ഗണിതശാസ്ത്രത്തിലെ ഏറ്റവും വലിയ കടമ്പ മറികടന്നെന്ന് ആന്ത്രോപിക് ഗണിതശാസ്ത്രജ്ഞന്‍; റീമാന്‍ സിദ്ധാന്തത്തിന് എ.ഐയുടെ സഹായത്തോടെ തെളിവെന്ന് അവകാശവാദം

ഗണിതശാസ്ത്രത്തിലെ ഏറ്റവും വലിയ കടമ്പ മറികടന്നെന്ന് ആന്ത്രോപിക് ഗണിതശാസ്ത്രജ്ഞന്‍; റീമാന്‍ സിദ്ധാന്തത്തിന് എ.ഐയുടെ സഹായത്തോടെ തെളിവെന്ന് അവകാശവാദം


ന്യൂയോര്‍ക്ക്: ഗണിതശാസ്ത്ര ലോകം ഒന്നര നൂറ്റാണ്ടിലേറെയായി ഉത്തരം തേടുന്ന ഏറ്റവും പ്രധാനപ്പെട്ട സമസ്യകളിലൊന്നായ റീമാന്‍ സിദ്ധാന്തത്തിന് നിര്‍മിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ തെളിവ് കണ്ടെത്തിയതായി ആന്ത്രോപിക് കമ്പനിയിലെ ഗണിതശാസ്ത്രജ്ഞന്‍ ലെവന്റ് അല്‍പോഗെ. കമ്പനിയുടെ എ.ഐ സംവിധാനമായ ക്ലോഡുമായി ചേര്‍ന്നാണ് തെളിവ് തയ്യാറാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. വെള്ളിയാഴ്ച സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നാലു പേജുള്ള കുറിപ്പിലാണ് ഈ വിവരം വ്യക്തമാക്കിയത്. എന്നാല്‍ തെളിവിന്റെ വിശദീകരണമടങ്ങിയ പരമ്പരാഗത ഗവേഷണ പ്രബന്ധത്തിന് പകരം, ഗണിതശാസ്ത്രപരമായ ശരിതെറ്റുകള്‍ പരിശോധിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ കോഡാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

റീമാന്‍ സിദ്ധാന്തം ശരിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാല്‍ ഗണിതശാസ്ത്ര ചരിത്രത്തിലെ നിര്‍ണായക നേട്ടമാകും ഇത്. അഭാജ്യസംഖ്യകളുടെ (പ്രൈം നമ്പറുകള്‍) വിതരണവുമായി ബന്ധപ്പെട്ടതാണ് സിദ്ധാന്തം. ഒരു നിശ്ചിത സംഖ്യയ്ക്കു താഴെ എത്ര അഭാജ്യസംഖ്യകളുണ്ടെന്ന് കണക്കാക്കാനുള്ള സൂത്രവാക്യമാണ് ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍ ബെര്‍ണ്‍ഹാര്‍ഡ് റീമാന്‍ 1859ല്‍ മുന്നോട്ടുവച്ചത്. ഗണിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഇതുവരെ പരിഹരിക്കപ്പെടാത്തതുമായ പ്രശ്‌നങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

ക്ലോഡുമായുള്ള സഹകരണത്തെക്കുറിച്ച് അല്‍പോഗെ ആവേശത്തോടെയാണ് പ്രതികരിച്ചത്. അവസാനഘട്ടത്തില്‍ ക്ലോഡ് തന്നെക്കാള്‍ വേഗത്തില്‍ മുന്നേറിയെന്നും അതിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനത്തിനു പിന്നാലെ ഗണിതശാസ്ത്ര രംഗത്തെ പ്രമുഖര്‍ തെളിവ് പരിശോധിച്ചുവരികയാണ്. ഗണിതശാസ്ത്ര പ്രസ്താവനകളെ കമ്പ്യൂട്ടര്‍ വഴി പരിശോധിക്കാവുന്ന രൂപത്തിലാക്കുന്ന ലീന്‍ (Lean) പ്രോഗ്രാമിങ് ഭാഷയിലാണ് തെളിവിനുള്ള കോഡ് തയ്യാറാക്കിയിരിക്കുന്നത്. കോഡില്‍ പിഴവുകളില്ലെന്ന് ഉറപ്പായാല്‍ തെളിവിന്റെ യുക്തി ശരിയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കും. തെളിവ് ശരിയാകാനാണ് സാധ്യതയെന്നും 98 മുതല്‍ 99 ശതമാനം വരെ ആത്മവിശ്വാസമുണ്ടെന്നും ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗണിതശാസ്ത്രജ്ഞന്‍ ജെയിംസ് മെയ്‌നാര്‍ഡ് പ്രതികരിച്ചു. എന്നാല്‍ കമ്പ്യൂട്ടര്‍ പരിശോധന യഥാര്‍ഥത്തില്‍ ഉദ്ദേശിച്ച സിദ്ധാന്തത്തെയാണ് തെളിയിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ റോമില്‍ താമസിക്കുന്ന സ്വതന്ത്ര ഗണിതശാസ്ത്രജ്ഞന്‍ അലസ്സാന്‍ഡ്രോ മസുല്ലോയും റീമാന്‍ സിദ്ധാന്തത്തിന് മറ്റൊരു രീതിയിലുള്ള അപൂര്‍ണ തെളിവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തെളിവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ബ്രയാന്‍ കോണ്‍റാഡ് ഈ ഗവേഷണത്തിലെ ആശയങ്ങള്‍ വിശ്വസനീയമാണെന്നും വലിയ പിഴവുകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പറഞ്ഞു. അതേസമയം, അല്‍പോഗെ പൂര്‍ണമായി മനസ്സിലാക്കാത്ത തെളിവ് പ്രസിദ്ധീകരിച്ചത് അനുചിതമാണെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

റീമാന്‍ സിദ്ധാന്തത്തിനു പുറമെ ദ്രവങ്ങളുടെ ഒഴുക്കുമായി ബന്ധപ്പെട്ട നവിയര്‍-സ്‌റ്റോക്‌സ് സമസ്യയുടെ മറ്റൊരു രൂപത്തിനും അല്‍പോഗെയും ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫസര്‍ ട്രിസ്റ്റന്‍ ബക്ക്മാസ്റ്ററും ചേര്‍ന്ന് തെളിവ് കണ്ടെത്തിയതായി അവകാശപ്പെട്ടിട്ടുണ്ട്. പ്രത്യേക ബാഹ്യബലം പ്രയോഗിക്കാതെയും ദ്രവത്തിന് അനന്തമായ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വാദം.

ഗണിതശാസ്ത്രത്തിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമ്പോഴും, ഈ അവകാശവാദങ്ങളുടെ ശാസ്ത്രീയ അംഗീകാരം സ്വതന്ത്ര പരിശോധനകള്‍ക്കുശേഷം മാത്രമേ ഉറപ്പാക്കാനാകൂ.