ഫ്‌ളോറിഡ: ഫ്‌ളോറിഡ ആസ്ഥാനമായ ക്രൂയിസ് ലൈന്‍ വിര്‍ജിന്‍ വോയജസ് തങ്ങളുടെ വാലിയന്റ് ലേഡി ക്രൂയിസ് കപ്പലില്‍ ഈ വര്‍ഷം മെയ് മുതല്‍ പുതിയ ഇന്ത്യന്‍ ഭക്ഷണ കേന്ദ്രമായ 'ആര്യ' ആരംഭിക്കാന്‍ ഒരുങ്ങുന്നു.
പ്രശസ്ത ഷെഫും കുക്ക്ബുക്ക് എഴുത്തുകാരിയുമായ മനീത് ചൗഹാന്റെ സഹകരണത്തോടെയാണ് ആര്യ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രൂയിസ് കമ്പനിയുടെ സ്ഥാപകനായ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ മാതൃപരമ്പരയിലെ ആര്യയുടെ പേരില്‍ നിന്നാണ് റസ്റ്റോറന്റിന് നാമകരണം ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ തീരദേശ നഗരമായ കടലൂര്‍ സ്വദേശിയാണ് അവരെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
പകല്‍ സമയത്ത് ആര്യയില്‍ പ്രഭാതഭക്ഷണവും ബ്രഞ്ചും നല്‍കുന്ന ജനപ്രിയ ഭക്ഷണകേന്ദ്രമായിരിക്കും. വൈകുന്നേരങ്ങളില്‍ 220 പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന സമ്പന്നമായ ഡൈനിംഗ് റെസ്റ്റോറന്റായി മാറും.
റെസ്റ്റോറന്റിന്റെ അകത്തളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇന്ത്യയിലെ മസാല വിപണികളില്‍ നിന്നുള്ള പ്രചോദനമാണ്. മഞ്ഞള്‍, ഏലക്ക, കുരുമുളക് തുടങ്ങിയ മസാലകളുടെ നിറങ്ങളും സ്വഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. മരത്തിന്റെ പാളികള്‍, പ്രത്യേക മതില്‍ അലങ്കാരങ്ങള്‍, തുടങ്ങി വ്യത്യസ്ത അലങ്കാരങ്ങള്‍ എന്നിവ ചേര്‍ന്നാണ് ആകര്‍ഷകമായ രൂപകല്‍പ്പന ഒരുക്കിയിരിക്കുന്നത്.
തുടങ്ങിയ ദിവസം മുതല്‍ ഭക്ഷണ- പാനീയ അനുഭവങ്ങള്‍ വ്യത്യസ്തമാക്കാനാണ് ശ്രമിച്ചതെന്നും ഓരോ പുതിയ റെസ്റ്റോറന്റും കടലിലെ ഭക്ഷണ അനുഭവത്തെക്കുറിച്ചുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണെന്നും ആര്യ അതില്‍ പുതിയ അധ്യായമാണെന്നും വിര്‍ജിന്‍ വോയേജസ് സി ഇ ഒ നിര്‍മല്‍ സാവേരിമുത്തു പറഞ്ഞു.
ഇത്രയും നൈപുണ്യത്തോടും ആത്മാര്‍ഥതയോടും ഒരുക്കുന്ന ഇന്ത്യന്‍ ഭക്ഷണം വാലിയന്റ് ലേഡിയില്‍ ഉണ്ടാകേണ്ടതായിരുന്നുവെന്നും മുമ്പ് യാത്ര ചെയ്തവര്‍ക്കത് ഉടന്‍ മനസ്സിലാകുമെന്നും ആദ്യമായി യാത്ര ചെയ്യുന്നവര്‍ക്കാകട്ടെ ആര്യ തന്നെ ക്രൂയിസ് ബുക്ക് ചെയ്യാനുള്ള കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് ലോകമൊട്ടാകെ ഇപ്പോള്‍ അര്‍ഹമായ അംഗീകാരം ലഭിക്കുന്നതായും ഷെഫ് മനീത് ചൗഹാനൊപ്പം അതിന്റെ മികച്ച അനുഭവം യാത്രക്കാര്‍ക്ക് നല്‍കാനാകുമെന്നും മസാലകളുടെ സംയോജനം തന്നെ ആളുകളെ അത്ഭുതപ്പെടുത്തുമെന്നും വിര്‍ജിന്‍ വോയേജസിലെ കുലിനറി പ്രോഗ്രാം ഡെവലപ്മെന്റിന്റെ സീനിയര്‍ ഡയറക്ടര്‍ ലെവി മെസിക്ക് പറഞ്ഞു.
ഓരോ ഡൈനിംഗ് ടേബിളിലും ഇരിക്കുന്ന യാത്രക്കാരും 'ഭക്ഷണം ഇത്രയും വ്യത്യസ്തമായ അനുഭവം നല്‍കുമെന്നു താന്‍ കരുതിയില്ല' എന്ന് തോന്നിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
