വാഷിങ്ടണ്‍: അമേരിക്കയില്‍ വിനോദസഞ്ചാര വിസയില്‍ എത്തി പ്രസവിച്ച് കുഞ്ഞിന് അമേരിക്കന്‍ പൗരത്വം നേടുന്ന 'ബര്‍ത്ത് ടൂറിസം' നിയന്ത്രിക്കുന്നതിന് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. വിദേശ പൗരന്മാരുടെ ചില വിഭാഗങ്ങളുടെ അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വമേധയാ ലഭിക്കുന്ന ജന്മാവകാശ പൗരത്വം നിയന്ത്രിക്കുകയാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരുടെയും താത്ക്കാലിക വിസയില്‍ കഴിയുന്നവരുടെയും അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്കുള്ള സ്വമേധയാ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ മുന്‍ ശ്രമം അടുത്തിടെ അമേരിക്കന്‍ സുപ്രിം കോടതി തടഞ്ഞതിന് പിന്നാലെയാണ് പുതിയ നടപടി.
വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, പ്രസവിക്കാനെന്ന ഏക ലക്ഷ്യത്തോടെ ടൂറിസ്റ്റ് വിസയില്‍ അമേരിക്കയിലെത്തി ജന്മാവകാശ പൗരത്വ വ്യവസ്ഥ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചു.
'ജന്മാവകാശ പൗരത്വത്തെ പരിഹാസ്യമാക്കിയിരിക്കുകയാണ്. ഇത് തീര്‍ത്തും അന്യായമാണ്. അതിനാല്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ്,' ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ വിശദീകരണമനുസരിച്ച്, പ്രധാനമായും പ്രസവിക്കാനായി അമേരിക്കയിലെത്തുന്നവരുടെ കുട്ടികള്‍ക്ക് പൗരത്വ ആനുകൂല്യം ലഭിക്കുന്നത് തടയുകയാണ് ഉത്തരവിന്റെ ലക്ഷ്യം.
കൂടാതെ, 'വിദേശ ഭീകരസംഘടനകളിലെ അംഗങ്ങളുടെയും വിദേശ സര്‍ക്കാരുകള്‍ക്ക് വേണ്ടി ലോബിയിംഗ് നടത്തുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന വലിയ വിഭാഗം ആളുകളുടെയും കുട്ടികള്‍ക്കും ഈ നിയന്ത്രണം ബാധകമാകുമെന്ന്' മില്ലര്‍ പറഞ്ഞു.
ഇതിലൂടെ, ജന്മാവകാശ പൗരത്വത്തിന് അര്‍ഹതയില്ലാത്ത നിരവധി പേര്‍ക്ക് ഇനി ആ ആനുകൂല്യം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ഭരണഘടനയിലെ 14-ാം ഭേദഗതിപ്രകാരമാണ് ജന്മാവകാശ പൗരത്വം ഉറപ്പുനല്‍കുന്നത്. അമേരിക്കയില്‍ ജനിക്കുകയും അമേരിക്കന്‍ നിയമപരമായ അധികാരപരിധിക്ക് വിധേയരാവുകയും ചെയ്യുന്ന എല്ലാവരും അമേരിക്കന്‍ പൗരന്മാരാണെന്നാണ് ഭരണഘടന പറയുന്നത്.
എന്നാല്‍ ഇതിന് നിലവില്‍ ചില ഒഴിവുകളുണ്ട്. വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുട്ടികള്‍ക്ക് സ്വമേധയാ അമേരിക്കന്‍ പൗരത്വം ലഭിക്കില്ല. കാരണം അവരുടെ മാതാപിതാക്കള്‍ അമേരിക്കന്‍ നിയമപരമായ അധികാരപരിധിക്ക് വിധേയരായി കണക്കാക്കപ്പെടുന്നില്ല.
അതേസമയം, പ്രസവിക്കുകയെന്ന പ്രധാന ഉദ്ദേശ്യത്തോടെയാണ് ഒരാള്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതെന്ന് സംശയിക്കുന്ന പക്ഷം കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിക്കാനുള്ള അധികാരം നിലവിലെ അമേരിക്കന്‍ കുടിയേറ്റ നിയമം നല്‍കുന്നുണ്ട്.
ഈ വര്‍ഷം ആദ്യം, അനധികൃതമായി അമേരിക്കയില്‍ കഴിയുന്നവരുടെയോ താത്ക്കാലിക വിസയില്‍ കഴിയുന്നവരുടെയോ അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വമേധയാ പൗരത്വം നിഷേധിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു.
എന്നാല്‍ താഴ്ന്ന കോടതികള്‍ ഉത്തരവ് സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെ അമേരിക്കന്‍ സുപ്രിം കോടതി ഭരണഘടന ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വ സംരക്ഷണം വീണ്ടും ശരിവെച്ച് ട്രംപിന്റെ നീക്കത്തെ തടയുകയായിരുന്നു. സുപ്രിം കോടതിയുടെ പ്രസ്തുത വിധിയെ ട്രംപ് 'വളരെ ദൗര്‍ഭാഗ്യകരം' എന്നാണ് വിശേഷിപ്പിച്ചത്.
അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം കൊണ്ടുവന്ന 14-ാം ഭേദഗതിയുടെ ഉദ്ദേശ്യം മുന്‍ അടിമകള്‍ക്ക് പൗരത്വം ഉറപ്പാക്കുക എന്നതായിരുന്നു. അനധികൃത കുടിയേറ്റക്കാരുടെയോ താത്ക്കാലിക സന്ദര്‍ശകരുടെയോ കുട്ടികള്‍ക്ക് സ്വമേധയാ പൗരത്വം നല്‍കുക എന്നതല്ലെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം.
