'നോ കിംഗ്‌സ്' പ്രതിഷേധം: ട്രംപിനെതിരെ അമേരിക്കയിലുടനീളം വൻ റാലികൾ

'നോ കിംഗ്‌സ്' പ്രതിഷേധം: ട്രംപിനെതിരെ അമേരിക്കയിലുടനീളം വൻ റാലികൾ


വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ 'നോ കിംഗ്‌സ്' മുദ്രാവാക്യവുമായി അമേരിക്കയിലുടനീളം വൻ പ്രതിഷേധ റാലികൾ നടന്നു. ശനിയാഴ്ച നടന്ന റാലികളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തു.

മിന്നസോട്ടയിലെ സെന്റ് പോളിൽ നടന്ന പ്രധാന മാർച്ചിൽ മാത്രം ഏകദേശം ഒരു ലക്ഷം പേർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. ന്യൂയോർക്ക് നഗരത്തിൽ 3.5 ലക്ഷത്തിലധികം പേരും പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. രാജ്യത്താകമാനം 3,300ലധികം സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടന്നതായും ഏകദേശം 80 ലക്ഷം പേർ പങ്കെടുത്തതായും 'നോ കിംഗ്‌സ്' കൂട്ടായ്മ വ്യക്തമാക്കി.

ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (കഇഋ) നടപടികളിലും ഇറാൻ യുദ്ധത്തിലും പ്രതിഷേധിച്ച് 'ജനാധിപത്യം ഇങ്ങനെയാണ്' എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു. 'യുദ്ധമില്ല, കഇഋ വേണ്ട, രാജാക്കന്മാർ വേണ്ട' എന്ന സന്ദേശങ്ങളുള്ള പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി.

പ്രശസ്ത ഗായകൻ ബ്രൂസ് സ്പ്രിംങ്സ്റ്റീൻ സെന്റ് പോളിലെ റാലിയിൽ പങ്കെടുത്ത് പ്രതിഷേധഗാനം ആലപിക്കുകയും ജനങ്ങൾക്കൊപ്പം 'ICE പുറത്തേക്ക്' എന്ന് മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു.

അതേസമയം, പ്രതിഷേധങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ഇവ മാധ്യമങ്ങൾ മാത്രം പ്രാധാന്യം നൽകുന്ന സംഭവങ്ങളാണെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.

പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ന്യൂയോർക്ക് പൊലീസിന്റെ വിവരമനുസരിച്ച് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. സാൻ ഡിയേഗോയിലും വലിയ ജനക്കൂട്ടം ഉണ്ടായിട്ടും യാതൊരു പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

മദ്ധ്യപൂർവേഷ്യയിലെ യുദ്ധങ്ങളിൽ അമേരിക്കയുടെ പങ്കിനെതിരെയും പ്രതിഷേധക്കാർ ശക്തമായി പ്രതികരിച്ചു. 'അവസാനമില്ലാത്ത യുദ്ധങ്ങളിൽ അമേരിക്കൻ ജനങ്ങൾ മടുത്തിരിക്കുന്നു' എന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു.