അതിശൈത്യത്തില്‍ മരണം മൂന്നായി; 10 ലക്ഷത്തിലധികം പേര്‍ ഇരുട്ടില്‍

അതിശൈത്യത്തില്‍ മരണം മൂന്നായി; 10 ലക്ഷത്തിലധികം പേര്‍ ഇരുട്ടില്‍


ന്യൂയോര്‍ക്ക്:അമേരിക്കയുടെ വിവിധ ഭാഗങ്ങളിലെ അതിശക്തമായ മഞ്ഞുവീഴ്ചയിലും ശൈത്യതരംഗത്തിലും ഇതുവരെ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൂസിയാനയില്‍ രണ്ടും ടെക്‌സാസില്‍ ഒന്നും മരണങ്ങളാണ് സ്ഥിരീകരിച്ചത്. കടുത്ത തണുപ്പ് മൂലമുണ്ടാകുന്ന ഹൈപ്പോതെര്‍മിയ  ആണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശക്തമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ 10 ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു. ടെന്നസി, മിസിസിപ്പി, ലൂസിയാന സംസ്ഥാനങ്ങളിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരം.

അമേരിക്കയില്‍ ഞായറാഴ്ച മാത്രം പന്ത്രണ്ടായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ, റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ പൂര്‍ണ്ണമായും അടച്ചു.

തെക്ക് മുതല്‍ വടക്കുകിഴക്കന്‍ മേഖല വരെയുള്ള 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 18.5 കോടി ജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശത്തിന് കീഴിലാണ്.

ബോസ്റ്റണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ 23 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മഞ്ഞുവീഴ്ചയില്‍ ഒന്നായിരിക്കും.

ന്യൂയോര്‍ക്ക് സിറ്റിയിലെ പബ്ലിക് സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പഠനം ഓണ്‍ലൈന്‍ വഴി തുടരും.