വാഷിംഗ്ടണ്‍: എച്ച്-1ബി, പേര്‍മ് വിസ പദ്ധതികളുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന തട്ടിപ്പും ദുരുപയോഗവും അന്വേഷിക്കുന്നതിനിടെ പ്രമുഖ ഐ ടി കമ്പനിയായ കോഗ്നിസന്റിന്റെ പുതിയ അപേക്ഷകള്‍ക്ക് യു എസ് തൊഴില്‍ വകുപ്പ് വിലക്കേര്‍പ്പെടുത്തി. വിദേശ തൊഴിലാളികളെ അമേരിക്കയില്‍ സ്ഥിരതാമസത്തിനായി സ്‌പോണ്‍സര്‍ ചെയ്യുന്നതിന് തൊഴിലുടമകള്‍ യു എസ് തൊഴില്‍ വകുപ്പിന്റെ അനുമതി തേടുന്ന നടപടിക്രമമാണ് പേര്‍മ് അഥവാ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റ്.
തൊഴില്‍ അധിഷ്ഠിത വിസകളെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യന്‍ ഐ ടി കമ്പനികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് പുതിയ നടപടി.
അമേരിക്കന്‍ സര്‍ക്കാരിന്റെ തൊഴില്‍ അധിഷ്ഠിത കുടിയേറ്റ പദ്ധതികളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരിശോധന ശക്തമാകുന്നതിനിടെയാണ് കോഗ്നിസന്റിനെതിരായ നടപടി.
യു എസ് തൊഴില്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആന്റണി ഡി'എസ്‌പോസിറ്റോ സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് കോഗ്നിസന്റിന്റെ അപേക്ഷകള്‍ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്. എച്ച്-1ബി, പദ്ധതികളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യം ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ തൊഴിലാളികളുടെ താത്പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന നടപടികള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഡി'എസ്‌പോസിറ്റോ മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസ് ഫ്രോഡ് ടാസ്‌ക് ഫോഴ്‌സുമായും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഏകോപിച്ചാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
പേര്‍മ് പദ്ധതിയുടെ ഭാഗമായി, പ്രസ്തുത ജോലിക്ക് യോഗ്യരും ലഭ്യരുമായ അമേരിക്കന്‍ തൊഴിലാളികള്‍ ഇല്ലെന്ന് തൊഴിലുടമ തെളിയിക്കേണ്ടതുണ്ട്. കൂടാതെ, വിദേശ തൊഴിലാളിയെ നിയമിക്കുന്നത് അമേരിക്കന്‍ തൊഴിലാളികളുടെ വേതനത്തെയോ തൊഴില്‍ സാഹചര്യങ്ങളെയോ പ്രതികൂലമായി ബാധിക്കില്ലെന്നും ഉറപ്പാക്കണം.
ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്തുക, നിയമന നടപടികള്‍ നടത്തുക, ആവശ്യമായ അപേക്ഷ തൊഴില്‍ വകുപ്പില്‍ സമര്‍പ്പിക്കുക തുടങ്ങിയ ഘട്ടങ്ങളാണ് പെര്‍മ് നടപടിക്രമത്തിലുള്ളത്. പെര്‍മ് അനുമതി ലഭിച്ചാല്‍ തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡ് നടപടികളുടെ തുടര്‍ഘട്ടങ്ങളിലേക്ക് തൊഴിലുടമയ്ക്ക് കടക്കാം.
അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പുതിയ പെര്‍മ് അപേക്ഷകളുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് കോഗ്നിസന്റ് ഫലത്തില്‍ തടയപ്പെടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, നിലവില്‍ അനുവദിച്ചിട്ടുള്ള പെര്‍മ് അംഗീകാരങ്ങള്‍ ഇതോടെ സ്വമേധയാ റദ്ദാകുകയോ നിലവിലുള്ള എച്ച്-1ബി വിസകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ ഇല്ല.
കോഗ്നിസന്റിനെതിരായ നടപടി ഇന്ത്യന്‍ ഐ ടി മേഖലയ്ക്ക് കൂടുതല്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ടി സി എസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച് സി എല്‍, കോഗ്നിസന്റ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ഐ ടി കമ്പനികള്‍ ചരിത്രപരമായി എച്ച്-1ബി വിസ പദ്ധതിയുടെ പ്രധാന ഉപയോക്താക്കളാണ്.
തൊഴില്‍ വകുപ്പ് നിലവിലെ രീതിയില്‍ പരിശോധനയും നിരീക്ഷണവും ശക്തമായി തുടരുകയാണെങ്കില്‍ മറ്റ് ഐ ടി കമ്പനികളുടെ എച്ച്-1ബി, പെര്‍മ് നടപടിക്രമങ്ങളും കൂടുതല്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകാന്‍ സാധ്യതയുണ്ട്.
തൊഴില്‍ അധിഷ്ഠിത കുടിയേറ്റ പദ്ധതികളെ അമേരിക്കന്‍ അധികൃതര്‍ കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് പുതിയ നടപടി. ഇന്ത്യന്‍ ഐ ടി കമ്പനികള്‍ക്കും അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്ന വിദേശ പ്രൊഫഷണലുകള്‍ക്കും വരും മാസങ്ങളില്‍ നിര്‍ണായകമായി നിരീക്ഷിക്കേണ്ട സംഭവവികാസമായാണ് ഈ അന്വേഷണത്തെ കാണുന്നത്.
