ഷിക്കാഗോ: ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ 26കാരന്‍ ആത്മഹത്യ ചെയ്തു. ഉന്നത പഠനത്തിന് യു എസിലെത്തിയ ഇറഗാനബൊയ്‌ന ചന്ദുവാണ് ഷിക്കാഗോയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ജോലി ലഭിക്കാത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ചന്ദുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
ചന്ദു അടുത്തിടെ ഡിപോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. നിരവധി ആഴ്ചകളായി ജോലി അന്വേഷിച്ചിരുന്നെങ്കിലും അവസരം ലഭിക്കാതിരുന്നതാണ് അദ്ദേഹത്തെ ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയും ചന്ദുവിനെ മാനസികമായി ബാധിച്ചിരുന്നുവെന്ന് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. കര്‍ണൂലില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന പിതാവിന്റെ പ്രയാസങ്ങള്‍ അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും കുടുംബവൃത്തങ്ങള്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തിന് മുന്‍പ് ചില സുഹൃത്തുകള്‍ക്ക് ഇമെയിലുകളും സന്ദേശങ്ങളും ഷെഡ്യൂള്‍ ചെയ്ത് അയച്ചിരുന്നുവെന്നും അവ പൊലീസ് പരിശോധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ചന്ദുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഫണ്ട് ശേഖരണം ആരംഭിച്ചു. ഏകദേശം 1.2 ലക്ഷം ഡോളര്‍ ലക്ഷ്യമിട്ടാണ് ഫണ്ട് റൈസിംഗ്. അന്താരാഷ്ട്ര തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏകദേശം 25,000 ഡോളര്‍ ചെലവ് വരുമെന്നും അത് കുടുംബത്തിന് താങ്ങാനാകാത്തതാണെന്നും ണ്ടെ് റൈസിംഗ് പേജില്‍ വ്യക്തമാക്കുന്നു.
ഇതിനകം 76,000 ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക കുടുംബത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ആന്ധ്രാപ്രദേശ് മന്ത്രി നാറ ലോകേഷ് ഇടപെടുകയും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവിനോട് മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
ഇതിന് മറുപടിയായി, നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവരുമായി സഹകരിച്ചുകൊണ്ടിരിക്കുകയാണെന്ന് രാം മോഹന്‍ നായിഡു അറിയിച്ചു.
