്രംപിന്റെ 'ബിസിനസ് ഇടപാടുകള്‍' പ്രധാന തന്ത്രപരമായ മാറ്റത്തിന് പിന്നിലെ പ്രേരക ഘടകമാക്കി സള്ളിവന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. 

അമേരിക്കയുടെ വ്യാപാര കമ്മി പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പത്താമതായിട്ടും യു എസ് ഏറ്റവും കഠിനമായ താരിഫുകള്‍ പ്രയോഗിച്ചത് നിരീക്ഷകരില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇത് ആരോപിക്കപ്പെടുന്ന രീതിയിലുള്ള പാകിസ്ഥാന്‍- ക്രിപ്‌റ്റോ ബന്ധമെന്ന വിശദീകരണമാണ് നല്‍കുന്നത്. ട്രംപിന്റെ സാമ്പത്തിക ഓഹരികള്‍ പാകിസ്ഥാന്‍ സംരംഭങ്ങളുമായി ബന്ധപ്പെട്ടതായിരിക്കാം ഇസ്ലാമാബാദിന്റെ നീക്കങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയെ തന്ത്രപരമായി മാറ്റിനിര്‍ത്തിയതെന്ന്  വിമര്‍ശകര്‍ വാദിക്കുന്നു.

ട്രംപിന്റെ ക്രിപ്‌റ്റോ താത്പര്യങ്ങളെ പാകിസ്ഥാന്‍ നേതൃത്വവുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്‍ ഭൂരിഭാഗവും സാഹചര്യപരമായതും അവകാശവാദങ്ങളെയോ റിപ്പോര്‍ട്ടുകളെയോ അടിസ്ഥാനമാക്കിയുള്ളതാണെന്നും സ്ഥിരീകരിച്ച വെളിപ്പെടുത്തലുകളല്ലെന്നതും ശ്രദ്ധേയമാണ്. ഡബ്ല്യു എല്‍ എഫ് ഐയുടെ ഉടമസ്ഥാവകാശ ഘടനകളെ കുറിച്ചും വ്യക്തതയില്ല. പാകിസ്ഥാന്റെ സൈനികവും ട്രംപുമായി ബന്ധപ്പെട്ടതുമായ വ്യക്തികളുമായുള്ള ബിലാല്‍ ബിന്‍ സാഖിബിന്റെ ബന്ധങ്ങള്‍ക്ക് തെളിവുകളുണ്ടെങ്കിലും ഇവ യു എസ് വിദേശനയത്തില്‍ യഥാര്‍ഥ സ്വാധീനമായി മാറിയിട്ടുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

എങ്കിലും ഡബ്ല്യു എല്‍ എഫ് ഐയുടെ ഉയര്‍ച്ച, സാഖിബിന്റെ വളര്‍ച്ച, മുനീറിന്റെ യു എസ് സ്വാധീനം, ഇന്ത്യക്കെതിരെ പെട്ടെന്നുള്ള താരിഫ് തുടങ്ങിയ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ഈ സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ട്.  പാകിസ്ഥാന്റെ ക്രിപ്റ്റോ നയതന്ത്രം ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ നേരിട്ട് സ്വാധീനിച്ചോ ഇല്ലയോ എന്ന ധാരണയ്ക്ക് തന്നെ പ്രാധാന്യമുണ്ട്. ജിയോപൊളിറ്റിക്സില്‍ ധാരണയാണ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത്. ഇന്ത്യയുമായ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സമവായ നയം സ്വകാര്യ ബിസിനസിനു വേണ്ടി തന്ത്രപരമായി മറികടക്കാന്‍ സാധിക്കുന്നു എന്നത് അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്.  യു എസ്- ഇന്ത്യ ബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രംപ് അതില്‍ നിന്ന് മാറിനടന്നു എന്ന ആരോപണം തന്നെയാണ് ഇത്തരം ബന്ധങ്ങളിലേക്കുള്ള സൂചന.