വാഷിംഗ്ടണ്‍: യൂട്ടാ സംസ്ഥാനത്ത് ഇന്ത്യന്‍ വംശജനായ മുസ്ലിം യുവാവിനെ മതം ചോദിച്ചറിഞ്ഞശേഷം 15 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പൊലീസ്. യൂട്ടായിലെ വെസ്റ്റ് വാലി സിറ്റിയിലെ വാലി ഫെയര്‍ മാളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മതവിദ്വേഷം മൂലമാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.
സുഹൈല്‍ എന്ന യുവാവ് മാളിലെ ഒരു കിയോസ്‌കില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 തവണ കുത്തേറ്റ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും അമിത രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഉടന്‍ ആശുപത്രിയിലെത്തിച്ച സുഹൈലിന്റെ നില ഗുരുതരമായിരുന്നുവെങ്കിലും ചികിത്സ തുടരുകയാണ്.
സംഭവത്തില്‍ 48-കാരനായ പീറ്റര്‍ മൈക്കല്‍ ലാര്‍സനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, അപകടകാരിയായ ആയുധം നിയമവിരുദ്ധമായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പൊലീസ് രേഖകള്‍ പ്രകാരം സുഹൈലിനെ കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയാണ് മതവിദ്വേഷം മൂലം ആക്രമിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
യൂട്ടാ ഇസ്ലാമിക് സെന്റര്‍ തലവന്‍ ഇമാം ഷുഐബ് ദീന്റെ വിവരമനുസരിച്ച്, ആക്രമണത്തിന് മുമ്പ് പ്രതി സുഹൈലിന്റെ പേര് ചോദിക്കുകയും അദ്ദേഹം ഏത് മതക്കാരനാണെന്ന് അന്വേഷിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു.
പ്രതി ആദ്യം സുഹൈലിനോട് എവിടെന്നാണെന്ന് ചോദിക്കുകയും ഇന്ത്യയില്‍ നിന്നാണെന്നും പേര് സുഹൈല്‍ എന്നാണെന്ന് മറുപടി കിട്ടുകയും ചെയ്തു. പിന്നാലെ മുസ്ലിമാണോ എന്നു ചോദിക്കുകയും അതെ എന്ന് മറുപടി പറഞ്ഞതോടെ യാതൊരു പ്രകോപനവുമില്ലാതെ കത്തി ഉപയോഗിച്ച് തുടര്‍ച്ചയായി കുത്തുകയായിരുന്നുവെന്ന് സുഹൈലിന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ ലൂണ നുനെസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സുഹൈലിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ ചെലവുകള്‍ക്കുമായി സുഹൃത്തുക്കള്‍ ഓണ്‍ലൈന്‍ ധനസമാഹരണ ക്യാമ്പയിന്‍ ആരംഭിച്ചു. സൊഹൈലിന് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലെന്നും ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം അദ്ദേഹമാണെന്നും ലൂണ നുനെസ് പറഞ്ഞു.
കോടതി രേഖകള്‍ പ്രകാരം, 2022-ല്‍ സ്വന്തം വീടിന്റെ പരിസരത്ത് തീകൊളുത്തുകയും സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലും പീറ്റര്‍ മൈക്കല്‍ ലാര്‍സന്‍ പ്രതിയായിരുന്നു. ആ കേസില്‍ തടവുശിക്ഷ അനുഭവിച്ച ഇയാള്‍ 2025 ജനുവരിയിലാണ് ജയില്‍ മോചിതനായത്. നിലവില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
