അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം; സുഹാസ് സുബ്രഹ്മണ്യവും ജോഷ് ഷാപിറോയും വിജയിച്ചു

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം; സുഹാസ് സുബ്രഹ്മണ്യവും ജോഷ് ഷാപിറോയും വിജയിച്ചു


വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിവിധ സംസ്ഥാനങ്ങളില്‍ മുന്നേറ്റം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിനുള്ള ജനപിന്തുണയുടെ വിലയിരുത്തലായി മാറിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 37 സീറ്റുകളിലേക്കുമാണ് മത്സരം. കോണ്‍ഗ്രസിന്റെ ഒരു സഭയിലെങ്കിലും ഭൂരിപക്ഷം തിരിച്ചുപിടിക്കാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. നിലവിലെ ഭൂരിപക്ഷം നിലനിര്‍ത്തുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലക്ഷ്യം. ടെക്‌സസ്, ഒഹായോ, നോര്‍ത്ത് കരോലിന, മെയ്ന്‍, അലാസ്‌ക, അയോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ കടുത്ത മത്സരങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായി.

ഇറാനുമായുള്ള യുദ്ധം, വിലക്കയറ്റം, വ്യാപാര തര്‍ക്കങ്ങള്‍, കുടിയേറ്റം, നികുതി, സര്‍ക്കാര്‍ ചെലവുകള്‍, അമേരിക്കന്‍ സമൂഹത്തിലെ രാഷ്ട്രീയ ധ്രുവീകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രചാരണത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് അഞ്ചുകോടി എഴുപത് ലക്ഷത്തിലധികം പേര്‍ മുന്‍കൂട്ടി വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രധാന മത്സരങ്ങള്‍ നടക്കുന്ന പല സംസ്ഥാനങ്ങളിലും 2022ലെ ഇടക്കാല തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആദ്യഘട്ട വോട്ടിങ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജീവിതച്ചെലവ് നിയന്ത്രിക്കുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന വിമര്‍ശനം ഡെമോക്രാറ്റുകള്‍ പ്രചാരണത്തില്‍ ഉയര്‍ത്തി. സാധാരണക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പകരം വാഷിങ്ടണിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രംപ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന ആരോപണവും അവര്‍ ഉന്നയിച്ചു. ട്രംപ് രണ്ടുവര്‍ഷം മുമ്പ് അനായാസം വിജയിച്ച മണ്ഡലങ്ങളില്‍ പോലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കായി പാര്‍ട്ടി വന്‍തുക ചെലവഴിച്ചിരുന്നു. ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്താനുള്ള ശ്രമവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തമാക്കി.

റോഡ് ഐലന്‍ഡില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹെലീന ഫോക്‌സ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആരണ്‍ ഗക്കിയനെ പരാജയപ്പെടുത്തി. പെന്‍സില്‍വാനിയയില്‍ ജോഷ് ഷാപിറോയും മസാച്യുസെറ്റ്‌സില്‍ മൗറ ഹീലിയും ഗവര്‍ണര്‍ സ്ഥാനത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇല്ലിനോയിസില്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍ ഗവര്‍ണര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജൂലിയാന സ്ട്രാറ്റണ്‍ സെനറ്റിലേക്ക് വിജയിച്ചു. നോര്‍ത്ത് കരോലിനയില്‍ റോയ് കൂപ്പറും ന്യൂഹാംഷെയറില്‍ ക്രിസ് പാപ്പസും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂജേഴ്‌സിയില്‍ കോറി ബുക്കര്‍, ഡെലവെയറില്‍ ക്രിസ് കൂണ്‍സ്, ജോര്‍ജിയയില്‍ ജോണ്‍ ഒസോഫ് എന്നിവര്‍ സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റോഡ് ഐലന്‍ഡില്‍ ജോണ്‍ റീഡും സെനറ്റ് സീറ്റ് നിലനിര്‍ത്തി. അതേസമയം, ഫ്‌ലോറിഡയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആഷ്‌ലി മൂഡി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആന്‍ജി നിക്‌സണെ പരാജയപ്പെടുത്തി സെനറ്റിലേക്ക് വിജയിച്ചു.

