ഡാലസിൽ കനത്ത കാലാവസ്ഥ: നാല്-അഞ്ച് ദിവസം വീടിനുള്ളിൽ തന്നെ കഴിയാൻ നിർദേശം

ഡാലസിൽ കനത്ത കാലാവസ്ഥ: നാല്-അഞ്ച് ദിവസം വീടിനുള്ളിൽ തന്നെ കഴിയാൻ നിർദേശം

Volunteers prepare cots at an inclement weather shelter in Dallas, Texas, on Friday


ഡാലസ്: മഞ്ഞുവീഴ്ചയും കഠിനമായ തണുപ്പുമുള്ള കനത്ത കാലാവസ്ഥയെ തുടർന്ന് അമേരിക്കയിലെ ഡാലസ് നഗരവാസികൾ അടുത്ത നാല് മുതൽ അഞ്ച് ദിവസം വരെ വീടിനുള്ളിൽ തന്നെ കഴിയാൻ തയ്യാറെടുക്കണമെന്ന് നഗര ഭരണകൂടം അറിയിച്ചു. ആവശ്യമായ ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ മുൻകൂട്ടി ഒരുക്കണമെന്ന് ഡാലസ് സിറ്റി എമർജൻസി മാനേജ്‌മെന്റ് ആൻഡ് ക്രൈസിസ് റെസ്‌പോൺസ് ഡയറക്ടർ കെവിൻ ഓഡൻ പറഞ്ഞു.

'ബുധനാഴ്ച വരെ പോലും വീടിനുള്ളിൽ തന്നെ കഴിയേണ്ട സാഹചര്യം ഉണ്ടാകാം. കാലാവസ്ഥ പൂർണമായും ശാന്തമാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം,' അദ്ദേഹം സിഎൻഎൻ ചാനലിനോട് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തന്നെ നഗരം 'റസ്‌പോൺസ് മോഡിലേക്ക്' കടന്നതായി ഓഡൻ വ്യക്തമാക്കി. റോഡുകളിൽ ഐസ് നീക്കൽ, അഭയകേന്ദ്രങ്ങൾ ഒരുക്കൽ, മാസങ്ങളായി തയ്യാറാക്കിയ അടിയന്തര പദ്ധതികൾ നടപ്പാക്കൽ എന്നിവ പുരോഗമിക്കുകയാണ്.

അടുത്ത 48 മുതൽ 72 മണിക്കൂർ വരെ റോഡുകളിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ഈ സമയത്ത് റോഡുകളിൽ ഇറങ്ങുന്നത് അപകടകരമാണ്. അതിനാൽ അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുത്,' ഓഡൻ പറഞ്ഞു.

മഴയും മഞ്ഞുവീഴ്ചയും അവസാനിച്ചാലും അപകടസാധ്യത തുടരുമെന്നും അധികൃതർ അറിയിച്ചു. താപനില ഉയരുമ്പോൾ വെള്ളപ്പൈപ്പുകൾ പൊട്ടാനും ജലവിതരണ ശൃംഖലയിൽ തകരാറുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഓഡൻ വ്യക്തമാക്കി.

അതേസമയം, നഗരത്തിലെ അടിയന്തരസേവന വിഭാഗങ്ങൾ സുരക്ഷ ഉറപ്പാക്കുന്നതിനിടെ അയൽവാസികളെ ശ്രദ്ധിക്കാനും സഹായിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. 'വൈദ്യുതി, റോഡ് ഗതാഗതം, ആശുപത്രികളുടെ പ്രവർത്തനം, ജലവിതരണം തുടങ്ങിയ നിർണായക സംവിധാനങ്ങളാണ് ഞങ്ങൾ പ്രധാനമായി നിരീക്ഷിക്കുന്നത്. ഇവയിൽ ഏതെങ്കിലും തകരാറുണ്ടായാൽ ഉടൻ പരിഹരിക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്,' ഓഡൻ പറഞ്ഞു.

കനത്ത കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതയും സഹകരണവും അനിവാര്യമാണെന്ന് നഗര ഭരണകൂടം ആവർത്തിച്ചു.