വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരായ വരും ദിവസങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ എതിർപ്പ് കൂടുതൽ ശക്തമാകുമെന്ന് ഡെമോക്രാറ്റിക് സെനറ്റർ കോറി ബുക്കർ അഭിപ്രായപ്പെട്ടു. ട്രംപ് ഭരണകൂടത്തിന്റെ സമീപകാല തീരുമാനങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബുക്കർ ട്രംപിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഭരണകൂടത്തിന്റെ നടപടികൾ അമേരിക്കൻ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തന്നെ തകർക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
ജനുവരി 6ലെ കാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് ട്രംപ് മാപ്പ് നൽകിയവർക്കുൾപ്പെടെ നഷ്ടപരിഹാരം നൽകാൻ ലക്ഷ്യമിട്ട് 180 കോടി ഡോളറിന്റെ പ്രത്യേക ഫണ്ട് രൂപീകരിക്കാനുള്ള നീക്കത്തെയും ബുക്കർ വിമർശിച്ചു. പൊതുപണം യാതൊരു നിയന്ത്രണവുമില്ലാതെ വിനിയോഗിക്കാൻ ശ്രമിക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ ഫണ്ട് രൂപീകരിക്കുന്നത് ഫെഡറൽ കോടതി താത്കാലികമായി തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് ഭരണകൂടത്തിന്റെ വിവിധ തീരുമാനങ്ങൾ കോടതികൾ തടഞ്ഞതും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
ഇതിനിടെ, വാഷിങ്ടണിലെ പ്രശസ്തമായ ജോൺ എഫ്. കെന്നഡി സെന്ററിൽ നിന്ന് ട്രംപിന്റെ പേര് നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടതും വിവാദമായി. ഈ തീരുമാനത്തെ ട്രംപ് ശക്തമായി വിമർശിച്ചെങ്കിലും പിന്നീട് വിഷയം കോൺഗ്രസിന് വിട്ടുകൊടുക്കുമെന്ന് വ്യക്തമാക്കി.
കെന്നഡി സെന്ററിന് സ്വന്തം പേര് നൽകാനുള്ള ട്രംപിന്റെ നീക്കത്തെയും ബുക്കർ ചോദ്യം ചെയ്തു. കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സ്മാരക സ്ഥാപനത്തിന് ട്രംപിന്റെ പേര് നൽകിയത് അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിലെ നിരവധി നേതാക്കൾ സ്വകാര്യ സംഭാഷണങ്ങളിൽ ട്രംപിന്റെ നടപടികളോട് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബുക്കർ അവകാശപ്പെട്ടു.
'ട്രംപ് അടുത്തതായി ലിങ്കൺ മെമ്മോറിയലിനും സ്വന്തം പേര് നൽകുമോ?' എന്നായിരുന്നു ബുക്കറിന്റെ പരിഹാസപരമായ ചോദ്യം.
അമേരിക്കയുടെ 250ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക 250 ഡോളർ നോട്ടിൽ ട്രംപിന്റെ ചിത്രം ഉൾപ്പെടുത്താനുള്ള നീക്കത്തെയും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ഒരാളുടെ വ്യക്തിപരമായ പ്രചാരണ വേദിയാക്കരുതെന്നും ബുക്കർ പറഞ്ഞു.
അടുത്ത ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് അഞ്ച് മാസം മാത്രം ബാക്കി നിൽക്കെ സെനറ്റിലും പ്രതിനിധി സഭയിലും ഭൂരിപക്ഷം തിരിച്ചുപിടിക്കാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. ട്രംപിന്റെ നയങ്ങളെ ചെറുക്കാൻ കോൺഗ്രസിന്റെ നിയന്ത്രണം അനിവാര്യമാണെന്നും ബുക്കർ വ്യക്തമാക്കി.
അതേസമയം, മെയിൻ സംസ്ഥാനത്തെ നിർണായക സെനറ്റ് മത്സരത്തിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ ഗ്രഹാം പ്ലാറ്റ്‌നറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ചും ബുക്കർ ആശങ്ക പ്രകടിപ്പിച്ചു. ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകേണ്ടതുണ്ടെന്നും, എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന ലക്ഷ്യം സെനറ്റിൽ ഭൂരിപക്ഷം നേടുക തന്നെയാണെന്നും ബുക്കർ കൂട്ടിച്ചേർത്തു.
ട്രംപിനെതിരെ റിപ്പബ്ലിക്കൻ പ്രതിഷേധം ശക്തമാകുമെന്ന് കോറി ബുക്കർ; 'അധികാര ദുരുപയോഗം ജനങ്ങൾ തിരിച്ചറിയുന്നു'
