കാലിഫോര്‍ണിയ: ട്രംപ് ഭരണകൂടത്തിന്റെ നിയമനടപടി ഭീഷണികള്‍ കാലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മാനസികാരോഗ്യത്തെയും ഔദ്യോഗിക പ്രവര്‍ത്തനങ്ങളെയും ഗുരുതരമായി ബാധിക്കുന്നതായി കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍.
വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കന്‍ നീതിന്യായ വകുപ്പ് (ഡിഒജെ) ഗ്രാന്‍ഡ് ജൂറി സമന്‍സുകള്‍ അയച്ചതിനു പിന്നാലെയാണ് ആശങ്ക ശക്തമായത്. ഫെഡറല്‍ സര്‍ക്കാരിന്റെ നടപടികള്‍ തനിക്കും ജീവനക്കാര്‍ക്കും കടുത്ത മാനസിക സമ്മര്‍ദവും ഭയവും സൃഷ്ടിക്കുന്നതായി സാന്താ ക്ലാര കൗണ്ടിയിലെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മാറ്റ് മൊറാലസ് കോടതിയെ അറിയിച്ചു. കോണ്‍ട്രാ കോസ്റ്റ കൗണ്ടിയിലെ രജിസ്ട്രാര്‍ ക്രിസ്റ്റിന്‍ കോണലിയും ഭീഷണിക്ക് മറുപടി നല്‍കുന്നതിനായി വലിയ തോതില്‍ സമയം ചെലവഴിക്കേണ്ടിവരുന്നത് കടുത്ത നിരാശയും സമ്മര്‍ദവും ഉണ്ടാക്കുന്നതായി വ്യക്തമാക്കി.
സാന്‍ ബെനിറ്റോ കൗണ്ടി രജിസ്ട്രാര്‍ ഫ്രാന്‍സിസ്‌കോ ഡയസാകട്ടെ, കഴിഞ്ഞയാഴ്ച ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുള്ള കത്ത് കൈമാറിയതോടെ ഭയവും ഉത്കണ്ഠയും അനുഭവപ്പെട്ടതായി പറഞ്ഞു. അറസ്റ്റിലാകുമോ എന്ന ആശങ്കയില്‍ താന്‍ ഓഫീസിലില്ലാത്ത സാഹചര്യം വന്നാല്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതടക്കം അടിയന്തര പദ്ധതി തയ്യാറാക്കേണ്ടിവന്നുവെന്നും കുടുംബത്തെപ്പോലും വിവരം അറിയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവന്നുവെന്നും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നീതിന്യായ വകുപ്പിന്റെ ഭീഷണികള്‍ക്കെതിരെ സിവില്‍ അവകാശ സംഘടനകളും തൊഴിലാളി യൂണിയനുകളും ഉള്‍പ്പെട്ട കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെട്ടത്.
ഇതിനിടെ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും സമ്മര്‍ദത്തിലാക്കുന്നതും താല്‍ക്കാലികമായി തടഞ്ഞ് ഫെഡറല്‍ ജില്ലാ ജഡ്ജി ട്രിന തോംപ്‌സണ്‍ ഉത്തരവിട്ടു. നവംബര്‍ 16 വരെ പ്രാബല്യത്തിലുള്ള താല്‍ക്കാലിക നിയന്ത്രണ ഉത്തരവനുസരിച്ച്, വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരാളുടെ വോട്ട് അസാധുവാണെന്ന് നീതിന്യായ വകുപ്പ് ആരോപിക്കുന്നതിന്റെ പേരില്‍ മാത്രം ആ വോട്ടിന്റെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനോ നിര്‍ബന്ധിക്കാനോ പാടില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം ഇടപെടലുകള്‍ വോട്ടെണ്ണലിനെയും ഫലപ്രഖ്യാപനത്തെയും ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. നിയമപാലകരുടെയോ ഫെഡറല്‍ ഏജന്റുമാരുടെയോ ഇടപെടലുകള്‍ ഉണ്ടായാല്‍ സാഹചര്യം നിയന്ത്രിക്കുന്നതിനും ജീവനക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പരിശീലന പരിപാടികളില്‍ മാറ്റം വരുത്തേണ്ടിവന്നതായും മൊറാലസ് പറഞ്ഞു. ഭീഷണികള്‍ കാരണം ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും ജോലി ഉപേക്ഷിച്ചേക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
കോണ്‍ട്രാ കോസ്റ്റ കൗണ്ടിയിലെ ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുമെന്ന സാധ്യത തന്നെ ഭയപ്പെടുത്തുന്നതായി ക്രിസ്റ്റിന്‍ കോണലി വ്യക്തമാക്കി. സാന്‍ ബെനിറ്റോ കൗണ്ടിയില്‍ വെള്ളിയാഴ്ച നാല് പോളിങ് ജീവനക്കാര്‍ ജോലിക്ക് എത്തിയില്ലെന്നും മാനസിക സമ്മര്‍ദവും ഉത്കണ്ഠയും അവരുടെ അഭാവത്തിന് കാരണമായിരിക്കാമെന്നും ഫ്രാന്‍സിസ്‌കോ ഡയസ് പറഞ്ഞു. കോടതി രേഖകളോട് ട്രംപ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഗ്രാന്‍ഡ് ജൂറി സമന്‍സുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയ നീതിന്യായ വകുപ്പ്, പൗരത്വമില്ലാത്തവരുടെ വോട്ടവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ക്രിമിനല്‍ നിയമത്തിലൂടെ കൈകാര്യം ചെയ്യേണ്ടതാണെന്ന നിലപാടാണ് അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫെഡറല്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉദ്യോഗസ്ഥരില്‍ സൃഷ്ടിക്കുന്ന ആശങ്കയും തിരഞ്ഞെടുപ്പ് നടപടികളുടെ സുഗമമായ നടത്തിപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങളും അമേരിക്കയില്‍ പുതിയ നിയമരാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ ഭീഷണി; മാനസിക സമ്മര്‍ദത്തിലായി കാലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
