ഫ്‌ളോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ റയാൻ വെസ്‌ലി റൗത്തിനുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും. ഫ്‌ളോറിഡയിലെ ഫെഡറൽ കോടതിയിലാണ് ശിക്ഷ പ്രഖ്യാപിക്കുക.
60 വയസുകാരനായ റൗത്ത് 2024 സെ്ര്രപംബറിൽ ഫ്‌ളോറിഡയിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ ഒളിച്ചിരുന്ന് സൈനിക നിലവാരത്തിലുള്ള എസ്‌കെഎസ് റൈഫിൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമിച്ചതെന്നാണ് കേസ്. രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടതോടെയാണ് ശ്രമം പരാജയപ്പെട്ടത്.
പ്രസിഡൻഷ്യൽ സ്ഥാനാർഥിയെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെ അഞ്ച് കുറ്റങ്ങളിലാണ് ജൂറി റൗത്തിനെ കുറ്റക്കാരനായി കണ്ടെത്തിയത്. 'മാസങ്ങളോളം ആസൂത്രണം ചെയ്ത് ട്രംപിനെ കൊല്ലാൻ ശ്രമിച്ചു. വഴിയിൽ വരുന്ന ആരെയും കൊല്ലാൻ പ്രതി തയ്യാറായിരുന്നു,' എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജീവപര്യന്തം തടവാണ് സർക്കാർ ആവശ്യപ്പെടുന്നത്.
സ്വയം അഭിഭാഷകനായി ഹാജരായ റൗത്ത് വിചാരണക്കിടെ ആക്രമണ ഉദ്ദേശമില്ലായിരുന്നെന്നും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നുവെന്നുമാണ് വാദിച്ചത്. കുറ്റക്കാരനായി കണ്ടെത്തിയ ശേഷം ജൂറിയുടെ മുന്നിൽ പേനകൊണ്ട് സ്വയം പരിക്കേൽപ്പിക്കാൻ പോലും ശ്രമിച്ചു.
ഇപ്പോൾ നിയോഗിക്കപ്പെട്ട അഭിഭാഷകൻ 27 വർഷത്തെ തടവുശിക്ഷ മതിയെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോർട്ടും റൗത്ത് കോടതിയിൽ സമർപ്പിച്ചു.
അതേസമയം, ഇയാൾക്ക് പശ്ചാത്താപമില്ലെന്നും അടുത്തകാലത്തും ട്രംപിനെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ട്രംപ് നിയമിച്ച ജഡ്ജിയായ ഐലീൻ കാനനാണ് ശിക്ഷ വിധിക്കുക. ജഡ്ജിയെ മാറ്റണമെന്ന റൗത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസ്: റയാൻ റൗത്തിനുള്ള ശിക്ഷ ബുധനാഴ്ച; ജീവപര്യന്തം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
