ബ്രൗണ്‍ സര്‍വകലാശാല വെടിവെപ്പ്: പ്രതിയെ ന്യൂ ഹാംഷയറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബ്രൗണ്‍ സര്‍വകലാശാല വെടിവെപ്പ്: പ്രതിയെ ന്യൂ ഹാംഷയറില്‍ മരിച്ച നിലയില്‍ കണ്ടെത്തി


ന്യൂ ഹാംഷയര്‍:  ബ്രൗണ്‍ സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പ് കേസിലെ പ്രതിയെന്ന് സംശയിച്ചിരുന്ന ക്ലോഡിയോ നെവ്‌സ് വാലെന്റെയെ ന്യൂ ഹാംഷയറിലെ ഒരു സ്‌റ്റോറേജ് യൂണിറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. 

ദിവസങ്ങളോളം നീണ്ട വ്യാപകമായ തെരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നേടാന്‍ പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

വെടിവെപ്പിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലായി സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ തിരച്ചില്‍ അവസാനിച്ചതോടെ പ്രദേശത്തെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും, വെടിവെപ്പിന് പിന്നിലെ കൃത്യമായ പ്രേരണ കണ്ടെത്താന്‍ ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.


റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്യാളിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.