വാഷിംഗ്ടണ്‍: വീണ്ടും അധികാരം ലഭിച്ചാല്‍ യുഎസിലെ സമ്പന്നരുടെ നികുതി ഉയര്‍ത്താന്‍ നടപടികളാരംഭിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും പ്രസിഡന്റ് ആയാല്‍, മുന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപ് സമ്പന്നര്‍ക്ക് അനുവദിച്ചു നല്‍കിയ എല്ലാ നികുതിയിളവുകളും എടുത്തുകളയുമെന്നാണ് ബൈഡന്‍ വ്യക്തമാക്കി.
2017ല്‍ ട്രംപ് ഏര്‍പ്പെടുത്തിയ നികുതിയിളവിന്റെ കാലാവധി 2025 അവസാനത്തോടെ അവസാനിക്കും. അവ നീട്ടണോ അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. നികുതിയിളവ് തുടര്‍ന്നാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 3.3 ട്രില്യണ്‍ ഡോളര്‍ കടമുണ്ടാകുമെന്ന് കോണ്‍ഗ്രസ് ബജറ്റ് ഓഫീസ് പറയുന്നു. നികുതിയിളവുകള്‍ നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍മാര്‍ ആഗ്രഹിക്കുന്ന സമയത്ത് ഉയര്‍ന്ന വരുമാനക്കാരുടെ നികുതി ഉയര്‍ത്താനുള്ള നീക്കത്തെയാണ് ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കുന്നത്. വൈറ്റ് ഹൗസിലെയും കോണ്‍ഗ്രസിലെയും വിജയികളായിരിക്കും ഫലം തീരുമാനിക്കുക.
400,000 ഡോളറിന് മുകളിലുള്ള വരുമാനമുള്ളവര്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ നികുതി ഇളവുകള്‍ അവസാനിപ്പിക്കുമെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം കുറവ് വരുമാനമുള്ളവര്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കില്ലെന്നും പ്രസിഡന്റ് ഉറപ്പ് നല്‍കി.
''ട്രംപ് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, തൊഴിലാളി കുടുംബങ്ങളുടെ ചെലവില്‍ ട്രംപിനും അദ്ദേഹത്തിന്റെ സമ്പന്നരായ സുഹൃത്തുക്കള്‍ക്കും അദ്ദേഹം നികുതി വെട്ടിക്കുറയ്ക്കും. അത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,'' ബൈഡന്‍ കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
യുഎസിലെ സമ്പന്നര്‍ക്ക് ട്രംപ് അനുവദിച്ച നികുതി ഇളവുകള്‍ റദ്ദാക്കുമെന്ന് ബൈഡന്‍
