വ്യാജ കവര്‍ച്ച കേസുകള്‍ സൃഷ്ടിച്ച് യു വിസ നേടാന്‍ ശ്രമം; 11 ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കേസ്

വ്യാജ കവര്‍ച്ച കേസുകള്‍ സൃഷ്ടിച്ച് യു വിസ നേടാന്‍ ശ്രമം; 11 ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കേസ്


വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുടിയേറ്റ ആനുകൂല്യങ്ങള്‍ നേടാന്‍ വ്യാജ ആയുധ കവര്‍ച്ചകള്‍ സംഘടിപ്പിച്ചതായി ആരോപിച്ച് 11 ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വിസ തട്ടിപ്പിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അന്വേഷകര്‍ നല്‍കുന്ന വിവരമനുസരിച്ച് ബോസ്റ്റണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ചില കടകളില്‍ വ്യാജ കവര്‍ച്ച സംഭവങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു സംഘത്തിന്റെ പദ്ധതി. കടകളില്‍ ജോലി ചെയ്യുന്നവര്‍ കുറ്റകൃത്യത്തിന്റെ ഇരകളാണെന്ന് തെളിയിക്കാന്‍ ഇതിലൂടെ ശ്രമിച്ചതാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, മദ്യശാലകള്‍, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുറഞ്ഞത് ആറോളം വ്യാജ കവര്‍ച്ചകള്‍ സംഘടിപ്പിച്ചെന്നാണ് ഫെഡറല്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സംഘത്തിലെ ഒരാള്‍ തോക്കാണെന്ന് തോന്നിക്കുന്ന വസ്തുവുമായി കടയില്‍ കയറി കൗണ്ടറില്‍ നിന്നും പണം എടുത്ത് ഓടി രക്ഷപ്പെടുന്ന രീതിയിലായിരുന്നു ഈ നാടകീയ സംഭവങ്ങള്‍ സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്കയില്‍ ഗുരുതര കുറ്റകൃത്യങ്ങളുടെ ഇരകളായ വിദേശികള്‍ക്ക് നല്‍കുന്ന പ്രത്യേക താത്ക്കാലിക വിസയാണ് യു വിസ. യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ആണ് ഇത് അനുവദിക്കുന്നത്.

ഗുരുതര കുറ്റകൃത്യങ്ങളെ തുടര്‍ന്ന് മാനസികമായോ ശാരീരികമായോ പീഡനം അനുഭവിച്ചവരും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലും വിചാരണയിലും നിയമസംവിധാനങ്ങളെ സഹായിക്കുന്നവരുമായ ആളുകള്‍ക്കാണ് ഈ വിസ ലഭിക്കുക.

യു വിസ ലഭിക്കുന്നതോടെ അമേരിക്കയില്‍ നിയമപരമായി ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. അഞ്ചു മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാനും സാധ്യതയുണ്ട്. മാത്രമല്ല കുറ്റകൃത്യങ്ങളുടെ ഇരകള്‍ക്ക് നിയമപരമായ സംരക്ഷണവും ഈ വിസ ലഭിക്കുന്നതിലൂടെ ലഭ്യമാകും. 

ഈ വിസ സംവിധാനം വിക്ടിംസ് ഓഫ് ട്രാഫിക്കിംഗ് ആന്റ് വയലന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം 2000 ഒക്ടോബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചതാണ്. മനുഷ്യക്കടത്ത്, ലൈംഗിക പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും ചെയ്യുന്നതിന് നിയമപ്രവര്‍ത്തന ഏജന്‍സികളെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇത്തരം വിസ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്ന സംഘങ്ങളെ കണ്ടെത്തി നടപടിയെടുക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.