ട്രംപ് ഭരണകൂടം തന്നെയും കുടുംബത്തെയും ലക്ഷ്യമിടുന്നെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം

ട്രംപ് ഭരണകൂടം തന്നെയും കുടുംബത്തെയും ലക്ഷ്യമിടുന്നെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം


കാലിഫോര്‍ണിയ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം തന്നെയും കടുംബത്തെയും ലക്ഷ്യമിടുന്നതായി കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം. അമേരിക്കന്‍ നീതിന്യായ വകുപ്പ് തനിക്കും ഭാര്യ ജെന്നിഫര്‍ സിബേല്‍ ന്യൂസത്തിനുമെതിരേ അന്വേഷണം നടത്തുകയാണ്. ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടാവും ഇത്തരത്തില്‍ അന്വേഷണ നീക്കം നടത്തുന്നതെന്നും ന്യൂസം ആരോപിച്ചു. എന്നാല്‍ ഏതു വിഷയത്തിലാണ് അന്വേഷണമെന്നു വ്യക്തമാക്കിയിട്ടില്ല. സാമൂഹീക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഫെഡറല്‍ ഏജന്റുമാര്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്‍ ജീവനക്കാരുടെയും വീടുകളില്‍ എത്തിയിട്ടുണ്ട്. അവര്‍ ഒരു കുറ്റകൃത്യം കണ്ടെത്തിയതുകൊണ്ടല്ല, മറിച്ച് നടപടിയെ ന്യൂസം ”ഫിഷിംഗ് എക്‌സ്‌പെഡിഷന്‍” (തെളിവില്ലാതെ വിവരങ്ങള്‍ തേടുന്ന അന്വേഷണം) എന്നാണ് ന്യൂസം പങ്കുവെച്ച വീഡിയോയില്‍ വിശേഷിപ്പിച്ചത്. തന്നെ ആക്രമിക്കാനായി ഇപ്പോള്‍ അവര്‍ ഭാര്യ ജന്നിനെയും ലക്ഷ്യമിടുകയാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പുരോഗതിക്കായി ജീവിതം സമര്‍പ്പിച്ച ഒരു പൊതുപ്രവര്‍ത്തകയാണ് അവളെന്നും ന്യൂസം കൂട്ടിച്ചേര്‍ത്തു.

അന്വേഷണം സംബന്ധിച്ച് പ്രതികരിക്കാന്‍ ഡിഒജെ വക്താവ് വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.വിഷയവുമായി ബന്ധമുള്ള ചിലർ പറയുന്നതനുസരിച്ച്, 2025-ല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ജെന്നിഫര്‍ സീബല്‍ ന്യൂസത്തിന്റെ നികുതി രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ്.

സിനിമാ നിര്‍മ്മാതാവായ ജെന്നിഫര്‍ സീബല്‍ ന്യൂസം സ്ത്രീ-പുരുഷ സമത്വത്തിനായി പ്രവര്‍ത്തിക്കുന്ന ദി റപ്രസന്റേഷന്‍ പ്രൊജക്ട്, കാലിഫോര്‍ണിയ പാര്‍ട്ട്‌നേഴ്‌സ് പ്രൊജക്ട് എന്നീ സംഘടനകള്‍ക്ക് നേതൃത്വം നല്കിവരികയാണ്. 2028-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം ന്യൂസം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മുമ്പ് വ്യക്തമാക്കിയിട്ടുള്ള അദ്ദേഹം, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന സാധ്യതാ സ്ഥാനാര്‍ഥികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.

അതേസമയം, ന്യൂസവും ട്രംപും തമ്മിലുള്ള രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ ഏറെക്കാലമായി തുടരുകയാണ്. 2025 ജൂണില്‍ ലോസ് ആഞ്ചൽസിലെ പ്രതിഷേധങ്ങള്‍ക്കിടെ ന്യൂസത്തെ അറസ്റ്റ് ചെയ്യണമെന്ന് ട്രംപ് പരസ്യമായി പറഞ്ഞിരുന്നു. ട്രംപിനെ എതിര്‍ത്ത പലരെയും പോലെ താനും ഇപ്പോള്‍ അദ്ദേഹത്തിന്റെ ”ഹിറ്റ് ലിസ്റ്റില്‍” ഉള്‍പ്പെട്ടിരിക്കുകയാണെന്നാണ് ന്യൂസം പറഞ്ഞിരുന്നത്.