വാഷിംഗ്ടണ്‍: അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത നിലയില്‍ പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും മറവിയും ബാധിച്ചുവെന്നുമുള്ള പ്രചരണങ്ങളും പ്രസിഡന്റ്ഷിപ്പില്‍ രണ്ടാമൂഴം സാധ്യമാണോ എന്നുള്ള ചോദ്യങ്ങളും അമേരിക്കക്കാര്‍ക്കിടയില്‍ ഉയരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. അത്തരം സംശയങ്ങളെ ബലപ്പെടുത്തുന്ന ചില സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിനിടെ താന്‍ എന്താണ് സംസാരിച്ചത് എന്ന കാര്യം മറക്കുകയും ക്യാമറയ്ക്ക് മുന്നില്‍ പരസ്പര ബന്ധമില്ലാതെ ബൈഡന്‍ പിറുപിറുക്കുകയും ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിന്റെ ബൈഡന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ഒബാമയുടെ കാലത്തെ ഡിഫെര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് (DACA) പ്രോഗ്രാമിന്റെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ ബൈഡന്‍ സംസാരിക്കുന്നതിനിടെയാണ് പ്രസിഡന്റ് ബൈഡന്‍ അല്‍പനേരം ഓര്‍മ്മ കൈവിട്ട് നിന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിത്തന്നെ പ്രചരിപ്പിക്കപ്പെട്ടു. ഇത് അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 81 കാരനായ ബൈഡന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. രണ്ടാം ടേമിനായി പ്രചാരണം നടത്തുമ്പോള്‍ എതിരാളികള്‍ ഇത് വലിയ ആയുധമായാണ് ഉപയോഗിക്കുന്നത്.
'കോണ് ഗ്രസിലെയും ഹോംലാന്റ് സെക്യൂരിറ്റിയിലെയും എല്ലാ അംഗങ്ങള്‍ക്കും നന്ദി... സെക്രട്ടറി... ഉഗ്യാ... ഉഹ്ഹ്... ഇമാ...എന്നൊക്കെ പിറുപിറുത്ത് അല്‍പനേരം ആശങ്കയിലേക്ക് വീണുപോകുന്ന പ്രസിഡന്റിനെയാണ് വീഡിയോയില്‍ കാണാനാകുക.
എന്നാല്‍, സംഭവത്തോട് പ്രതികരിച്ച പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പറഞ്ഞത് വീഡിയോകള്‍ വഞ്ചനാപരമായ രീതിയില്‍ എഡിറ്റ് ചെയ്യുകയോ തെറ്റായി ചിത്രീകരിക്കുകയോ ചെയ്തുവെന്നാണ്. മാത്രമല്ല അവയെ കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വിവിധ മാധ്യമങ്ങളും ബൈഡന്റെ വീഡിയോ പങ്കിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇറ്റലിയിലെ ജി 7 ഉച്ചകോടിയില്‍ സ്‌കൈ ഡൈവിംഗ് പ്രകടനത്തിനിടെ ബൈഡന്‍ മറ്റ് ലോക നേതാക്കളില്‍ നിന്ന് അകന്നുപോകുന്നതായുള്ള വീഡിയോയും വൈറലായിരുന്നു. ഇത്രയൊക്കെ ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും, ബൈഡന്‍ തന്റെ ഭരണകൂടത്തിന്റെ നയപ്രഖ്യാപനങ്ങളുമായി മുന്നോട്ട് പോകുകയാണ്.
ബൈഡനെ പ്രായം കീഴടക്കിയോ; മൈക്കിനു മുന്നില്‍ വാക്കുകള്‍ മറന്ന് പിറുപിറുക്കുന്ന പ്രസിഡന്റിന്റെ വീഡിയോ വൈറലായി
