പെൻസിൽവാനിയയിൽ അഞ്ചാംപനി മരണം; 676 കേസുകൾ

പെൻസിൽവാനിയയിൽ അഞ്ചാംപനി മരണം; 676 കേസുകൾ


പൊട്ടിപ്പുറപ്പെട്ട രോഗബാധയിൽ ആശങ്ക; മരിച്ച 40കാരി വാക്‌സീൻ സ്വീകരിച്ചിരുന്നില്ല

വാഷിങ്ടൺ:  പെൻസിൽവാനിയയിൽ അഞ്ചാംപനി (മീസിൽസ്) ബാധയെ തുടർന്നുള്ള മറ്റൊരു മരണം റിപ്പോർട്ട് ചെയ്തു. ജെഫേഴ്‌സൻ കൗണ്ടിയിൽ 40 വയസ്സുള്ള വാക്‌സീൻ സ്വീകരിച്ചിട്ടില്ലാത്ത യുവതിയാണ് ശനിയാഴ്ച രോഗബാധയെ തുടർന്നുണ്ടായ സങ്കീർണതകൾ മൂലം മരിച്ചതെന്ന് കൗണ്ടി കൊറോണർ ഗ്രെഗ് ഫർലോങ് അറിയിച്ചു.

'അഞ്ചാംപനി മൂലമുണ്ടായ സങ്കീർണതകളാണ് മരണകാരണം. മരിച്ചയാളുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ല,' ജെഫേഴ്‌സൻ കൗണ്ടി കൊറോണർ ഓഫിസ് ഫെയ്‌സ്ബുക് പോസ്റ്റിൽ അറിയിച്ചു.

അഞ്ചാംപനി ഗുരുതരവും ചിലപ്പോൾ ജീവന് ഭീഷണിയാകുന്നതുമായ രോഗമാണെന്ന ഓർമപ്പെടുത്തലാണ് ഈ മരണമെന്ന് ഫർലോങ് പറഞ്ഞു.

പെൻസിൽവാനിയയിൽ രോഗബാധ വ്യാപിക്കുന്നതിനിടെയാണ് പുതിയ മരണം. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച വരെ 676 അഞ്ചാംപനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നൂറിലേറെ പുതിയ കേസുകൾ കണ്ടെത്തി. രോഗബാധിതരിൽ 124 പേർ ആശുപത്രിയിൽ ചികിത്സ തേടി. കേസുകളിൽ ഭൂരിഭാഗവും അഞ്ചാംപനി വാക്‌സീൻ സ്വീകരിച്ചിട്ടില്ലാത്തവരാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ജെഫേഴ്‌സൻ കൗണ്ടിയിൽ റിപ്പോർട്ട് ചെയ്ത മരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പെൻസിൽവാനിയ ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് അഞ്ചാംപനി ബാധയെ തുടർന്നുണ്ടായ മരണങ്ങളുടെ കണക്കുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ അധികൃതർക്കിടയിൽ അഭിപ്രായവ്യത്യാസവും തുടരുകയാണ്. പെൻസിൽവാനിയയിൽ നേരത്തെ രണ്ട് അഞ്ചാംപനി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും യുഎസ് ആരോഗ്യമനുഷ്യ സേവന സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ ഈ കണക്കിനെ ചോദ്യം ചെയ്തിരുന്നു.

വെള്ളിയാഴ്ച അവസാനമായി പുതുക്കിയ യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കണക്കുകളിൽ 2026ലെ അഞ്ചാംപനി മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ജെഫേഴ്‌സൻ കൗണ്ടിയിലെ ഏറ്റവും പുതിയ മരണത്തെക്കുറിച്ച് പെൻസിൽവാനിയ അധികൃതർ തങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് സിഡിസി ഡയറക്ടർ ഡോ. എറിക്ക ഷ്വാർട്‌സ് പറഞ്ഞു.

അഞ്ചാംപനി വ്യാപനം നിയന്ത്രിക്കാൻ സഹായം നൽകാമെന്ന് സിഡിസി പലതവണ അറിയിച്ചിട്ടും പെൻസിൽവാനിയ അധികൃതർ ഇതുവരെ സിഡിസി എപിഎയ്ഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഷ്വാർട്‌സ് വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി എപ്പിഡമിയോളജിസ്റ്റുകൾ ഉൾപ്പെടെയുള്ള വിദഗ്ധരെ സ്ഥലത്തെത്തിക്കുന്ന സംവിധാനമാണിത്.

എന്നാൽ സിഡിസിയുമായി ആരോഗ്യവകുപ്പ് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് പെൻസിൽവാനിയ ആരോഗ്യ സെക്രട്ടറി ഡോ. ഡെബ്ര ബോഗൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സിഡിസി ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് ജീവനക്കാർ പതിവായി യോഗങ്ങൾ നടത്തുന്നുണ്ടെന്നും അവർ ഓഗസ്റ്റിൽ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.