കാലിഫോര്‍ണിയ: സംസ്ഥാനത്തെ ശതകോടീശ്വരന്മാര്‍ക്ക് ഒറ്റത്തവണ പ്രത്യേക നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം കാലിഫോര്‍ണിയയിലെ വോട്ടര്‍മാര്‍ തള്ളി. എന്‍ബിസി ന്യൂസ് പുറത്തുവിട്ട തെരഞ്ഞെടുപ്പ് പ്രവചനത്തിലാണ് പ്രൊപ്പോസിഷന്‍ 40 പരാജയപ്പെട്ടതായി വ്യക്തമാക്കിയത്. നിര്‍ദേശത്തെ ശക്തമായി പിന്തുണച്ചവര്‍ക്ക് ഇത് വലിയ തിരിച്ചടിയായി.
ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലും ദേശീയതലത്തിലും വലിയ ചര്‍ച്ചകള്‍ക്കും ഭിന്നതകള്‍ക്കും പ്രൊപ്പോസിഷന്‍ 40 വഴിവെച്ചിരുന്നു. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനിടെയാണ് ഈ വിഷയം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം സൃഷ്ടിച്ചത്. നിര്‍ദേശം ബാധിക്കുമായിരുന്ന ശതകോടീശ്വരന്മാര്‍, പ്രത്യേകിച്ച് സിലിക്കണ്‍ വാലിയിലെ സമ്പന്നര്‍, വന്‍തോതില്‍ പരസ്യപ്രചാരണത്തിന് പണം ചെലവഴിച്ചതും ശ്രദ്ധേയമായി.
1.1 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള കാലിഫോര്‍ണിയ നിവാസികളുടെ മൊത്തം ആസ്തിക്ക് അഞ്ച് ശതമാനം നികുതി ചുമത്താനായിരുന്നു നിര്‍ദേശത്തിലെ വ്യവസ്ഥ. ഒരു ബില്യണ്‍ മുതല്‍ 1.1 ബില്യണ്‍ ഡോളര്‍ വരെ ആസ്തിയുള്ളവര്‍ക്ക് ഘട്ടംഘട്ടമായി കുറഞ്ഞ നികുതി അടയ്ക്കാനുള്ള സംവിധാനവും നിര്‍ദേശിച്ചിരുന്നു.
ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 90 ശതമാനവും ആരോഗ്യരംഗത്ത് ചെലവഴിക്കണമെന്നായിരുന്നു മറ്റൊരു പ്രധാന വ്യവസ്ഥ. 2026 ജനുവരി ഒന്നിന് കാലിഫോര്‍ണിയയില്‍ താമസിച്ചിരുന്നവര്‍ക്കും നികുതി മുന്‍കാല പ്രാബല്യത്തോടെ ബാധകമാകുമായിരുന്നു.
അമേരിക്കയില്‍ ആദ്യമായി ശതകോടീശ്വരന്മാര്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്ന നിയമമായി പ്രൊപ്പോസിഷന്‍ 40 മാറുമായിരുന്നു. എന്നാല്‍ സമ്പന്നരുടെ നികുതി വര്‍ധിപ്പിക്കണമെന്ന് പൊതുവെ ആവശ്യപ്പെടുന്ന പലരും ഈ നിര്‍ദേശത്തെ എതിര്‍ത്തു. ഒറ്റത്തവണ മാത്രം ചുമത്തുന്ന നികുതിയായതിനാലും വരുമാനത്തിന്റെ ഭൂരിഭാഗവും ആരോഗ്യരംഗത്തിന് മാത്രമായി നീക്കിവെക്കുന്നതിനാലുമായിരുന്നു എതിര്‍പ്പ്.
നികുതി ഏര്‍പ്പെടുത്തിയാല്‍ സമ്പന്നരായ കാലിഫോര്‍ണിയ നിവാസികള്‍ കൂട്ടത്തോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസം മാറുമെന്നും ഇതോടെ സംസ്ഥാനത്തിന്റെ പൊതുനികുതി വരുമാനം കുറയുകയും ബജറ്റ് പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യുമെന്നായിരുന്നു ഇരുപാര്‍ട്ടികളിലെയും വിമര്‍ശകരുടെ വാദം.
നിര്‍ദേശത്തെ എതിര്‍ത്തവരില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ ഗാവിന്‍ ന്യൂസവും ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട സേവിയര്‍ ബെസേറയും ഉള്‍പ്പെടുന്നു. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാവുന്ന വ്യക്തിയായാണ് ന്യൂസത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കാലിഫോര്‍ണിയയിലെ പ്രമുഖ തൊഴിലാളി യൂണിയനുകളും ഡെമോക്രാറ്റിക് അനുകൂല സംഘടനകളും നിര്‍ദേശത്തിനെതിരെ നിലപാടെടുത്തു.
അതേസമയം, വെര്‍മോണ്ടില്‍ നിന്നുള്ള സ്വതന്ത്ര സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സും കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്നയും നിര്‍ദേശത്തെ ശക്തമായി പിന്തുണച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുവരും പ്രചാരണ പരിപാടികളിലും റാലികളിലും പങ്കെടുത്തു.
