ന്യൂയോര്‍ക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട സോഹ്രാന്‍ മംദാനിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ സൗഹൃദപരമായ കൂടിക്കാഴ്ച നടത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. എന്നാല്‍ സൗഹൃദപരമായ കൂടിക്കാഴ്ചകൊണ്ടോ തനിക്കു ലഭിച്ച കനിവേറിയ ഹസ്തദാനം കൊണ്ടോ ട്രംപിനെ ക്കുറിച്ചുള്ള തന്റെ മുന്‍ നിലപാടില്‍ മാറ്റം വന്നിട്ടില്ല എന്നാണ് മംദാനി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ട്രംപ് ഒരു 'ഫാസിസ്റ്റ്' ആണെന്നും അമേരിക്കന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും താന്‍ ഇന്നും വിശ്വസിക്കുന്നതായാണ് എന്‍ബിസിയുടെ മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞത്. 'മുന്‍പ് പറഞ്ഞതെല്ലാം ഞാന്‍ ഇന്നും വിശ്വസിക്കുന്നു,' എന്നായിരുന്നു മംദാനി ആവര്‍ത്തിച്ചത്.
അതേവേളയില്‍, തങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വൈരുധ്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ കഴിഞ്ഞുവെന്നതിനും, ആ ചര്‍ച്ച നിര്‍ണായക വിഷയങ്ങളില്‍ കേന്ദ്രീകരിച്ചതിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. 'ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറച്ചുവെച്ചില്ല. ഈ നിമിഷത്തിലേക്ക് നമ്മെ കൊണ്ടുവന്ന രാഷ്ട്രീയങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചു,' മംദാനി പറഞ്ഞു. താന്‍ ഒവല്‍ ഓഫീസില്‍ പോയത് രാഷ്ട്രീയ സ്റ്റണ്ട് നടത്താനല്ല, ന്യൂയോര്‍ക്കുകാരുടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തര്‍ക്കങ്ങള്‍ നിലനിന്നിട്ടും സൗഹൃദപരമായ സംഭാഷണം രാജ്യത്തിനും നഗരവാസികള്‍ക്കും നല്ല സന്ദേശം നല്‍കുമെന്ന് മംദാനി വ്യക്തമാക്കി. 'ഞങ്ങള്‍ തമ്മിലുള്ള വിയോജിപ്പുകള്‍ക്കപ്പുറം രാജ്യത്തിനു വേണ്ടി നല്ലൊരു ബന്ധം നിര്‍മിക്കാമെന്ന് തെളിയിക്കണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ന്യൂയോര്‍ക്കുകാരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍-അവരുടെ ജീവിതച്ചെലവ്, സുരക്ഷ-ഇവയെക്കുറിച്ച് സംസാരിക്കാന്‍ സാദ്ധ്യമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു,'- മംദാനി പറഞ്ഞു.
വെളളിയാഴ്ച നടന്ന ഏകദേശം 25 മിനുട്ട് നീണ്ട അടച്ചിട്ട കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പത്രസമ്മേളനത്തില്‍ ഇരുവരും പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തിരുന്നു. കഴിഞ്ഞ മാസങ്ങളിലുടനീളം തമ്മില്‍ നടന്ന കടുത്ത വാഗ്വാദങ്ങളുടെയും പരസ്പര വിമര്‍ശനങ്ങളെയും അപേക്ഷിച്ച് ആ സൗഹൃദ നിമിഷം തികച്ചും വ്യത്യസ്തമായിരുന്നു. ട്രംപ് നേരത്തെ മംദാനി മേയറായാല്‍ ന്യൂയോര്‍ക്കിലേക്ക് ഫെഡറല്‍ ഫണ്ടുകള്‍ തടയുമെന്നും, കുറ്റകൃത്യങ്ങളെ നേരിടാന്‍ ഫെഡറല്‍ ഏജന്റുകളെ അയയ്ക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. മറുവശത്ത്, ഐസിഇയുടെ റെയ്ഡുകളെയും വന്‍തോതില്‍ നടപ്പാക്കിയ നാടുകടത്തലുകളെയും മംദാനി കഠിനമായി വിമര്‍ശിച്ചിരുന്നു.
'ട്രംപിനെ ഇപ്പോഴും ഫാസിസ്റ്റ് ആയാണോ കാണുന്നത് ?' എന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് വെളളിയാഴ്ച ട്രംപ് തന്നെ ചിരിയോടു കൂടി ''അങ്ങനെ തന്നെയാണ് കാണുന്നതെന്ന് പറഞ്ഞോളൂ'' എന്ന് മറുപടി നല്‍കി.
ഞായറാഴ്ച മംദാനി പറഞ്ഞതില്‍ നിന്ന്, ഇരുവരുടെയും കൂടിക്കാഴ്ചയില്‍ സുരക്ഷയും ജീവിതച്ചെലവും ആണ് മുഖ്യ വിഷയങ്ങളായിരുന്നുവെന്നത് വ്യക്തമാണ്. ന്യൂയോര്‍ക്കിലേക്ക് ഫെഡറല്‍ സേന അയക്കില്ലെന്ന് ട്രംപ് ഉറപ്പു നല്‍കിയോയെന്ന ചോദ്യത്തിന് മംദാനി നേരിട്ട് ഉത്തരമൊന്നും നല്‍കിയില്ലെങ്കിലും, ശനിയാഴ്ച ട്രംപ് തന്നെ 'ഇപ്പോള്‍ സൈന്യത്തെ വേറിടങ്ങളിലാണ് കൂടുതല്‍ ആവശ്യമായത് ' എന്ന് പറഞ്ഞിരുന്നു. 'ന്യൂയോര്‍ക്കിലെ സുരക്ഷയും കാര്യങ്ങളുമെല്ലാം NYPD കൈകാര്യം ചെയ്യുമെന്ന് താന്‍ വ്യക്തമായി അറിയിച്ചുവെന്ന് മംദാനിയും വ്യക്തമാക്കി.
ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളും നീരസം വര്‍ധിപ്പിച്ച കാലഘട്ടത്തിനു ശേഷം ഇരുവര്‍ക്കുമിടയില്‍ ആരംഭിച്ച സൗഹൃദം-ന്യൂയോര്‍ക്കുകാരുടെ ആശങ്കകള്‍ കുറയ്ക്കുമോ എന്നത് അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
ട്രംപ് ഫാസിസ്റ്റ് ആണെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് മംദാനി; പ്രതികരണം കൂടിക്കാഴ്ചയ്ക്കുശേഷം രണ്ടാം നാള്‍
