വാഷിംഗ്ടൺ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റ് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആശങ്ക അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ രോഗവ്യാപനം ആഫ്രിക്കയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണെന്നാണ് തന്റെ വിശ്വാസമെങ്കിലും സാഹചര്യം ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോംഗോയിൽ ജോലി ചെയ്തിരുന്ന ഒരു അമേരിക്കൻ പൗരന് എബോള സ്ഥിരീകരിച്ചതോടെയാണ് അമേരിക്ക കൂടുതൽ ജാഗ്രതാ നടപടികളിലേക്ക് കടന്നത്. ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന വിമാനയാത്രികർക്കായി വിമാനത്താവളങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തുകയും ചില വിസ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (സിഡിസി) പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ നിയന്ത്രണങ്ങൾ വ്യക്തമാക്കിയത്. അതേസമയം, എബോള പടർന്നു പിടിക്കുന്ന സാഹചര്യത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.
കോംഗോയിൽ സേവനമനുഷ്ഠിച്ചിരുന്ന അമേരിക്കക്കാരന് ജോലി സംബന്ധമായ സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് എബോള പ്രതികരണ വിഭാഗം മേധാവിയായ സതീഷ് പിള്ളൈ അറിയിച്ചു. വാരാന്ത്യത്തിലാണ് രോഗലക്ഷണങ്ങൾ പ്രകടമായതെന്നും ഞായറാഴ്ച രാത്രിയോടെയാണ് പരിശോധനാഫലം പോസിറ്റീവായതെന്നും അദ്ദേഹം പറഞ്ഞു. രോഗിയെ കൂടുതൽ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ ആറു പേരെ കൂടി നിരീക്ഷണത്തിനും മാറ്റിപ്പാർപ്പിക്കലിനുമായി തയ്യാറാക്കുന്നതായും അധികൃതർ അറിയിച്ചു.
കോംഗോയിലെ ഫീൽഡ് ഓഫീസിൽ നിലവിൽ 25ഓളം അമേരിക്കൻ ആരോഗ്യപ്രവർത്തകർ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും കൂടുതൽ സാങ്കേതിക സംഘങ്ങളെ വിന്യസിക്കുകയാണെന്നും സിഡിസി വ്യക്തമാക്കി. നിലവിൽ അമേരിക്കൻ ജനങ്ങൾക്ക് അടിയന്തര ഭീഷണി കുറഞ്ഞതാണെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. എന്നാൽ സാഹചര്യം മാറുന്ന സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനിടയുണ്ടെന്നും സിഡിസി അറിയിച്ചു.
കഴിഞ്ഞ 21 ദിവസത്തിനിടെ ഉഗാണ്ട, കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ള അമേരിക്കൻ പൗരത്വമില്ലാത്തവർക്കാണ് പുതിയ പ്രവേശന നിയന്ത്രണങ്ങൾ ബാധകമാകുക. ഉഗാണ്ടയിലെ അമേരിക്കൻ എംബസിയും താത്കാലികമായി വിസ സേവനങ്ങൾ നിർത്തിവച്ചിട്ടുണ്ട്.
എബോള ഭീഷണി: അമേരിക്കയിലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി; ആശങ്ക അറിയിച്ച് ട്രംപ്