പ്രൊപ്പോസിഷന്‍ 40നെ എതിര്‍ത്തവര്‍ പരസ്യപ്രചാരണ രംഗത്ത് വന്‍ സാമ്പത്തിക മേല്‍ക്കൈ നേടി. ഒക്ടോബര്‍ അവസാനത്തോടെ നിര്‍ദേശത്തെ എതിര്‍ക്കുന്നവര്‍ അനുകൂലികളേക്കാള്‍ 250 മടങ്ങ് അധികം തുക പരസ്യങ്ങള്‍ക്കായി ചെലവഴിച്ചതായി പരസ്യച്ചെലവ് നിരീക്ഷണ സ്ഥാപനമായ ആഡ് ഇംപാക്ട് വ്യക്തമാക്കി.
'നോ ഓണ്‍ പ്രൊപ്പോസിഷന്‍ 40' എന്ന പേരിലുള്ള സഖ്യമായിരുന്നു ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. കാലിഫോര്‍ണിയ ടീച്ചേഴ്‌സ് അസോസിയേഷന്‍, കാലിഫോര്‍ണിയ മെഡിക്കല്‍ അസോസിയേഷന്‍, പ്ലാന്‍ഡ് പാരന്റ്ഹുഡ് തുടങ്ങിയ സംഘടനകള്‍ സഖ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. നിരവധി ശതകോടീശ്വരന്മാരില്‍നിന്നും ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചു.
ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നില്‍നിന്നും കാലിഫോര്‍ണിയ ബിസിനസ് റൗണ്ട്‌ടേബിളില്‍നിന്നും മറ്റ് ചില സംഘടനകള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, സര്‍വീസ് എംപ്ലോയീസ് ഇന്റര്‍നാഷണല്‍ യൂണിയന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ച 'ബില്യണയര്‍ ടാക്‌സ് നൗ' പ്രചാരണസംഘം പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
'വോട്ടെടുപ്പില്‍ താത്ക്കാലിക വിജയം നേടാന്‍ ശതകോടീശ്വരന്മാര്‍ക്ക് കഴിഞ്ഞിരിക്കാം. എന്നാല്‍ ഈ വിഷയത്തിലുള്ള ചര്‍ച്ച അവസാനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് പോരാട്ടത്തിന്റെ ആദ്യഘട്ടം മാത്രമാണ്,' പ്രൊപ്പോസിഷന്‍ 40ന്റെ പ്രചാരണ പങ്കാളിയും യൂണിയന്‍ ചീഫ് ഓഫ് സ്റ്റാഫുമായ സൂസന്‍ ജിമെനെസ് പ്രസ്താവനയില്‍ പറഞ്ഞു.
ശതകോടീശ്വരന്മാര്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ പ്രതിരോധിക്കുന്നതിനായി എതിര്‍പക്ഷം പ്രൊപ്പോസിഷന്‍ 41, പ്രൊപ്പോസിഷന്‍ 42 എന്നീ രണ്ട് നിര്‍ദേശങ്ങളും വോട്ടെടുപ്പില്‍ അവതരിപ്പിച്ചിരുന്നു. ഇവ പ്രൊപ്പോസിഷന്‍ 40 നടപ്പാക്കുന്നത് ഫലത്തില്‍ അസാധ്യമാക്കുന്ന തരത്തിലുള്ളതായിരുന്നു.
പുതിയ പ്രത്യേക നികുതി നിര്‍ദേശങ്ങള്‍ സംസ്ഥാന ഓഡിറ്റര്‍ പരിശോധിക്കണമെന്നും വോട്ടര്‍മാര്‍ അംഗീകരിച്ച സംസ്ഥാന ചെലവുപരിധിയില്‍ പുതിയ നികുതികളും ഉള്‍പ്പെടുത്തണമെന്നും പ്രൊപ്പോസിഷന്‍ 41 ആവശ്യപ്പെട്ടു.
നിക്ഷേപ അക്കൗണ്ടുകള്‍, വസ്തുവകകള്‍ തുടങ്ങിയ ആസ്തികള്‍ക്ക് പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുന്നത് നിരോധിക്കണമെന്നും മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതിവര്‍ധനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പ്രൊപ്പോസിഷന്‍ 42 നിര്‍ദേശിച്ചു.
പ്രൊപ്പോസിഷന്‍ 40 പാസായിരുന്നെങ്കില്‍പ്പോലും അതിനേക്കാള്‍ ഒരു വോട്ട് അധികം നേടി പ്രൊപ്പോസിഷന്‍ 41 അല്ലെങ്കില്‍ 42 പാസായാല്‍ അവ പ്രാബല്യത്തില്‍ വരുമായിരുന്നു. ഇതിലൂടെ ശതകോടീശ്വരന്മാര്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം അസാധുവാകുന്ന സാഹചര്യമാണുണ്ടാകുമായിരുന്നത്.
