അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇനി ബയോമെട്രിക് പരിശോധന നിര്‍ബന്ധം; ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും ബാധകം

അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇനി ബയോമെട്രിക് പരിശോധന നിര്‍ബന്ധം; ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും ബാധകം


വാഷിംഗ്ടണ്‍: അമേരിക്കന്‍ അതിര്‍ത്തികളില്‍ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന എല്ലാ യുഎസ് പൗരത്വമില്ലാത്ത യാത്രക്കാര്‍ക്കും ഡിസംബര്‍ 26 മുതല്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കി പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നു. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെ എല്ലാ നോണ്‍യുഎസ് സിറ്റിസണ്‍സിന്റെയും ഫോട്ടോകള്‍ വിമാനത്താവളങ്ങള്‍, കര അതിര്‍ത്തികള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) അധികൃതര്‍ എടുക്കും.

14 വയസ്സില്‍ താഴെയുള്ള കുട്ടികളെയും 79 വയസിന് മുകളിലുള്ള മുതിര്‍ന്നവരെയും ഈ ചട്ടത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇതുവരെ ചില തെരഞ്ഞെടുത്ത പ്രവേശന-പുറത്തുകടക്കല്‍(Arrival- Departure) കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമായിരുന്നു ബയോമെട്രിക് പരിശോധന. ഇനി ഇത് രാജ്യവ്യാപകമായി നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

യാത്രക്കാരുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സി പി ബി വിരലടയാളങ്ങളും കണ്ണിന്റെ ഐറിസ് സ്‌കാനുകളും ശേഖരിക്കാനുള്ള അധികാരം നിലനിര്‍ത്തിയിട്ടുണ്ട്. 'ട്രാവലര്‍ വെരിഫിക്കേഷന്‍ സര്‍വീസ്' എന്ന സംവിധാനത്തിലൂടെയാണ് ഈ വിവരങ്ങള്‍ യാത്രാ രേഖകളുമായി പൊരുത്തപ്പെടുത്തുന്നത്.

പുതിയ ചട്ടത്തില്‍ നയതന്ത്ര പ്രതിനിധികള്‍ക്കും ഇളവില്ല. ഡിപ്ലോമാറ്റുകള്‍ക്കും ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് സി.ബി.പി വ്യക്തമാക്കി. അതുപോലെ തന്നെ കാനഡ പൗരന്മാരും ഈ ചട്ടത്തിന് വിധേയരാണ്. സ്വകാര്യ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരും കാല്‌നടയായി അതിര്‍ത്തി കടക്കുന്നവരും ഉള്‍പ്പെടെ എല്ലാ നോണ്‍യുഎസ് യാത്രക്കാര്‍ക്കും നിയമം ബാധകമാണ്.

അതേസമയം, യുഎസ് പൗരന്മാര്‍ക്ക് ബയോമെട്രിക് പരിശോധന നിര്‍ബന്ധമല്ല. എന്നാല്‍ അവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ സ്വമേധയാ ഫേഷ്യല്‍ ബയോമെട്രിക് പ്രക്രിയയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ സിപിബി ഉദ്യോഗസ്ഥരെയോ എയര്‍ലൈന്‍ പ്രതിനിധികളെയോ അറിയിച്ചാല്‍ പാസ്‌പോര്‍ട്ട് മാനുവല്‍ പരിശോധനയ്ക്ക് വിധേയരാകാം.

സിപിബിയുടെ വിശദീകരണം പ്രകാരം, യുഎസ് പൗരന്മാരുടെ ഫോട്ടോകള്‍ തിരിച്ചറിയല്‍ പരിശോധനയ്ക്ക് ശേഷം 12 മണിക്കൂറിനകം ഒഴിവാക്കും. എന്നാല്‍ നോണ്‍യുഎസ് പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) ബയോമെട്രിക് ഐഡന്റിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തി പരമാവധി 75 വര്‍ഷം വരെ സൂക്ഷിക്കും.