ബ്രൗണ്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്: രണ്ട് മരണം, എട്ട് പേര്‍ക്ക് ഗുരുതരം; പ്രതിക്കായി വ്യാപക തിരച്ചില്‍

ബ്രൗണ്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്: രണ്ട് മരണം, എട്ട് പേര്‍ക്ക് ഗുരുതരം; പ്രതിക്കായി വ്യാപക തിരച്ചില്‍


റോഡ് ഐലന്‍ഡ്:  അമേരിക്കയിലെ റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പരീക്ഷകള്‍ നടക്കുകയായിരുന്ന കെട്ടിടത്തിനുള്ളിലായിരുന്നു ആക്രമണം. പരിക്കേറ്റവര്‍ സ്ഥിരതയുള്ള നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ആയുധധാരിയായ പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.

വൈകിട്ട് 4.05 ഓടെയാണ് ബാരസ് & ഹോളി എഞ്ചിനീയറിങ് കെട്ടിടത്തിന് സമീപം  വെടിവെപ്പ് നടന്നതായി സര്‍വകലാശാല പോലീസിന് അറിയിപ്പ് ലഭിച്ചത്. ഉടന്‍തന്നെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്ഥലത്തുതന്നെ ഒളിച്ചിരിക്കാന്‍ സര്‍വകലാശാല നിര്‍ദേശം നല്‍കി. 'വാതിലുകള്‍ അടയ്ക്കുക, ഫോണുകള്‍ ഓഫ്‌ചെയ്യുക, സുരക്ഷാ അറിയിപ്പ് ഉണ്ടാകുന്നതുവരെ മറഞ്ഞുകിടക്കുക' എന്നായിരുന്നു സന്ദേശം.

ശരീരം മൂടുന്നകറുത്ത വസ്ത്രം ധരിച്ച ഒരാളാണ് പ്രതിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ഹോപ്പ് സ്ട്രീറ്റ് വഴി നടന്ന് രക്ഷപ്പെട്ടതായാണ് വിവരം. ഉപയോഗിച്ച ആയുധത്തെക്കുറിച്ച് വ്യക്തതയില്ലെന്നും അത് ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും പ്രൊവിഡന്‍സ് പോലീസ് അറിയിച്ചു. സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ 2 മുതല്‍ 5 വരെ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നതായി സര്‍വകലാശാല അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍ ആണെന്ന് സര്‍വകലാശാല അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് തെറ്റാണെന്ന് വ്യക്തമായി. ഗവര്‍ണര്‍ സ്ട്രീറ്റിന് സമീപം രണ്ടാമത്തെ വെടിവെപ്പ് നടന്നെന്ന റിപ്പോര്‍ട്ടും പിന്നീട് അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

'ചിന്തിക്കാനാകാത്തതാണ് സംഭവിച്ചത് ' എന്നാണ് റോഡ് ഐലന്‍ഡ് ഗവര്‍ണര്‍ ഡാന്‍ മക്കീ പറഞ്ഞത്. പ്രാദേശിക അധികാരികള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും സംസ്ഥാനത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായും എഫ്ബിഐ സ്ഥലത്തുണ്ടെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

സ്ഥിതി ഇപ്പോഴും മാറിമറിയുന്ന സാഹചര്യത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്ളവര്‍ പോലീസിനെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥന.