കൊളറാഡോയില്‍ 15 തവണ എം പിയായിരുന്ന ഡയാന ഡിഗെറ്റെയെ അട്ടിമറിച്ച് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മെലാറ്റ് കിറോസ്

കൊളറാഡോയില്‍ 15 തവണ എം പിയായിരുന്ന ഡയാന ഡിഗെറ്റെയെ അട്ടിമറിച്ച് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മെലാറ്റ് കിറോസ്


ഡെന്‍വര്‍: കൊളറാഡോയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പില്‍ 15 തവണ യു എസ് പ്രതിനിധി സഭാംഗമായിരുന്ന ഡയാന ഡിഗെറ്റെയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി മെലാറ്റ് കിറോസ് വിജയം നേടി. 

ഡെന്‍വര്‍ മേഖലയിലെ മണ്ഡലത്തില്‍ 78 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മെലാറ്റ് കിറോസ് ഏകദേശം 7,000 വോട്ടിന്റെ ലീഡ് നേടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

29-കാരിയായ മെലാറ്റ് കിറോസ് മുന്‍ അഭിഭാഷകയാണ്. ഇസ്രയേല്‍- പാലസ്തീന്‍ വിഷയത്തില്‍ നിയമ സ്ഥാപനങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച സാമൂഹിക മാധ്യമ പോസ്റ്റ് നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെയാണ് അവര്‍ ദേശീയ ശ്രദ്ധ നേടിയത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളെ അവര്‍ 'വംശഹത്യ' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

എത്യോപ്യയില്‍ ജനിച്ച കിറോസ് ശൈശവകാലത്താണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് നേതാക്കളെ പരസ്യമായി വിമര്‍ശിച്ചതും സോഷ്യലിസ്റ്റ് രാഷ്ട്രീയ നിരൂപകനായ ഹസന്‍ പൈക്കറുമായുള്ള രാഷ്ട്രീയ അടുപ്പവും തzരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഹസന്‍ പൈക്കറുടെ ചില പ്രസ്താവനകള്‍ വിമര്‍ശകര്‍ അപകീര്‍ത്തികരവും പ്രകോപനപരവുമാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായതിനാല്‍ നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലും മെലാറ്റ് കിറോസ് വിജയിക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നത്.

വേനല്‍ക്കാലത്ത് നിലവിലുള്ള ജനപ്രതിനിധികളെ പരാജയപ്പെടുത്തി വിജയിക്കുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥികളുടെ നിരയില്‍ ഏറ്റവും പുതിയ ആളാണ് മെലാറ്റ് കിറോസ്. നേരത്തെ ന്യൂയോര്‍ക്ക് നഗരത്തിലും മേയര്‍ സോഹ്രാന്‍ മംദാനിയുടെ പിന്തുണയോടെ മത്സരിച്ച ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്കയുമായി ബന്ധമുള്ള മൂന്ന് സ്ഥാനാര്‍ഥികള്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.