ന്യൂയോര്‍ക്ക്: ക്രിസ്മസ്-പുതുവത്സര കാലത്തെ യാത്രകളെ ഗുരുതരമായി ബാധിച്ച് അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ വന്‍ മഞ്ഞുപെയ്ത്ത് തുടരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. 'പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിരന്തരം പിന്തുടരണമെന്നും യാത്ര അനിവാര്യമെങ്കില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കണമെന്നും ഗവര്‍ണര്‍ കാത്തി ഹോക്കല്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ട്രൈസ്‌റ്റേറ്റ് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. ഫിലഡല്‍ഫിയ മുതല്‍ ന്യൂയോര്‍ക്ക് സിറ്റി, ആല്‍ബനി വരെയുള്ള പ്രദേശങ്ങളില്‍ രാത്രിയിലുടനീളം യാത്ര ഏറെ ദുഷ്‌കരമാകും. ന്യൂയോര്‍ക്ക് സിറ്റിയില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ മഞ്ഞ് വീഴ്ച തുടങ്ങുകയും ശനിയാഴ്ച രാവിലെ ഏഴോടെ ശമിക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നഗരത്തില്‍ ഏകദേശം ഏഴ് ഇഞ്ച് മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് 'പ്രധാനപ്പെട്ട മഞ്ഞുപെയ്ത്ത്' എന്ന് വിശേഷിപ്പിച്ച മേയര്‍ എറിക് ആഡംസ്, രാത്രി മുതല്‍ റോഡുകളില്‍ മഞ്ഞു നീക്കാന്‍ പ്ലൗകള്‍ സജ്ജമാകുമെന്നും അറിയിച്ചു. അപ്‌സ്‌റ്റേറ്റ് ന്യൂയോര്‍ക്ക് മുതല്‍ ലോംഗ് ഐലന്‍ഡ് വരെ ആറു മുതല്‍ പത്ത് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.
വിമാന സര്‍വീസുകളും വലിയ തോതില്‍ തടസപ്പെട്ടു. വെള്ളിയാഴ്ച മാത്രം 1,500ലേറെ വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയിലെ മൂന്ന് വിമാനത്താവളങ്ങളും ഫിലഡല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവളവും ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടവയില്‍പ്പെടുന്നു. പെന്‍സില്‍വേനിയയില്‍ രാവിലെ മുതല്‍ തന്നെ ഐസ് മഴ റോഡുകളെ മൂടി, അപകടകരമായ അവസ്ഥ സൃഷ്ടിച്ചു. പടിഞ്ഞാറന്‍ പെന്‍സില്‍വേനിയയിലെ ചില പ്രദേശങ്ങളില്‍ ഐസ് സ്‌റ്റോം മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ വൈദ്യുതി തടസ്സങ്ങളും മരങ്ങള്‍ വീഴുന്നതും ഉണ്ടാകാമെന്ന് അധികൃതര്‍ അറിയിച്ചു. ഫിലഡല്‍ഫിയയില്‍ ഒരു മുതല്‍ മൂന്ന് ഇഞ്ച് വരെ മഞ്ഞും ഐസ് പാളിയും പ്രതീക്ഷിക്കുന്നതിനാല്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഞ്ഞുപെയ്ത്തും ഐസ് മഴയും ചേര്‍ന്ന ഈ കാലാവസ്ഥാ വ്യതിയാനം വടക്കുകിഴക്കന്‍ മേഖലയിലെ സാധാരണ ജീവിതത്തെ സാരമായി ബാധിക്കുമ്പോള്‍, അധികൃതര്‍ ജനങ്ങളുടെ സഹകരണവും ജാഗ്രതയും അഭ്യര്‍ഥിക്കുകയാണ്.
വന്‍ മഞ്ഞുപെയ്ത്ത്; ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും അടിയന്തരാവസ്ഥ; 1500 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
