കാലിഫോര്‍ണിയയില്‍ 20,000 വോട്ടുകള്‍ തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി; അപ്പീല്‍ കോടതി ഹര്‍ജി തള്ളി

കാലിഫോര്‍ണിയയില്‍ 20,000 വോട്ടുകള്‍ തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി; അപ്പീല്‍ കോടതി ഹര്‍ജി തള്ളി


അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കെ നടപടി; വോട്ടര്‍മാരുടെ പൗരത്വം സംബന്ധിച്ച സംശയങ്ങള്‍ തെളിയിക്കാന്‍ ഭരണകൂടത്തിന് മതിയായ സമയം നല്‍കിയില്ലെന്ന് കോടതി

വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ പൗരത്വമില്ലാത്തവര്‍ വോട്ട് ചെയ്തിരിക്കാമെന്നാരോപിച്ച് കാലിഫോര്‍ണിയയിലെ 20,000 ബാലറ്റുകള്‍ മാറ്റിവെക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി. കേസ് പരിഗണിക്കാന്‍ കീഴ്‌ക്കോടതിക്ക് മതിയായ സമയം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച (ഒക്ടോബര്‍ 26) രണ്ടിനെതിരെ ഒരു ഭൂരിപക്ഷത്തില്‍ കോടതി തീരുമാനമെടുത്തത്. ഇതോടെ കേസ് വീണ്ടും ജില്ലാ ജഡ്ജിയുടെ പരിഗണനയ്ക്ക് വിട്ടു. ഈ ആഴ്ച അവസാനം വാദം കേള്‍ക്കാന്‍ ജഡ്ജി തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കെയാണ് നടപടി.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹര്‍ജി നല്‍കിയതാണ് തിരിച്ചടിക്ക് കാരണം

തിരഞ്ഞെടുപ്പ് അടുത്തെത്തിയ ശേഷമാണ് ട്രംപ് ഭരണകൂടം കോടതിയെ സമീപിച്ചതെന്നും തുടര്‍ന്ന് ജില്ലാ ജഡ്ജി ഡേവിഡ് കാര്‍ട്ടറിനോട് കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ അനുചിതമായ സമ്മര്‍ദം ചെലുത്തിയെന്നും ഭൂരിപക്ഷ വിധി നിരീക്ഷിച്ചു. പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ച ജഡ്ജി ഗബ്രിയേല്‍ സാഞ്ചസാണ് ഭൂരിപക്ഷ വിധി എഴുതിയത്. ട്രംപ് നിയമിച്ച ജഡ്ജി മാര്‍ക്ക് ബെന്നറ്റും അദ്ദേഹത്തോടൊപ്പം നിന്നു.

ഒക്ടോബര്‍ ഒന്നിന് തന്നെ ബാലറ്റുകള്‍ വിതരണം ചെയ്തുതുടങ്ങിയിരുന്നുവെന്നും എന്നാല്‍ നീതിന്യായ വകുപ്പ് ഹര്‍ജി നല്‍കാന്‍ ആഴ്ചകളോളം വൈകിയെന്നും ജഡ്ജി സാഞ്ചസ് ചൂണ്ടിക്കാട്ടി. സംശയമുള്ള വോട്ടുകള്‍ എണ്ണുന്നത് നിര്‍ത്തിവെച്ച് പൗരത്വം വീണ്ടും പരിശോധിക്കുന്നതുവരെ അവ പ്രത്യേകം സൂക്ഷിക്കണമെന്ന ഭരണകൂടത്തിന്റെ ആവശ്യം പ്രായോഗികമായി നടപ്പാക്കാന്‍ പ്രയാസമുള്ളതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ആരോപണവിധേയരായ ചിലരുടെ ബാലറ്റുകള്‍ ഇതിനകം എണ്ണിക്കഴിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ട്രംപ് നിയമിച്ച ജഡ്ജി പാട്രിക് ബുമാറ്റയ് വിയോജിപ്പ് രേഖപ്പെടുത്തി. പൗരത്വമില്ലാത്തവര്‍ വോട്ട് ചെയ്തിരിക്കാമെന്ന് സംശയിക്കുന്ന ബാലറ്റുകള്‍ എണ്ണുന്നത് തടയാന്‍ ഫെഡറല്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഭരണഘടനയിലെ പരമാധികാര വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്നും അദ്ദേഹം വാദിച്ചു. ഇത്തരം ബാലറ്റുകള്‍ സാധുവായ വോട്ടുകളുമായി കൂട്ടിക്കലര്‍ത്തുന്നത് നിയമവിരുദ്ധ വോട്ടിങ്ങിന് പ്രോത്സാഹനമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അടിയന്തര സാഹചര്യമെന്ന നിലയില്‍ അപ്പീല്‍ കോടതി ഇടപെടേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ട്രംപിന്റെ അജന്‍ഡയ്ക്ക് താല്‍ക്കാലിക തടസ്സം'

