സാന്‍ ഡിയാഗോ: സാന്‍ ഡിയാഗോയിലെ ഇസ്ലാമിക് സെന്ററിലുണ്ടായ വെടിവെപ്പ് മനുഷ്യജീവിതത്തിന്റെ പവിത്രതയ്ക്കെതിരായ ആക്രമണമാണെന്ന് സാന്‍ ഡിയാഗോ ബിഷപ്പ് മൈക്കല്‍ എം ഫാം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുസ്ലിം സമൂഹത്തോടൊപ്പം ഐക്യദാര്‍ഢ്യത്തിലും പ്രാര്‍ഥനയിലുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മെയ് 18ന് സാന്‍ ഡിയാഗോയിലെ ക്ലെയര്‍മോണ്ട് മേഖലയിലുള്ള ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്‍ ഡിയാഗോ സമുച്ചയത്തിലായിരുന്നു ആക്രമണം. സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ രണ്ട് കൗമാരപ്രായക്കാരായ പ്രതികളെ സ്വയം വെടിവെച്ച നിലയില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തി.
സംഭവത്തിനിടെ സമീപത്തുണ്ടായിരുന്ന ഒരു ലാന്‍ഡ്സ്‌കേപ്പ് തൊഴിലാളിക്കുനേരെയും വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. മസ്ജിദ് സ്‌കൂളിലെ കുട്ടികള്‍ക്കോ പൊലീസുകാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും സാന്‍ ഡിയാഗോ പൊലീസ് വ്യക്തമാക്കി.
സംഭവം വിദ്വേഷ കുറ്റകൃത്യമായാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആക്രമണത്തിന് ഏകദേശം രണ്ട് മണിക്കൂര്‍ മുമ്പ് പ്രതികളിലൊരാളുടെ അമ്മ മകന്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതായി പൊലീസിനെ അറിയിച്ചിരുന്നുവെന്ന് സാന്‍ ഡിയാഗോ പൊലീസ് മേധാവി വ്യക്തമാക്കി. വീട്ടില്‍നിന്ന് ചില ആയുധങ്ങളും വാഹനവും കാണാതായതായും മകനും കൂട്ടുകാരനും സൈനിക വേഷത്തില്‍ വീട്ടില്‍നിന്ന് പോയതായും അവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. പിന്നീട് കണ്ടെത്തിയ കുറിപ്പില്‍ പൊതുവായ വിദ്വേഷ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
17, 18 വയസ്സുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും പേരുകള്‍ ബന്ധുക്കളെ അറിയിക്കുന്നതുവരെ പുറത്തുവിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വെടിവെപ്പിനിടെ ഇടപെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്റെ നടപടി വീരസാഹസികമാണെന്ന് പൊലീസ് മേധാവി സ്‌കോട്ട് വാല്‍ പറഞ്ഞു. അദ്ദേഹം നിരവധി ജീവനുകള്‍ രക്ഷിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക് സെന്ററിന്റെ ഡയറക്ടര്‍ ഇമാം താഹ ഹസ്സാന്‍ ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാര്‍ഹവുമാണെന്ന് പറഞ്ഞു. നഗരത്തിലെ എല്ലാ മസ്ജിദുകളും ആരാധനാലയങ്ങളും സുരക്ഷിതമാക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടിയേറ്റക്കാരുടെ നീതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇസ്ലാമിക് സെന്റര്‍ ദീര്‍ഘകാല പങ്കാളിയാണെന്ന് ബിഷപ്പ് ഫാം പറഞ്ഞു. ആരാധനാലയങ്ങള്‍ എപ്പോഴും സമാധാനത്തിന്റെയും സുരക്ഷയുടെയും പ്രാര്‍ഥനയുടെയും അഭയകേന്ദ്രങ്ങളായിരിക്കണം. ഒരു മതസമൂഹത്തിനുനേരെയുള്ള ആക്രമണം മനുഷ്യജീവിതത്തിന്റെ പവിത്രതയ്ക്കെതിരായ ആക്രമണമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സാന്‍ ഡിയാഗോയിലെ മുഴുവന്‍ റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെയും പേരില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മുസ്ലിം സമൂഹത്തിനും അനുശോചനവും ഐക്യദാര്‍ഢ്യവും പ്രാര്‍ഥനയും അര്‍പ്പിക്കുന്നതായും ബിഷപ്പ് അറിയിച്ചു.
