വാഷിംഗ്ടണ്‍: ചൈനയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുന്നത് ഇന്ത്യയ്ക്ക് ഇരട്ടമുന്നണിയില്‍ സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുമെന്ന് യു എസ് കോണ്‍ഗ്രസ് സമിതിയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ അമേരിക്കന്‍ ഭരണകൂടം നടപടിയെടുക്കണമെന്നും യു എസ്- ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്‍ (യു എസ് സി സി) ശുപാര്‍ശ ചെയ്തു.
'ചൈനയുടെ മറ്റൊരു മുന്നണി: ഇന്ത്യയും ഇന്തോ- പസഫിക് മേഖലയിലെ അമേരിക്കന്‍ തന്ത്രത്തിന്റെ ഭാവിയും' എന്ന അധ്യായത്തിലാണ് കമ്മീഷന്‍ ഈ വിലയിരുത്തലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനുള്ള ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനിക- സുരക്ഷാ പിന്തുണ ഇന്ത്യയ്ക്ക് ഇരട്ടമുന്നണി ഭീഷണി കൂടുതല്‍ ഗൗരവമുള്ളതാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2025 മെയ് മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷവും ഓപ്പറേഷന്‍ സിന്ദൂറും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇന്ത്യയുടെ ആരോപണം.
സംഘര്‍ഷസമയത്ത് നേരിട്ട് യുദ്ധത്തില്‍ പങ്കുചേരാതെതന്നെ പാകിസ്ഥാന്റെ സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ ചൈനയ്ക്ക് കഴിയുമെന്ന് ഈ സംഭവവികാസങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഭാവിയില്‍ പാകിസ്ഥാനുമായി ഒരു സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയുടെ സൈനിക ആസൂത്രണത്തെ ഇത് കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയുടെ വളര്‍ച്ചയെ തന്ത്രപരമായ വെല്ലുവിളിയായാണ് ബെയ്ജിങ് കാണുന്നതെന്നും സൈനിക, സാമ്പത്തിക, സമുദ്ര മേഖലകളിലെ സമ്മര്‍ദങ്ങളിലൂടെ ഇന്ത്യയുടെ സ്വാധീനം പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ജനസംഖ്യ, സമ്പദ്വ്യവസ്ഥ, സൈനികശേഷി, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ചൈനയുമായുള്ള ദീര്‍ഘകാല ശക്തിസന്തുലനത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും കമ്മീഷന്‍ വിലയിരുത്തി. എന്നാല്‍, സ്വന്തം താത്പര്യങ്ങള്‍ക്കും തന്ത്രപരമായ സ്വയംഭരണത്തിനും ഇന്ത്യ നല്‍കുന്ന പ്രാധാന്യവും റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം, ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ആണവായുധ ശേഷിയുള്ള രാഷ്ട്രം, ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തികളിലൊന്നിന്റെ ഉടമ എന്നീ നിലകളില്‍ ഇന്ത്യയുടെ പ്രാധാന്യം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയുമായി ഏകദേശം 2,100 മൈല്‍ തര്‍ക്കമുള്ള അതിര്‍ത്തി പങ്കിടുന്ന ഇന്ത്യ, ചൈനയുടെ ഊര്‍ജ- വ്യാപാര നീക്കങ്ങളില്‍ നിര്‍ണായകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്രപാതകളിലും തന്ത്രപ്രധാനമായ സ്ഥാനത്താണ്.
അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരത്തിന്റെ പ്രധാന വേദി പടിഞ്ഞാറന്‍ പസഫിക് മേഖലയാണെങ്കിലും കരയിലും കടലിലും ഇന്ത്യ ചൈനയ്ക്ക് മറ്റൊരു തന്ത്രപരമായ വെല്ലുവിളിയാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. വാഷിംഗ്ടണുമായുള്ള സഖ്യത്തിന്റെ ഭാഗമായല്ല, സ്വന്തം ദേശീയ താത്പര്യങ്ങളുടെയും തന്ത്രപരമായ സ്വയംഭരണത്തിന്റെയും അടിസ്ഥാനത്തിലാണ് ചൈനയുമായുള്ള ഇന്ത്യയുടെ മത്സരം നിലനില്‍ക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.
ഏഷ്യയിലെ ശക്തിസന്തുലനം അനുകൂലമാക്കുന്നതില്‍ ശക്തമായ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നും ചൈനീസ് ഉത്പാദന- വിതരണ ശൃംഖലകള്‍ക്ക് ബദലായി ഇന്ത്യയ്ക്ക് വളരാനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അമേരിക്കയുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതുകൊണ്ട് അമേരിക്കയുടെ എല്ലാ നയലക്ഷ്യങ്ങളോടും ഇന്ത്യ യോജിക്കണമെന്നില്ലെന്നും വിലയിരുത്തുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്രസുരക്ഷയും അടിക്കടിയുള്ള നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിക്കും സംയുക്ത സൈനിക മേധാവികളുടെ ചെയര്‍മാനും നിര്‍ദേശം നല്‍കണമെന്ന് യു എസ് കോണ്‍ഗ്രസ് സമിതി ശുപാര്‍ശ ചെയ്തു.
ഇടയ്ക്കിടെയുള്ള സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കപ്പുറം സ്ഥിരമായ പ്രവര്‍ത്തനതലത്തിലുള്ള ഏകോപനത്തിലേക്ക് സഹകരണം വ്യാപിപ്പിക്കണമെന്നാണ് പ്രധാന നിര്‍ദേശം. രഹസ്യാന്വേഷണ വിവരങ്ങളും നിരീക്ഷണ വിവരങ്ങളും പതിവായി കൈമാറുക, ചൈനീസ് യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും നീക്കങ്ങള്‍ സംയുക്തമായി നിരീക്ഷിക്കുക, സമുദ്രസുരക്ഷാ ഭീഷണികളോട് വേഗത്തില്‍ പ്രതികരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയും ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു.
ഇതിനുപുറമെ, ഇരു രാജ്യങ്ങളിലെയും വളര്‍ന്നുവരുന്ന പ്രതിരോധ, ഭരണ, വ്യവസായ, അക്കാദമിക മേഖലകളിലെ നേതാക്കള്‍ക്കിടയില്‍ ദീര്‍ഘകാല ബന്ധം വളര്‍ത്തുന്നതിനായി 'ഇന്തോ- അമേരിക്കന്‍ സ്ട്രാറ്റജിക് ലീഡര്‍ഷിപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം' ആരംഭിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
