ക്യൂബയ്ക്കിനി എണ്ണയില്ല; പണവും: ട്രംപ്

ക്യൂബയ്ക്കിനി എണ്ണയില്ല; പണവും: ട്രംപ്


വാഷിങ്ടണ്‍: വെനിസ്വേലയിലെ എണ്ണയോ പണമോ ഇനി ക്യൂബയ്ക്ക് ലഭിക്കില്ലെന്ന മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സമയം വൈകാതെ കരാറിന് ക്യൂബ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 

നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെ ഹവാനയിലേക്കുള്ള വെനിസ്വേലന്‍ എണ്ണയും സാമ്പത്തിക സഹായവും ഇനി പൂര്‍ണമായും അവസാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. 

വര്‍ഷങ്ങളായി വെനിസ്വേലയില്‍ നിന്ന് ലഭിക്കുന്ന എണ്ണയും പണവും ക്യൂബ ആശ്രയിക്കുന്നുണ്ടെന്നും അതിന് പകരമായി കഴിഞ്ഞ രണ്ട് വെനിസ്വേലന്‍ ഏകാധിപതികള്‍ക്ക് സുരക്ഷാ സേവനങ്ങള്‍ ക്യൂബ നല്‍കിയിരുന്നുവെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഇനി അങ്ങനെ ഇല്ലെന്നും കഴിഞ്ഞ ആഴ്ച നടന്ന യു എസ് ആക്രമണത്തില്‍ ആ ക്യൂബക്കാരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടതായും വെനിസ്വേലയ്ക്ക് ഇനി വര്‍ഷങ്ങളോളം അവരെ ബന്ദികളാക്കി വച്ച ഗുണ്ടകളുടെയും പിരിവുകാരുടെയും സംരക്ഷണം ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയായ അമേരിക്ക അവരെ സംരക്ഷിക്കുമെന്നു പറഞ്ഞ ട്രംപ് അത് തങ്ങള്‍ ഉറപ്പാക്കുമെന്നും പോസ്റ്രില്‍ വ്യക്തമാക്കി. 

കാരക്കാസില്‍ നിന്ന് യു എസ് സൈന്യം മഡൂറോയെ പിടികൂടിയതിന് ശേഷം ക്യൂബയിലെ ഭരണകൂടവും ഉടന്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

എയര്‍ ഫോഴ്സ് വണ്ണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ, കാരക്കാസില്‍ നടന്ന യു എസ് സൈനിക ആക്രമണത്തില്‍ നിരവധി ക്യൂബക്കാര്‍ കൊല്ലപ്പെട്ടതായി ട്രംപ് പറഞ്ഞിരുന്നു. ക്യൂബയില്‍ നേരിട്ടുള്ള അമേരിക്കന്‍ സൈനിക ഇടപെടല്‍ ആവശ്യമില്ലെന്നും രാജ്യം സ്വയം തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1959ല്‍ ഫിഡല്‍ കാസ്‌ട്രോ വാഷിങ്ടണ്‍ പിന്തുണച്ചിരുന്ന ഹവാന ഭരണകൂടത്തെ അട്ടിമറിച്ച് മുന്‍ സോവിയറ്റ് യൂണിയനുമായി സഖ്യമുണ്ടാക്കി സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ചതിന് ശേഷം യു എസും ക്യൂബയും തമ്മിലുള്ള ബന്ധം ദീര്‍ഘകാലമായി സംഘര്‍ഷഭരിതമായ നിലയിലാണ്.

ഇതിനിടെ യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ 'ക്യൂബയുടെ പ്രസിഡന്റ് ആയേക്കും' എന്നവകാശപ്പെടുന്ന ഒരു പോസ്റ്റ് ട്രംപ് പങ്കുവച്ചതും കൗതുകം സൃഷ്ടിച്ചു. ട്രൂത്ത് സോഷ്യലില്‍ ആ പോസ്റ്റിന് ട്രംപ് നല്‍കിയ അടിക്കുറിപ്പ് തനിക്ക് നല്ലതായാണ് തോന്നുന്നത് എന്നായിരുന്നു. എന്നാല്‍ ലാറ്റിനമേരിക്കയെ കുറിച്ചുള്ള ട്രംപിന്റെ അടുത്തകാലത്തെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമ അതിശയോക്തിയാണിത് എന്ന വിലയിരുത്തലാണ് ഇതേ കുറിച്ച് പറയുന്നത്.