വാഷിംഗ്ടണ്‍: ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പുവച്ച യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. യുക്രെയ്ന്‍ ജനങ്ങളുടെ താത്പര്യങ്ങളെക്കാള്‍ വ്യാപാരത്തിന് യൂറോപ്പ് മുന്‍ഗണന നല്‍കിയതിന്റെ തെളിവാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
സി എന്‍ ബി സിയോട് സംസാരിക്കവെ ഉപരോധവിധേയമായ റഷ്യന്‍ എണ്ണ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മിക്കുന്ന ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വാങ്ങുന്നുണ്ടെന്നും ഇന്ത്യയ്ക്കെതിരെ ഉയര്‍ന്ന യു എസ് തീരുവകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ യൂറോപ്പ് തയ്യാറാകാത്തത് ഇന്ത്യയുമായി സ്വതന്ത്രമായി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നതിനാലാണെന്നും ബെസന്റ് പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യ വ്യാപാര കരാര്‍ അന്തിമമായതോടെ യു എസിനുള്ള ആശ്രിതത്വം കുറയ്ക്കുകയും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.
ഈ കരാറിലൂടെ 2032ഓടെ ഇന്ത്യയിലേക്കുള്ള യൂറോപ്യന്‍ യൂണിയന്റെ കയറ്റുമതി ഇരട്ടിയാകുമെന്ന് അവര്‍ അറിയിച്ചു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 96.6 ശതമാനം വ്യാപാര സാധനങ്ങളിലെ തീരുവകള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിലൂടെ യൂറോപ്യന്‍ കമ്പനികള്‍ക്ക് ഏകദേശം നാല് ബില്യണ്‍ യൂറോ (4.8 ബില്യണ്‍ ഡോളര്‍) തീരുവ ലാഭമുണ്ടാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.
യു എസിനെ ഒഴിവാക്കി മറ്റ് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന ഇത്തരം കരാറുകള്‍ അമേരിക്കയ്ക്ക് ഭീഷണിയാകുമോ എന്ന ചോദ്യത്തിന്, അവര്‍ക്ക് ഏറ്റവും നല്ലത് ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും പക്ഷേ യൂറോപ്യന്മാരില്‍ നിന്ന് വലിയ നിരാശയാണ് തോന്നുന്നതെന്നും ബെസന്റ് മറുപടി നല്‍കി.
കഴിഞ്ഞ വര്‍ഷം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ ഇന്ത്യയ്ക്കെതിരെ 25 ശതമാനം തീരുവ ചുമത്താനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തില്‍ ചേരാന്‍ ബ്രസ്സല്‍സ് മടിച്ചത് ഈ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന അധിക 25 ശതമാനം യു എസ് തീരുവ പിന്‍വലിക്കാനുള്ള സാധ്യത കഴിഞ്ഞ ആഴ്ച തന്നെ ബെസന്റ് സൂചിപ്പിച്ചിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങള്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് തീരുവ വര്‍ധിപ്പിക്കുമെന്ന ഭീഷണി യു എസ് മുഴക്കിയിരുന്നു. ട്രാന്‍സ്അറ്റ്‌ലാന്റിക് വ്യാപാരത്തിന്റെ ഭാവിയെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
ജൂലൈയില്‍ വാഷിംഗ്ടണുമായി കൈവരിച്ച ചട്ടക്കൂട് വ്യാപാര കരാറിന്റെ ഭാഗമായി വാഗ്ദാനം ചെയ്തിരുന്ന തീരുവ കുറവുകള്‍ യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കിയിട്ടില്ലെന്നതില്‍ യു എസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും അസംതൃപ്തരാണ്.
കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണുമായി കൈവരിച്ച വ്യാപാര കരാര്‍ നടപ്പാക്കുന്നതില്‍ ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് വൈകുന്നത് ചൂണ്ടിക്കാട്ടി, ദക്ഷിണകൊറിയയില്‍ നിന്നുള്ള ഇറക്കുമതികളിലെ തീരുവ 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തിയ ട്രംപിന്റെ തീരുമാനവും ആശങ്ക വര്‍ധിപ്പിച്ചു.
ട്രംപിന്റെ നടപടി 'കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ സഹായകമാണ്' എന്ന് ബെസന്റ് ന്യായീകരിച്ചു. ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് വ്യാപാര കരാര്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു എസും ദക്ഷിണകൊറിയയും ഒരു പരിഹാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞെങ്കിലും വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല.