ജനപ്രതിനിധിസഭയിലേക്കുള്ള മത്സരങ്ങളിലും ഡെമോക്രാറ്റുകള്‍ക്ക് നേട്ടമുണ്ടായി. വിര്‍ജീനിയയിലെ പത്താം മണ്ഡലത്തില്‍ ഇന്ത്യന്‍ വംശജനായ സുഹാസ് സുബ്രഹ്മണ്യം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മിസോറിയിലെ ഒന്നാം മണ്ഡലത്തില്‍ വെസ്ലി ബെല്‍, ഫ്‌ലോറിഡയിലെ 14ാം മണ്ഡലത്തില്‍ കാത്തി കാസ്റ്റര്‍, ജോര്‍ജിയയിലെ 13ാം മണ്ഡലത്തില്‍ ജാസ്മിന്‍ ക്ലാര്‍ക്ക്, കെന്റക്കിയിലെ മൂന്നാം മണ്ഡലത്തില്‍ മോര്‍ഗന്‍ മക്ഗാര്‍വി, ജോര്‍ജിയയിലെ ആറാം മണ്ഡലത്തില്‍ ലൂസി മക്ബാത്ത് എന്നിവര്‍ സീറ്റുകള്‍ നിലനിര്‍ത്തി. ഫ്‌ലോറിഡയിലെ 24ാം മണ്ഡലത്തില്‍ ഒലിവര്‍ ഗില്‍ബര്‍ട്ടും വിജയിച്ചു. അതേസമയം, ഫ്‌ലോറിഡയിലെ 19ാം മണ്ഡലത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജിം ഷ്വാര്‍ട്ട്‌സലും 15ാം മണ്ഡലത്തില്‍ ലോറല്‍ ലീയും വിജയിച്ചു.

മലയാളിയായ നിത്യരാമന് ലോസ് ആഞ്ചലസ് മേയര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരം

ഇന്ത്യന്‍ വംശജരായ നിരവധി സ്ഥാനാര്‍ഥികള്‍ വിവിധ തലങ്ങളിലുള്ള തിരഞ്ഞെടുപ്പുകളില്‍ മത്സരരംഗത്തുണ്ടെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കേരളത്തില്‍ ജനിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി നിത്യ രാമന്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചലസ് മേയര്‍ സ്ഥാനത്തേക്ക് മുന്‍ മേയര്‍ കാരന്‍ ബാസുമായി കടുത്ത മത്സരത്തിലാണ്. ഇന്ത്യന്‍ വംശജരായ ജനപ്രതിനിധികളായ റോ ഖന്ന, അമി ബേര, പ്രമീള ജയപാല്‍ എന്നിവരും ജനപ്രതിനിധിസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാനായി മത്സരിച്ചു. പിയ ദണ്ഡിയയും അമിഷ് ഷായും ആദ്യമായി കോണ്‍ഗ്രസിലെത്താനുള്ള പോരാട്ടത്തിലാണ്. ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആമി ആക്ടണും തമ്മിലാണ് മത്സരം.

അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാവിലെ ആറിന് ഇന്‍ഡ്യാനയിലും കെന്റക്കിയിലുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വിവിധ സമയമേഖലകള്‍ക്കനുസരിച്ച് മറ്റു സംസ്ഥാനങ്ങളിലും പോളിങ് നടന്നു. കാലിഫോര്‍ണിയയില്‍ പ്രാദേശിക സമയം രാവിലെ ഏഴിനും അലാസ്‌കയില്‍ അമേരിക്കയുടെ കിഴക്കന്‍ സമയമനുസരിച്ച് രാവിലെ 11നുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമുതല്‍ ആദ്യഫലങ്ങള്‍ പുറത്തുവരുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷ. തിരഞ്ഞെടുപ്പിന്റെ അന്തിമഫലം കോണ്‍ഗ്രസിലെ അധികാരസന്തുലിതാവസ്ഥയെയും ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലത്തെ നയതീരുമാനങ്ങളെയും നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.