ഇസ്രയേല്‍ വിഷയത്തിലെ ഭിന്നത രൂക്ഷമായി; ഡെമോക്രാറ്റ് സ്ഥാനാര്‍ഥിക്കെതിരെ റിപ്പബ്ലിക്കന് പിന്തുണയുമായി ഹേലി സ്റ്റീവന്‍സ്

ഇസ്രയേല്‍ വിഷയത്തിലെ ഭിന്നത രൂക്ഷമായി; ഡെമോക്രാറ്റ് സ്ഥാനാര്‍ഥിക്കെതിരെ റിപ്പബ്ലിക്കന് പിന്തുണയുമായി ഹേലി സ്റ്റീവന്‍സ്


മിഷിഗണ്‍: അമേരിക്കന്‍ സെനറ്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മിഷിഗണിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ രാഷ്ട്രീയ ഭിന്നത രൂക്ഷം. പാര്‍ട്ടിയുടെ സെനറ്റ് സ്ഥാനാര്‍ഥി അബ്ദുല്‍ എല്‍സയ്ദിനെതിരെ മത്സരിച്ച ഡെമോക്രാറ്റിക് പ്രതിനിധി ഹേലി സ്റ്റീവന്‍സ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്‌സിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് പാര്‍ട്ടിയില്‍ വലിയ വിവാദത്തിന് വഴിവെച്ചു. ഡെട്രോയിറ്റിന് വടക്കുള്ള പെര്‍ഫെക്റ്റിങ് ചര്‍ച്ചിലെ ശുശ്രൂഷയില്‍ റോജേഴ്‌സിനും ഭാര്യയ്ക്കുമൊപ്പം പങ്കെടുത്ത ശേഷമാണ് സ്റ്റീവന്‍സ് പിന്തുണ പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി തന്റെ പ്രചാരണത്തില്‍ തനിക്ക് ഇനി ഇടമില്ലെന്നും മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ടതായി സ്റ്റീവന്‍സ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഓഗസ്റ്റില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് എല്‍സയ്ദ് സ്റ്റീവന്‍സിനെ പരാജയപ്പെടുത്തിയത്. ഇസ്രയേലുമായി ബന്ധപ്പെട്ട എല്‍സയ്ദിന്റെ പരാമര്‍ശങ്ങളോടുള്ള വിയോജിപ്പാണ് സ്റ്റീവന്‍സിന്റെ നിലപാടിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ താന്‍ എല്‍സയ്ദിന് വോട്ട് ചെയ്യുമെന്ന് അടുത്തിടെ അവര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍നിന്നുള്ള പിന്മാറ്റമാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചത്.

ഇസ്രയേലിനുള്ള അമേരിക്കന്‍ സൈനിക സഹായം ഭക്ഷ്യവില വര്‍ധനയ്ക്ക് കാരണമാകുന്നുവെന്ന പ്രമേയമുള്ള പരസ്യത്തെ എല്‍സയ്ദ് അപലപിക്കണമെന്ന് സ്റ്റീവന്‍സ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. പരസ്യം ജൂതവിരുദ്ധമാണെന്നായിരുന്നു അവരുടെ ആരോപണം. എന്നാല്‍, പരസ്യം തയാറാക്കിയത് താനല്ലെന്നും അതിലെ ഉള്ളടക്കത്തോട് യോജിപ്പില്ലെന്നും എല്‍സയ്ദ് വ്യക്തമാക്കിയിരുന്നു. പ്രൈമറി കഴിഞ്ഞിട്ടും പഴയ തര്‍ക്കങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുകയാണെന്ന് അദ്ദേഹം സ്റ്റീവന്‍സിനെ വിമര്‍ശിച്ചു.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോജേഴ്‌സിനെ പിന്തുണച്ച സ്റ്റീവന്‍സിന്റെ നടപടി ഡെമോക്രാറ്റിക് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക് ഷൂമര്‍ ഇതിനെ 'നിന്ദ്യമായ വഞ്ചന'യെന്നാണ് വിശേഷിപ്പിച്ചത്. സ്ഥാനാര്‍ഥി എല്‍സയ്ദിന് പിന്നില്‍ സെനറ്റ് ഡെമോക്രാറ്റുകള്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റീവന്‍സിന്റെ ദീര്‍ഘകാല ചീഫ് ഓഫ് സ്റ്റാഫ് സംഭവത്തിന് പിന്നാലെ രാജിവെച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഡെമോക്രാറ്റ് ഗാരി പീറ്റേഴ്‌സ് വിരമിക്കുന്നതോടെ ഒഴിവുവരുന്ന സീറ്റിലേക്കാണ് എല്‍സയ്ദും റോജേഴ്‌സും ഏറ്റുമുട്ടുന്നത്. മിഷിഗണിലെ സീറ്റ് നിലനിര്‍ത്തുന്നത് സെനറ്റില്‍ ഭൂരിപക്ഷം നേടാനുള്ള ഡെമോക്രാറ്റുകളുടെ നീക്കത്തില്‍ നിര്‍ണായകമാണ്. ഇസ്രയേല്‍ നയത്തെച്ചൊല്ലിയുള്ള ഭിന്നതയും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ട്ടിക്കുള്ളിലെ പോരും മത്സരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിച്ചിരിക്കുകയാണ്.