യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പിലെ 41,000ത്തിലധികം ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു; ഐ സി ഇ ഉദ്യോഗസ്ഥരും പട്ടികയില്‍

യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പിലെ 41,000ത്തിലധികം ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു; ഐ സി ഇ ഉദ്യോഗസ്ഥരും പട്ടികയില്‍


വാഷിംഗ്ടണ്‍: അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് (ഡി എച്ച് എസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന 41,000ത്തിലധികം ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍, ഔദ്യോഗിക വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്. 'ഐസ്പിക്ക്' എന്ന് പേരിട്ട ഡേറ്റാബേസിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ യു എസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രധാന സൈബര്‍ ആക്രമണമോ വിവരച്ചോര്‍ച്ചയോ ആണിത്. കഴിഞ്ഞ മാസം ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കിങ് സംഘം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലെ (എഫ് ബി ഐ) ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കുള്ള സംഭാവനകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും സമീപ ദിവസങ്ങളില്‍ സംശയിക്കപ്പെടുന്ന ഹാക്കിംഗ് ശ്രമത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.

വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട സാധ്യതയുള്ള സുരക്ഷാവീഴ്ചയെക്കുറിച്ച് അറിവുണ്ടെന്നും സാഹചര്യം വേഗത്തിലും ഫലപ്രദമായും പരിഹരിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് അറിയിച്ചു. ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ സുരക്ഷാ ഭീഷണികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും വക്താവ് വ്യക്തമാക്കി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിവരച്ചോര്‍ച്ചയില്‍ കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുന്ന ഐ സി ഇ ഉദ്യോഗസ്ഥരുടെയും കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥര്‍ ഓരോ ഏജന്‍സിയിലും നിര്‍വഹിക്കുന്ന കൃത്യമായ ജോലികളുടെ വിവരണങ്ങളും പുറത്തുവന്നിട്ടുണ്ട്.

പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, പട്ടികയിലുള്ളവരില്‍ 21,000ത്തിലധികം പേര്‍ സിബിപിയിലും ഏകദേശം 6,600 പേര്‍ ഐസിഇയിലുമാണ് ജോലി ചെയ്യുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ്, ഫെഡറല്‍ പ്രൊട്ടക്റ്റീവ് സര്‍വീസ്, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്.

നേരത്തേ പുറത്തറിയാത്ത നിരവധി രഹസ്യ ഓപ്പറേഷനുകളുടെ പേരുകള്‍, അവയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച സാങ്കേതികവിദ്യകള്‍ എന്നിവയും ചോര്‍ന്ന ഡേറ്റയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെലിബ്രൈറ്റിന്റെയും പാലന്റിറിന്റെയും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പീസ് എന്ന പേരിലുള്ള സംഘമാണ് ആഭ്യന്തര സുരക്ഷാ വകുപ്പില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ സുരക്ഷാ ഗവേഷകയും മാധ്യമ പ്രവര്‍ത്തകയുമായ മായ ക്രൈംയൂവും ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍സ് ഓഫ് സീക്രട്ട്സ് എന്ന വെബ്സൈറ്റും ചേര്‍ന്നാണ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്.

എല്ലാ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ ഡയറക്ടറി തയ്യാറാക്കുകയല്ല ലക്ഷ്യമെന്ന് സംഘവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ 'അജ്ഞാതത്വത്തിന് പകരം ഉത്തരവാദിത്തം' കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഡിഡിഒസീക്രട്ട്സിന്റെ സഹസ്ഥാപക എമ്മ ബെസ്റ്റ് പറഞ്ഞു.

