കൃത്രിമബുദ്ധി (എഐ) രംഗത്തെ പ്രമുഖ സ്ഥാപനമായ ആൻത്രോപിക് അമേരിക്കൻ പ്രതിരോധ വകുപ്പിനും പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്തിനുമെതിരെ കോടതിയെ സമീപിച്ചു. കമ്പനിയെ ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച് ഫെഡറൽ കരാറുകൾ റദ്ദാക്കാൻ ശ്രമിച്ചതിനെതിരെയാണ് കേസ്.
കാലിഫോർണിയയിലെ നോർതേൺ ഡിസ്ട്രിക്ട് ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. പെന്റഗണിന് വിതരണ ശൃംഖലയിൽ സുരക്ഷാ അപകടമെന്ന നിലയിൽ ആൻത്രോപിക്കിനെ ചൂണ്ടിക്കാട്ടുകയും വിവിധ സർക്കാർ ഏജൻസികൾക്ക് കമ്പനിയുമായി ഉള്ള ബന്ധങ്ങൾ അവസാനിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്ത നടപടി നിയമപരിധി ലംഘിച്ചതാണെന്ന് കമ്പനി ആരോപിച്ചു.
'രാജ്യത്തിനും സാങ്കേതിക രംഗത്തിനും നിർണായകമായ എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്വകാര്യ കമ്പനികളിൽ ഒന്നിനെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമമാണ് ഇത്,' എന്നാണ് പരാതിയിൽ ആൻത്രോപിക് ആരോപിച്ചത്. സർക്കാർ നടപടികൾ നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിക്കണമെന്നുമാണ് കമ്പനിയുടെ ആവശ്യം.
കേസിൽ പ്രതികളായി അമേരിക്കൻ പ്രതിരോധ വകുപ്പ്, പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്ത്, വിവിധ ഫെഡറൽ ഏജൻസികൾ, ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ട്രംപ് ഭരണകൂടം ആരോപണം നിഷേധിച്ചു. 'രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ സൈന്യത്തിന്റെ പ്രവർത്തനം നിർണ്ണയിക്കാൻ ഒരു 'വോക്ക്' കമ്പനിക്കും അമേരിക്കൻ പ്രസിഡന്റ് അനുവദിക്കില്ല,' എന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സിലിക്കൺ വാലിയിലും പ്രതികരണം ശക്തമായി. ഓപ്പൺഎഐയിലും ഗൂഗിളിലും പ്രവർത്തിക്കുന്ന 37 എഐ ഗവേഷകർ ആൻത്രോപിക്കിനെ പിന്തുണച്ച് കോടതിയിൽ ഹർജി സമർപ്പിച്ചു. ഗൂഗിളിന്റെ ഡീപ്‌മൈൻഡ് എഐ ലാബിന്റെ മുഖ്യ ശാസ്ത്രജ്ഞനായ ജെഫ് ഡീനും ഈ സംഘത്തിൽ ഉൾപ്പെടുന്നു.
പെന്റഗണുമായി കരാർ ചർച്ചകൾ നടക്കുമ്പോൾ ആൻത്രോപിക് ചില നിബന്ധനകൾ മുന്നോട്ടുവച്ചിരുന്നു. എഐ ഉപകരണങ്ങൾ ആഭ്യന്തര നിരീക്ഷണത്തിനോ സ്വയം പ്രവർത്തിക്കുന്ന ആയുധ സംവിധാനങ്ങൾക്കോ ഉപയോഗിക്കില്ലെന്ന ഉറപ്പ് നൽകണമെന്നാണ് കമ്പനി ആവശ്യപ്പെട്ടത്. എന്നാൽ നിയമപരമായി അനുവദിച്ചിരിക്കുന്ന എല്ലാ സാഹചര്യങ്ങളിലും എഐ ഉപയോഗിക്കാമെന്ന നിലപാടാണ് പെന്റഗൺ സ്വീകരിച്ചത്.
ഇതിന് പുറമെ ചൈനയിലേക്ക് എഐ ചിപ്പുകൾ കയറ്റുമതി ചെയ്യാൻ ട്രംപ് ഭരണകൂടം അനുവദിച്ചതിനെയും ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധമുള്ള സംഘടനകളുമായുള്ള ആൻത്രോപിക്കിന്റെ ബന്ധങ്ങളെയും ചുറ്റിപ്പറ്റിയും ഇരുവിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
ഈ നിയമ പോരാട്ടം ട്രംപ് ഭരണകൂടവും ആൻത്രോപിക്കും തമ്മിലുള്ള തർക്കം പുതിയ ഘട്ടത്തിലേക്കെത്തിച്ചിരിക്കുകയാണ്. അതേസമയം ഭരണകൂടത്തെ വിമർശിക്കുന്നവരിൽ നിന്ന് കമ്പനി പിന്തുണ നേടുകയും അതിലൂടെ ബിസിനസ് വളർച്ചയും കൈവരിക്കുന്നതായി വ്യവസായ വൃത്തങ്ങൾ വിലയിരുത്തുന്നു.
ട്രംപ് ഭരണകൂടത്തിനെതിരെ ആൻത്രോപിക് കോടതിയിൽ; എഐ കമ്പനിയെ സുരക്ഷാഭീഷണിയെന്ന് പ്രഖ്യാപിച്ചതിനെതിരെ കേസ്