കോടതി വിധിയെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം സ്വാഗതം ചെയ്തു. ട്രംപിന്റെ അജന്‍ഡയ്ക്ക് താല്‍ക്കാലിക തടസ്സമാണ് വിധിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പങ്കാളികളാകണമെന്നും ന്യൂസം ആവശ്യപ്പെട്ടു.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും വോട്ട് ചെയ്താല്‍ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യാനാകാത്തവിധം വ്യക്തമാകുമെന്നും ട്രംപിന്റെ ആരോപണങ്ങള്‍ക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കും ജനവിധിയെ സംശയത്തിലാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ വോട്ട് ചെയ്യുകയോ വോട്ടിങ് കേന്ദ്രങ്ങളിലെത്തുകയോ ബാലറ്റ് നിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യണമെന്ന് ന്യൂസം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

പൗരത്വമില്ലാത്തവര്‍ക്ക് വോട്ട് ചെയ്യുന്നത് വിലക്കുന്ന ഫെഡറല്‍ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഫ്‌ലോറിഡയിലെ ഒരു ജില്ലാ ജഡ്ജി അടുത്തിടെ വിധിച്ചിരുന്നു. ആ വിധിക്കെതിരായ അപ്പീല്‍ നടപടികള്‍ തുടരുകയാണ്. എന്നാല്‍ മറ്റൊരു കോടതിയും ഇതുവരെ സമാനമായ നിലപാട് സ്വീകരിച്ചിട്ടില്ല.

20,000 പേരുടെ പട്ടിക തയ്യാറാക്കിയത് എങ്ങനെ?

അമേരിക്കന്‍ ഭരണകൂടം കണ്ടെത്തിയതായി പറയുന്ന 20,000 പേരുടെ പട്ടിക, ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) കഴിഞ്ഞ വേനല്‍ക്കാലത്ത് കണ്ടെത്തിയതായി അവകാശപ്പെട്ട 1.9 ലക്ഷം പേരുടെ പട്ടികയേക്കാള്‍ വളരെ ചെറുതാണ്.

കാലിഫോര്‍ണിയയിലെ വോട്ടര്‍ പട്ടികയിലെ പേരുകള്‍ മൂന്നാംകക്ഷി ഡാറ്റാബേസുകളുമായി താരതമ്യം ചെയ്ത് വ്യക്തികളുടെ വിവരങ്ങള്‍ കണ്ടെത്തുകയും പിന്നീട് സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്താണ് പട്ടിക തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട രേഖകളുള്ളവരെ കണ്ടെത്തിയ ശേഷം അവര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചതിന്റെ തെളിവുകള്‍ അധികൃതര്‍ പരിശോധിച്ചു. പൗരത്വം നേടിയതായി തെളിവ് കണ്ടെത്താനാകാത്തവരെ പൗരത്വമില്ലാത്തവരായിരിക്കാമെന്ന സംശയപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഈ പട്ടിക ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ അന്വേഷണ വിഭാഗമായ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സിന് കൈമാറി. പരിശോധനയ്ക്കുശേഷമാണ് അന്തിമ പട്ടിക കാലിഫോര്‍ണിയ അധികൃതര്‍ക്ക് നല്‍കിയത്.

എന്നാല്‍ പട്ടിക തയ്യാറാക്കിയ രീതിയില്‍ സംസ്ഥാന അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് മുമ്പ് കൈമാറിയ സമാന പട്ടികകളില്‍ അമേരിക്കന്‍ പൗരന്മാരെയും പൗരത്വമില്ലാത്തവരായി തെറ്റായി ഉള്‍പ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പിഴവുകള്‍ ഇപ്പോഴത്തെ പട്ടികയിലും തുടരാന്‍ സാധ്യതയുണ്ടെന്ന് തിങ്കളാഴ്ചത്തെ വിധിയില്‍ ജഡ്ജി സാഞ്ചസും നിരീക്ഷിച്ചു.