രഹസ്യമായും ആള്‍മാറാട്ടത്തിലൂടെയും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍, വിവരച്ചോര്‍ച്ചകള്‍ അന്വേഷിക്കുന്ന സര്‍ക്കാര്‍ നടപടികള്‍, പരാജയപ്പെട്ട ബ്ലൂലീക്‌സ് അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥരുടെ വിവരങ്ങളും ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബെസ്റ്റ് അവകാശപ്പെട്ടു. 2020ല്‍ യു എസ് പൊലീസ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട വന്‍തോതിലുള്ള വിവരങ്ങള്‍ ചോര്‍ന്ന സംഭവമാണ് ബ്ലൂലീക്‌സ് എന്നറിയപ്പെടുന്നത്.

മാര്‍ച്ചില്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി ചുമതലയേറ്റ മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ ജൂലൈ 17ന് നടപടികള്‍ കൂടുതല്‍ കടുപ്പിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഐ സി ഇക്കെതിരായ ഈ നടപടി സ്വീകരിച്ചതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പീസ് വക്താവ് അവകാശപ്പെട്ടു.

ഒക്ട എന്ന സിംഗിള്‍ സൈന്‍-ഓണ്‍ സേവനം വഴിയാണ് ഉദ്യോഗസ്ഥരുടെ പ്രൊഫൈലുകളിലേക്ക് പ്രവേശിച്ചതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പീസ് അവകാശപ്പെട്ടു. സ്ഥാപനങ്ങളുടെ ആഭ്യന്തര സംവിധാനങ്ങളില്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രം പ്രവേശനം ഉറപ്പാക്കാന്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനമാണ് ഒക്ട.

വിവരച്ചോര്‍ച്ച സംബന്ധിച്ച അവകാശവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഒക്ട വക്താവ് അറിയിച്ചു. എന്നാല്‍ കമ്പനിയുടെ സംവിധാനങ്ങള്‍ സുരക്ഷിതമാണെന്നും തങ്ങളുടെ ഡേറ്റയോ സിസ്റ്റങ്ങളോ അപഹരിക്കപ്പെട്ടതിന് തെളിവുകളില്ലെന്നും കമ്പനി വ്യക്തമാക്കി.

ട്രംപ് ഭരണകൂടം അനധികൃതമായി രാജ്യത്ത് കഴിയുന്നതായി സംശയിക്കുന്നവര്‍ക്കെതിരായ അറസ്റ്റുകളും നാടുകടത്തലുകളും വര്‍ധിപ്പിക്കുന്നതിനിടെ, യു എസില്‍ കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുന്ന ഏജന്‍സികള്‍ക്കെതിരായ പൊതുജനപ്രതിഷേധം ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ഐ സി ഇ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വെടിവെപ്പുകളില്‍ കുറഞ്ഞത് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മിനസോട്ടയില്‍ ഐ സി ഇ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട അലക്‌സ് പ്രെട്ടിയും റെനി ഗുഡും ഇതില്‍ ഉള്‍പ്പെടുന്നു. ഇരുവരും അറസ്റ്റിന് ലക്ഷ്യമിട്ട വ്യക്തികളായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

കുടിയേറ്റ നടപടികള്‍ക്കിടെ പലപ്പോഴും മുഖംമൂടികളും സണ്‍ഗ്ലാസുകളും ധരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നിയമപ്രകാരം തിരിച്ചറിയല്‍ വെളിപ്പെടുത്തേണ്ട ബാധ്യതയുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ പലപ്പോഴും അത് പാലിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഈ നിബന്ധന നടപ്പാക്കണമെന്ന് യു എസ് രാഷ്ട്രീയ നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രംപ് 2025ല്‍ വീണ്ടും പ്രസിഡന്റായി ചുമതലയേറ്റശേഷം യു എസില്‍ ഏകദേശം പത്ത് ലക്ഷം പേരെ നാടുകടത്തിയിട്ടുണ്ടെന്നാണ് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. നാടുകടത്തപ്പെട്ടവരില്‍ 70 ശതമാനത്തിലധികം പേര്‍ക്ക് ക്രിമിനല്‍ കേസുകളോ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മുന്‍കാല രേഖകളോ ഇല്ലാത്തവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.