വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മിഷിഗണ്‍ സെനറ്റ് സ്ഥാനാര്‍ഥി അബ്ദുല്‍ എല്‍-സയ്യദിന്റെ പ്രചാരണത്തിന് 1.2 മില്യണ്‍ ഡോളറിലധികം സംഭാവന ലഭിച്ചു. ഡെമോക്രാറ്റിക് പ്രതിനിധി ഹേലി സ്റ്റീവന്‍സ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്‌സിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എല്‍-സയ്യദിന്റെ പ്രചാരണ ഫണ്ടിലേക്ക് വന്‍തോതില്‍ സംഭാവനകള്‍ ഒഴുകിയെത്തിയത്.
ഡെട്രോയിറ്റിലെ ഒരു പള്ളിയില്‍ റോജേഴ്‌സിനൊപ്പം പങ്കെടുത്ത പരിപാടിയിലാണ് സ്റ്റീവന്‍സ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ വോട്ടര്‍മാരില്‍നിന്ന് എല്‍-സയ്യദിന്റെ പ്രചാരണത്തിന് 1.2 മില്യന്‍ ഡോളറിലധികം സംഭാവന ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റില്‍ നടന്ന കടുത്ത മത്സരത്തിനൊടുവില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ സ്റ്റീവന്‍സിനെ പരാജയപ്പെടുത്തിയശേഷം എല്‍-സയ്യദിന് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സംഭാവനയാണിത്. നേരത്തേ പ്രൈമറി വിജയത്തിനു പിന്നാലെ 2.4 മില്യന്‍ ഡോളറിന്റെ സംഭാവനയാണ് അദ്ദേഹത്തിന് ലഭിച്ചത്.
'അബ്ദുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എനിക്ക് സ്ഥാനമില്ലെന്നാണ്' സ്റ്റീവന്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.
അതേസമയം, വോട്ടര്‍മാരെക്കാള്‍ രാഷ്ട്രീയ നേതാക്കളെ കേന്ദ്രീകരിച്ചാണ് സ്റ്റീവന്‍സ് ഈ തെരഞ്ഞെടുപ്പിനെ മാറ്റാന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി (ഡി എന്‍ സി) എല്‍-സയ്യദിനൊപ്പം സംയുക്തമായി ധനസമാഹരണ ഇമെയില്‍ പ്രചാരണം നടത്തി. പൊളിറ്റിക്കോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കെന്‍ മാര്‍ട്ടിന്‍ നേതൃത്വം നല്‍കുന്ന ഡി എന്‍ സി, സ്റ്റീവന്‍സ് റോജേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഇസ്രായേലിനുള്ള അമേരിക്കന്‍ പിന്തുണയുമായി ബന്ധപ്പെട്ട നിലപാടുകളാണ് ഇരുനേതാക്കള്‍ക്കുമിടയിലെ രാഷ്ട്രീയ ഭിന്നതയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇസ്രായേലിന്റെ ശക്തയായ പിന്തുണക്കാരിയാണ് സ്റ്റീവന്‍സ്. എന്നാല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തെയും അതിന് അമേരിക്ക നല്‍കുന്ന സൈനിക സഹായത്തെയും എല്‍-സയ്യദ് രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
റിബെലിയന്‍ പിഎസി പുറത്തിറക്കിയ പരസ്യവും വിവാദത്തിന് ആക്കം കൂട്ടി. ഇസ്രായേലിന് അമേരിക്ക നല്‍കുന്ന സഹായമാണ് പണപ്പെരുപ്പത്തിന് കാരണമാകുന്നതെന്ന സൂചന നല്‍കുന്നതായിരുന്നു പരസ്യം. എന്നാല്‍ പരസ്യം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയതല്ലെന്നും അതിലെ സന്ദേശത്തോട് തനിക്ക് വിയോജിപ്പുണ്ടെന്നും എല്‍-സയ്യദ് വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോജേഴ്‌സിനെ പരാജയപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഡെമോക്രാറ്റിക് പ്രൈമറിയിലെ പഴയ തര്‍ക്കങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനാണ് സ്റ്റീവന്‍സ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
'മിഷിഗണിലെ കുടുംബങ്ങള്‍ക്കുവേണ്ടി പോരാടാനും ട്രംപിന്റെ അജന്‍ഡയെ ചെറുക്കാനും ഡെമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത സൃഷ്ടിക്കാനുള്ള നീക്കങ്ങളെ ഞങ്ങള്‍ തള്ളിക്കളയുന്നു. അവസാന നിമിഷത്തെ രാഷ്ട്രീയ നാടകങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. ചൊവ്വാഴ്ച അബ്ദുല്‍ എല്‍-സയ്യദിനെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്നിരട്ടിയായി ശക്തിപ്പെടുത്തും' ഡി എന്‍ സി അധ്യക്ഷന്‍ കെന്‍ മാര്‍ട്ടിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രൈമറി തെരഞ്ഞെടുപ്പില്‍ സ്റ്റീവന്‍സിന് എഐപാക് വഴി കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എഐപാകുമായി ബന്ധമുള്ള യുണൈറ്റഡ് ഡെമോക്രസി പ്രോജക്ട് വഴി 3.5 കോടി ഡോളറിലധികം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ചതായി എഐപാക് ട്രാക്കര്‍ വ്യക്തമാക്കുന്നു.
ഇസ്രായേലിന് വ്യവസ്ഥകളില്ലാതെ നല്‍കുന്ന 330 കോടി ഡോളറിന്റെ അമേരിക്കന്‍ സൈനിക സഹായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി അവതരിപ്പിച്ച ഭേദഗതിക്കെതിരെയും സ്റ്റീവന്‍സ് വോട്ട് ചെയ്തിരുന്നു.
2025ല്‍ ഗാസയിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തെയും സ്റ്റീവന്‍സ് പിന്തുണച്ചിരുന്നു.
